Monday, March 26, 2018

വാസുപ്രദീപ് മലയാള നാടക വേദിയില്‍ ആരും നടക്കാത്ത വഴികളിലൂടെ സഞ്ചരിച്ച നാടകകൃത്താണ് വാസുപ്രദീപ്. 1960കളില്‍ നാടകത്തിന്റെ യാഥാസ്തിതിക രൂപഘടനയെ മാറ്റിപ്പണിത ഒട്ടേറെ നാടകങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചിരുന്നു. ഇങ്ങിനെ കാലത്തിന് മുമ്പേ നടന്ന അധികം നാടകകൃത്തുക്കള്‍ നമുക്കുണ്ടാവില്ല. സംഭാഷണങ്ങളില്ലാത്ത നാടകങ്ങള്‍ , സദസില്‍ നിന്ന് കഥാപാത്രങ്ങള്‍ കയറി നാടക വേദിയിലേക്ക് വരുന്ന നാടകങ്ങള്‍ , ഒറ്റയാള്‍ നാടകം, എന്നിങ്ങിനെ ഒട്ടേറെ പരീക്ഷണങ്ങള്‍. കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍ , കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്‌കരന്‍ , കോഴിക്കോട് നാരായണന്‍ നായര്‍ , ശാന്താദേവി, മാമുക്കോയ, സുധാകരന്‍ , സെലീന സിസില്‍ , ശാന്തപുതുപ്പാടി, സംവിധായകന്‍ ഹരിഹരന്‍ തുടങ്ങി ഒട്ടേറെ പേര്‍ വാസുവേട്ടന്റെ നാടകത്തിലൂടെയാണ് പ്രതിഭ തെളിയിച്ചത്. നാടകത്തെ നട്ടുവളര്‍ത്തിയ കോഴിക്കോടിന്റെ മണ്ണില്‍ നിന്ന് ഒരു കാലഘട്ടെത്തെക്കുറിച്ച് പ്രദീപേട്ടന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞിരുന്നു. വാസുപ്രദീപ് ഓര്‍മ്മയായ ഈ സമയത്ത് ആ വാക്കുകള്‍ ഞങ്ങള്‍ പുനപ്രസിദ്ധീകരിക്കുന്നു. ‘പ്രദീപ് ആര്‍ട്‌സിന്റെ അടുത്തടുത്ത മുറികള്‍ അന്ന് കേന്ദ്ര കലാസമിതിയുടെ കീഴിലായിരുന്നു. അവിടെ എസ് കെ പൊറ്റക്കാടും ഉറൂബും ബഷീറും തിക്കോടിയനുമെത്താറുണ്ടായിരുന്നു. അവിടെ സാഹിത്യത്തിന്റെയും കലയുടെയും സംഗമം നടന്നു. അവരെ കാണാനും ബന്ധപ്പെടാനുമുള്ള അവസരം എന്റെ എഴുത്തിനെ പ്രചോദിപ്പിച്ചു. അങ്ങിനെ ഒരു ദിവസം ഞാനെഴുതിയ ഒരു നാടകം ഉറൂബിന് കാണിച്ചു. അടുത്ത ദിവസം തന്നെ അദ്ദേഹം നാടകത്തിന് ‘ചിരി’ എന്ന് പേര് നല്‍കി തിരിച്ചു തന്നു. എഴുതുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചു. പിന്നീട് കെ ടി മുഹമ്മദിന്റെ ഉപദേശം ഞാന്‍ തേടി. കെ ടി പോസ്്റ്റല്‍ ജീവനക്കാരനായിരിക്കുന്ന സമയമായിരുന്നു അത്. ഞാനെഴുതിയ ‘ദാഹിക്കുന്ന സ്ത്രീ’ അദ്ദേഹത്തെ കാണിച്ചു. അദ്ദേഹം വായിച്ചു. നാടകത്തില്‍ സംഭാഷണം വളരെ കുറവാണെന്നും കാണികള്‍ കൂവുമെന്നും പറഞ്ഞു. ഞാന്‍ പിന്തിരിഞ്ഞില്ല. നാടകത്തിന്റെ റിഹേഴ്‌സല്‍ കാണാന്‍ കെ ടിയെത്തി. അദ്ദേഹം അഭിപ്രായം തിരുത്തി. നാടകം പോസ്റ്റല്‍ ജീവനക്കാര്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിക്കാന്‍ എനിക്ക് സൗകര്യം ചെയ്തു തന്നു. ഇങ്ങിനെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും പുതിയ കണ്ടെത്തലുമായിരുന്നു എന്റെ നാടക ജീവിതം. കോഴിക്കോട് അബ്ദുല്‍ഖാദറുമായി അടുത്തും അകന്നും കഴിഞ്ഞിട്ടുണ്ട്. ബന്ധങ്ങള്‍ പലപ്പോഴും ഊഷ്മളമായിരുന്നു. ഇടക്ക് ഇടര്‍ച്ചയുണ്ടാകും. രണ്ട് പേരും പരസ്പരം കൊണ്ടും കൊടുത്തും കഴിഞ്ഞു. അബ്ദുല്‍ ഖാദറിന് വേണ്ടി ഞാന്‍ പാട്ടെഴുതി, എന്റെ നാടകത്തിന് വേണ്ടി ഖാദര്‍ പാടി. എന്റെ ഓഫീസില്‍ പലപ്പോഴും അബ്ദുല്‍ഖാദര്‍ വരാറുണ്ടായിരുന്നു. മരണം വരെ അദ്ദേഹത്തിന്റെ എല്ലാ കത്തുകള്‍ക്കും ഞാനാണ് മറുപടി എഴുതി നല്‍കിയിരുന്നത്. എന്‍ വി കൃഷ്ണവാരിയരെ കണ്ടത് 1963ലായിരുന്നു. അമേരിക്കയില്‍ അദ്ദേഹം കണ്ട ഒരു നാടകത്തെക്കുറിച്ച് എന്നോട് പറഞ്ഞു. തുറന്ന് വെച്ച യവനിക, നിറഞ്ഞ സദസിനിടയില്‍ മിഠായി, ഐസ്‌ക്രീം എന്നിവ വില്‍ക്കുന്നവര്‍ . ഒരു തൂപ്പുകാരനും ഉണ്ട്. നാടകം ആരംഭിക്കുന്നുവെന്ന അറിയിപ്പ് വരുമ്പോള്‍ തൂപ്പുകാരന്‍ സ്‌റ്റേജില്‍ ജോലി തുടരുന്നു. മിഠായി വില്‍പനക്കാരന്‍ അദ്ദേഹത്തെ പരിഹസിക്കുന്നു. വഴക്കായി. പത്രക്കാരനും പഴക്കച്ചവടക്കാരനും ഇടപെടുന്നു. പ്രശ്‌നം രൂക്ഷമായപ്പോള്‍ പോലീസ് ഇടപെട്ടു. പ്രശ്‌നം ഒത്തു തീര്‍ന്നപ്പോള്‍ കര്‍ട്ടന്‍ വീണു. കൃഷ്ണവാരിയര്‍ പറഞ്ഞ നാടകം എന്റെ മനസില്‍ കൊണ്ടു. അങ്ങിനെ ‘കണ്ണാടിക്കഷ്ണങ്ങള്‍’ എന്ന നാടകമുണ്ടായി. ലളിതകലാ അക്കാദമായിുടെ മികച്ച രചനക്കുള്ള അവാര്‍ഡ് നാടകത്തിന് ലഭിച്ചു. ഹരിഹരന്‍ , കുഞ്ഞാണ്ടി, ബാലന്‍ കെ നായര്‍ , സുധാകരന്‍ , ഉമ്മര്‍ , ശാന്താദേവി, സെലീന, എന്നിവര്‍ ഈ നാടകത്തില്‍ അഭിനയിച്ചു. ‘യുക്തി’ ‘നിലവിളി’ ‘നിരപരാധികള്‍ ‘ ‘ശ്രുതി’ അ ങ്ങിനെ നിരവധി നാടകങ്ങള്‍ ഇക്കാലത്ത് പുറത്ത് വന്നു. ഖാദര്‍ക്കയുടെ ജീവിതത്തെക്കുറിച്ച് ‘മത്സരം’ എന്ന നാടകമെഴുതി. നാടകം തുടങ്ങുമ്പോള്‍ പ്രേക്ഷരില്‍ നിന്നൊാള്‍ വേദിയിലേക്ക് കയറി വരുന്നു. അപരിചിതനെ കണ്ട നടി വിളിച്ചു പറയുന്നു. ‘ വാസുവേട്ടാ ആരോ ഇതാ ഇവിടേക്ക് കയറി വന്നിരിക്കുന്നു’. ഒരു നടന്‍ മുന്നോട്ട് വന്ന് അപരിചിതനെ ചോദ്യം ചെയ്യുന്നു. താനാരാണ്?. എന്താണിവിടെ കാര്യം. അപ്പോള്‍ അപരിചിതന്‍ പ്രതികരിക്കുന്നു.’ എനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞാനൊരു ഗായകനായിരുന്നു. നാടകത്തിലും സിനിമയിലും പാടിയിട്ടുണ്ട്. ഇപ്പോള്‍ പാട്ടൊന്നുമില്ല. എനിക്ക് ജീവിക്കണ്ടേ.. ഞാന്‍ ഇവിടെയൊരു പാട്ടുപാടാം. എനിക്ക് ചില്ലറ തരണം.. അങ്ങിനെ അയാള്‍ പാട്ടു പാടുന്നു… ഇരുനാഴി മണ്ണിനായി ഉരുകുന്ന കര്‍ഷകന്‍ …. എന്ന ‘നമ്മളൊന്ന്’ എന്ന നാടകത്തിലെ പാട്ട് പാടുന്നു. പിന്നെ രക്തം ഛര്‍ദിച്ച് മരിക്കുന്നു. ഉടന്‍ ഞാന്‍ തന്നെ രംഗത്ത് വന്ന് പറയുന്നു’ സദസില്‍ ആരെങ്കിലും ഡോക്ടര്‍മാര്‍ ഉണ്ടെങ്കില്‍ ഉടന്‍ കടന്ന് വരണം’. അങ്ങിനെ ഒരു ഡോക്ടറെത്തി മരണം സ്ഥിരീകരിക്കുന്നു. ബഹളത്തിനിടയില്‍ മാറ്റിക്കിടത്തിയ മൃതദേഹം എഴുന്നേറ്റ് നിന്ന് വന്ന് പറയുന്നു. നിങ്ങള്‍ ചെലവഴിക്കുന്ന പണം എനിക്ക് തരൂ, ഞാനും കുടുംബവും ജീവിക്കട്ടെ, നാളെ ഞാന്‍ തെരുവിലിരുന്ന് പാടും, അപ്പോഴെനിക്ക് പണം തന്ന് സഹായിച്ചാല്‍ മതി. എന്ന് പറഞ്ഞ് അയാള്‍ ഇറങ്ങിപ്പോകുന്നു. ഖാദര്‍ക്കയെക്കുറിച്ച് ഞാന്‍ നാടകമെഴുതിയതിന് തിക്കോടിയന്‍ എന്നെ വഴക്ക് പറഞ്ഞു. ഫാറൂഖ് കോളജില്‍ വെച്ച് ഈ നാടകം അവതരിപ്പിച്ചപ്പോള്‍ അതിന്റെ അവസാന ഭാഗത്ത് ഖാദര്‍ക്ക പ്രത്യക്ഷപ്പെട്ട് ഇത് എന്നെക്കുറിച്ചുള്ള നാടകമാണെന്ന് പ്രേക്ഷകരോട് പറഞ്ഞ അനുഭവമുണ്ടായിരുന്നു. സുഹൃത്തുക്കളില്‍ ചിലരില്‍ നിന്ന് വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ട്. ഒരിക്കല്‍ എനിക്ക് കേന്ദ്ര സംഗീത നാടക അക്കാദമിയില്‍ നിന്ന് ഒരു പെന്‍ഷന്‍ ഫോറം അയച്ചു തന്നിരുന്നു. അതില്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ കെ ടി മുഹമ്മദ് ഒപ്പുവെക്കണം. പക്ഷെ കെ ടി എനിക്ക് ഒപ്പ് തന്നില്ല. ഒരിക്കല്‍ ശരത്ചന്ദ്ര മറാഠെ അസുഖത്തിലാണെന്ന് അറിഞ്ഞ് പെന്‍ഷന്‍ ഫോറം വാങ്ങി കെ ടിയുടെ ഒപ്പിന് വേണ്ടി പോയപ്പോഴും തന്നില്ല. പിന്നീടൊരിക്കല്‍ വി എം കുട്ടിയുടെ ശ്രമഫലമായാണ് ശരത്ചന്ദ്ര മറാഠെക്ക് പെന്‍ഷന്‍ ലഭിച്ചത്. എനിക്കിപ്പോള്‍ സംഗീത നാടക അക്കാദമി 1500 രൂപ പെന്‍ഷന്‍ നല്‍കുന്നുണ്ട്. അത് തന്നെ വലിയ കാര്യം. അഞ്ച് പതിറ്റാണ്ട് നീണ്ട നാടകാനുഭവം. ഒരു പാട് പഠിച്ചു. മുപ്പതോളം നാടകമെഴുതി, 31 ഓളം അവാര്‍ഡുകള്‍ ലഭിച്ചു. 1995ലാണ് സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചത്. ‘പ്രതീതി’യാണ് അവസാനമായി എഴുതിയ നാടകം. കോഴിക്കോടാണെന്റെ നാടക വേദിയും സദസ്സും’.

Thursday, October 22, 2015

ഒരു (ആദ്യ) ഫിലിം ഫെസ്റ്റിവല്‍ ഓര്‍മയും പസോളിനിയും

ലൈംഗികമായി പീഡിപ്പിക്കപെടുന്ന സ്ത്രീകളുടെ ദയനീയമായ മുഖം എന്നെ അസ്വസ്ഥനാക്കി. പിന്നീടു ഞാന്‍ കണ്ട മേളയില്‍ ഒന്നും ഇത്തരം
ഒരു അനുഭവം ഉണ്ടായിട്ടില്ല. ഫാസിസത്തിന്റെ ക്രൂരത ഇത്രയും ശക്തമായി മറ്റൊരു സിനിമയിലും കണ്ടിട്ടുമില്ല. പസോളിനിയുടെ അവസാന സിനിമയായിരുന്നു അത്

എസ്സേയ്‌സ് / നദീം നൗഷാദ്

ഫ്രാന്‍സിലെ ലൂമിയര്‍ സഹോദരന്മാര്‍   1895ല്‍ കണ്ടുപിടിച്ച സിനിമ എന്ന മാജിക് കല നൂറു വര്‍ഷം പിന്നിട്ടപ്പോള്‍ കേരളത്തിലെ   സിനിമ പ്രേമികള്‍ ഒരു അന്തര്‍ ദേശിയ ചലച്ചിത്രോത്സവം നടത്തണമെന്ന ആവശ്യം ഉന്നയിച്ചു .കേരള ചലച്ചിത്ര വികസന കോര്‍പറേഷന്‍ ഏറ്റെടുത്ത ചലച്ചിത്രോത്സവം മലബാറിന്റെ സിരാ കേന്ദ്രമായ കോഴിക്കോട്   ആദ്യമായി   തുടങ്ങി .
അന്ന്  ഡിഗ്രി  അവസാന വര്‍ഷ  വിദ്യാര്‍ഥിയായ ഞാന്‍ കോളേജില്‍ പോവാതെ പത്തു ദിവസത്തോളം സിനിമ കാണാനും സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ കേള്‍ക്കാനും ചിലവഴിച്ചു. സത്യജിത്ത് റായുടെ പഥേര്‍ പാഞ്ചാലി ആദ്യമായി  കണ്ടപ്പോള്‍ അത്ഭുതത്തോടെ നിന്നു. ഗ്രാമീണ ജീവിതം  സിനിമയില്‍ ഏറെ കണ്ടിട്ടുണ്ടെങ്കിലും അതിശയോക്തി ഇല്ലാതെ ആദ്യമായി അത്  കണ്ടത് പഥേര്‍  പാഞ്ചാലിയിലാണ്.
മലയാള കച്ചവട സിനിമകളും, ബോളിവുഡ് സിനിമകളും കണ്ടു തഴമ്പിച്ച കണ്ണിനും മനസ്സിനും അതൊര വേറിട്ട അനുഭവമായിരുന്നു. മേളയിലെ ഓരോ സിനിമകള്‍ കണ്ടിറങ്ങുമ്പോഴും  പുതിയ വന്‍കരകള്‍ കണ്ടെത്തിയത് പോലെ ഞാന്‍ വിസ്മയത്തോടെ നിന്നു.
Ads By Google
സാധാരണ സിനിമ കാണുമ്പോളുള്ള അനുഭവമല്ലല്ലോ ഇത്  എന്ന ചിന്ത എന്നെ അത്ഭുതപ്പെടുത്തി. തിയേറ്റരിന്റെ അകത്ത്  എയര്‍ ഫ്രെഷ്‌നെര്‍ അടിച്ചതിന്റെ  സുഗന്ധം. മന്ദമായി ഒഴുകി കൊണ്ടിരിക്കുന്ന നേര്‍ത്ത സംഗീതം .
വിവിധ  ദേശങ്ങളില്‍ നിന്ന് പല വേഷങ്ങളില്‍ എത്തിയവര്‍. ആകെയൊരു ഉത്സവത്തിന്റെ അന്തരീഷം.
ഇറ്റാലിയന്‍ സംവിധായകനായ പസോളിനിയുടെ സിനിമകള്‍ ആയിരുന്നു ആ മേളയുടെ പ്രധാന  ആകര്‍ഷണം. സോഫോക്ലീസിന്റെ പ്രശസ്തമായ ഈഡിപ്പസ്  രാജാവ് എന്ന നാടകം കണ്ടവര്‍ക്ക് പസ്സോളിനിയുടെ ഈഡിപ്പസ് റെക്‌സ്  ഒരു അത്ഭുത കാഴ്ച ആയിരുന്നു.
എന്നാല്‍ ആ മേളയില്‍ ഏറ്റവും  കൂടുതല്‍ ശ്രദ്ധിക്കപെട്ടത്  പസോളിനിയുടെ തന്നെ മറ്റൊരു സിനിമയായിരുന്നു. സാലോ ഓര്‍ 120  ഡെയ്‌സ്  ഓഫ് സോദം. മുസ്സോളനിയുടെ പതനത്തിനു ശേഷം ഫാസിസ്റ്റ്  ഉദ്യോഗസ്ഥന്മാര്‍ പതിനെട്ടു യുവാക്കളെയും യുവതികളെയും   പിടിച്ചു കൊണ്ടുവന്ന്  ഒരു ക്യാമ്പില്‍ വെച്ച് നടത്തുന്ന ക്രൂരതയാണ്  സിനിമയുടെ പ്രമേയം .
ബ്ലൂഡയമണ്ട് തിയേറ്ററില്‍ നിന്നായിരുന്നു ഞാന്‍ ആ സിനിമ കണ്ടത്. പട്ടാളക്കാരുടെ വൃത്തികേടുകളും ലൈംഗിക പീഡനങ്ങളും കണ്ടു നിരവധി  പേര്‍ തിയേറ്റര്‍ വിട്ടുപോയി.
യുവതി യുവാക്കളെ മലം തീറ്റിക്കുന്ന രംഗം കണ്ട് പ്രേക്ഷകരില്‍ ചിലര്‍ ഛര്‍ദിക്കാന്‍ പുറത്തേക്കു ഓടുന്നത് കണ്ടു. വികൃത രതികണ്ട് സഹിക്കാനാവാതെ സ്ത്രീകള്‍ എഴുന്നേറ്റു  പോയി.
തിരുവനതപുരം ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാനടക്കമുള്ള സിനിമാ ആസ്വാദകര്‍ എല്ലാ കൊല്ലവും ഒരു തീര്‍ഥാടനം പോലെ ഡിസംബറില്‍ തലസ്ഥാനത്ത്  എത്തി ച്ചേരാന്‍ തുടങ്ങി
ലൈംഗികമായി പീഡിപ്പിക്കപെടുന്ന സ്ത്രീകളുടെ ദയനീയമായ മുഖം എന്നെ അസ്വസ്ഥനാക്കി. പിന്നീടു ഞാന്‍ കണ്ട മേളയില്‍ ഒന്നും ഇത്തരം
ഒരു അനുഭവം ഉണ്ടായിട്ടില്ല. ഫാസിസത്തിന്റെ ക്രൂരത ഇത്രയും ശക്തമായി മറ്റൊരു സിനിമയിലും കണ്ടിട്ടുമില്ല.
പസോളിനിയുടെ അവസാന സിനിമയായിരുന്നു അത്. സാലോ റിലീസ് ചെയ്യുന്ന ത്തിനു മുമ്പ്  അദേഹം വധിക്കപ്പെട്ടു കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു.
സാലോംനു ശേഷം  പിന്നെ  കണ്ട പ്രധാന സിനിമ പസ്സോളനിയുടെ തന്നെ ഈഡിപ്പസ്  റക്‌സ്  ആയിരുന്നു. സ്വന്തം അമ്മയെയാണ് ഞാന്‍ അറിയാതെ വിവാഹം ചെയ്തതെന്ന സത്യം തിരിച്ച റിഞ്ഞു  ഈഡിപ്പസ് രാജാവ്  തന്റെ കണ്ണ് കുത്തി പൊട്ടിക്കുന്ന രംഗവും അമ്മയായ ജക്കൊസ്ത ആത്മഹത്യ ചെയ്യുന്ന തുമെല്ലാം  സംവിധായകന്‍ മെലോഡ്രാമയിലേക്ക് വഴുതി വീഴാതെ ചിത്രീകരിച്ചിരിക്കുന്നത്  കണ്ട്  പസോളിനിയെ മനസ്സില്‍  നമസ്‌കരിച്ചു.
പസോളിനിയുടെ മറ്റൊരു സിനിമയായ  അറേബ്യന്‍ നൈററ്‌സില്‍ ആയിരത്തൊന്നു രാവു കള്‍ വായിച്ചപ്പോള്‍ ഞാന്‍ ഭാവനയില്‍  കണ്ട അതേ അറേബ്യന്‍ തെരുവുകള്‍ സിനിമയില്‍ കണ്ടു.
ആന്ദ്രെവൈദ്യ, ഇസ്തവാന്‍ ഗാല്‍, ഷോഹെ ഇമാമുറ  എന്നിങ്ങനെ ലോക സിനിമയിലെ മഹാരഥന്മാരുടെ സിനിമകള്‍ എല്ലാം  തന്നെ ആ മേളയില്‍ കാണാന്‍ അവസരം കിട്ടി.
തിരുവനതപുരം ഫിലിം ഫെസ്റ്റിവലിന്റെ സ്ഥിരം വേദിയായി പ്രഖ്യാപിച്ചപ്പോള്‍ ഞാനടക്കമുള്ള സിനിമാ ആസ്വാദകര്‍ എല്ലാ കൊല്ലവും ഒരു തീര്‍ഥാടനം പോലെ ഡിസംബറില്‍ തലസ്ഥാനത്ത്  എത്തി ച്ചേരാന്‍ തുടങ്ങി.
പുതിയ സിനിമകളുടെ  ഡീ.വി.ഡീയുടെ വരവും ഇന്റര്‍നെറ്റിലെ ടോറന്റില്‍ സിനിമയുടെ ലഭ്യതയും  ഉള്ളപ്പോള്‍ പിന്നെ എന്തിനു കഷ്ടപ്പെട്ട്  പോകണം എന്ന ചിന്ത ചിലപ്പോഴെങ്കിലും ഉണ്ടാകാറുണ്ട്. എന്നാല്‍  ഫിലിം ഉത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കിട്ടുന്ന സുഖം വീട്ടിലിരുന്നു ഡി.വി .ഡി കാണുമ്പോള്‍ ഇല്ല എന്ന് തിരിച്ചറിയുമ്പോള്‍ പോവാന്‍ കഴിയാത്ത സമയത്ത് പോലും മനസ്സ് സിനിമ കാണുന്ന ആ പതിനായിരം പ്രേക്ഷകരുടെ കൂടെ ആയിരിക്കും.

സുബൈദ : ആദ്യ ശബ്ദ ചിത്രത്തിലെ നായിക

ബോളിവുഡിനു സമ്പന്നമായ ഒരു ഭൂതകാലം ഉണ്ട്. ദാദ സാഹബ് ഫാല്‍കെയില്‍ നിന്ന് തുടങ്ങി ഒട്ടേറെ താരങ്ങളിലൂടെയും സംവിധയകരിലൂടെയും വളര്‍ന്ന് ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ബോളിവുഡിനെ രൂപപെടുത്തിയ ആ ഭൂതകാലം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ഒരുകാലത്ത് നക്ഷത്ര ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയും പിന്നീടു വിസ്മൃതിയില്‍ ആവുകയും ചെയ്ത വരെ കുറിച്ചുള്ള ഒരു പരമ്പരയാണിത്
1913 ല്‍ ദാദ സാഹബ് ഫാല്‍ക്കെ ‘രാജാ ഹരിശ്ച്ചന്ത്ര’ എന്ന തന്റെ ആദ്യചിത്രമെടുക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല സിനിമ ഇത്ര വേഗത്തില്‍ മാറിപ്പോവുമെന്ന്. ആദ്യ സിനിമ പുറത്തുവന്നു പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിശബ്ദ സിനിമകള്‍ ശബ്ദ സിനിമയ്ക്കു വഴിമാറിയപ്പോള്‍ പ്രേഷകന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ നിറവും ഭാവവും കൈവന്നു. ആദ്യത്തെ ശബ്ദ ചിത്രമായആലം ആറ (1930 ) വന്‍ വിജയമായി. പാട്ടും നൃത്തവും സിനിമയുടെ അവിഭാജ്യ ഘടകമായത്  അന്ന് മുതലാണ്
അര്‍ദെ ശര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആറ എല്ലാം കൊണ്ടും വത്യസ്ഥമായ ഒരു ചിത്രമായിരുന്നു. ബോംബയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ചിത്രം. പ്രേഷകനെ ആകര്‍ഷിച്ച കഥ എന്നതായിരുന്നു അതിന്റെ പ്രത്യേകത. വെള്ളിത്തിരയില്‍ ആദ്യമായി ശബ്ദം വന്നപ്പോള്‍ പ്രേഷകര്‍ അനുഭവിച്ച ആനന്ദവും അത്ഭുതവും ആലം ആറയെ ഏറ്റവും വലിയ വിജയമാക്കി. സുബൈദ ദെന്‍രാജ് ഗില്‍ ആദ്യ ശബ്ദ ചിത്രത്തിലെ നായികയായി.
സ്ത്രീകള്‍ അഭിനയ രംഗത്ത് വരാന്‍ വിമുഖത കാണിച്ച കാലത്ത് ആയിരുന്നു സുബൈദയുടെ ആരങ്ങേറ്റം എന്നത് സിനിമ ചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ ഒരു സംഭവമാണ്. ഗുജറാത്തിലെ സൂറത്തില്‍ 1911 ല്‍ ആണ് സുബൈദ ബീഗം ജനിച്ചത്. അനുകൂലമായ കുടുംബാന്തരീക്ഷവും അമ്മ ഫാത്തിമ ബീഗത്തിന്റെ പിന്തുണയും സുബൈദ എന്ന നടിക്ക് വളരാന്‍ സാഹചര്യം ഒരുക്കി.
മുപ്പതോളം നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞാണ് സുബൈദ ആലം ആറയില്‍ പ്രിത്വി രാജ്കപൂരിന്റെ നായിക ആവുന്നത്. കുറച്ചു നിശബ്ദ ചിത്രങ്ങളില്‍ അഭിനയിച്ച അമ്മ ഫാത്തിമ ബീഗം പിന്നീടു ഒരു സിനിമ സംവിധാനം ചെയ്തു. ഇന്ത്യയിലെ ആദ്യത്തെ വനിതാ സംവിധായക എന്ന സ്ഥാനമായിരുന്നു സിനിമ ചരിത്രത്തില്‍ ഫാത്തിമ ബീഗത്തിന്.
നല്ല കുടുംബത്തില്‍ പിറന്ന സ്ത്രീകള്‍ സിനിമയില്‍ അഭിനയിക്കുക മോശമാണ് എന്ന സങ്കല്പത്തെ തകര്‍ത്തെറിഞ്ഞ ആദ്യത്തെ നടി കൂടിയാണ് ഹൈദ്രാബാദിലെ നവാബ് സച്ചിന്റെ പേരകുട്ടിയായ സുബൈദ. സുബൈദയുടെ ആദ്യ ഹിറ്റ് ചിത്രമായ വീര്‍ അഭിമന്യുവില്‍ ഫാത്തിമ ബീഗവും ഒരു പ്രധാന റോള്‍ ചെയ്തിരുന്നു .ഫാത്തിമ ബീഗം സംവിധാനം ചെയ്ത ബാബുല്‍ ഇ പരിവാര്‍ എന്ന ചിത്രത്തിലും സുബൈദ അഭിനയിച്ചിരുന്നു .
ആലം ആറ യുടെ വന്‍ വിജയം സുബൈദക്കു സൂപ്പര്‍ താര പദവി നേടികൊടുത്തു. മേരിജാന്‍, വീര്‍ അഭിമന്യു എന്നീ ചിത്രങ്ങളിലൂടെ വെള്ളിത്തിരയില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അവര്‍ക്ക് സാധിച്ചു. 1949 ല്‍ പുറത്തുവന്ന നിര്‍ ധോഷ് ആണ് സുബൈദയുടെ അവസാന ചിത്രം. ഒട്ടേറെ വിവാദങ്ങളും നിഗൂഢതയും സുബൈദയുടെ ജീവിതത്തില്‍ ഉടനീളം ഉണ്ടായിരുന്നു. 1949 ല്‍ അവര്‍ ഹൈദ്രാബാദിലെ രാജകുമാരന്‍ ധനരാജ് ഗില്‍ ഗ്യാന്‍ ബഹദൂറിനെ വിവാഹം കഴിക്കുകയും ഹിന്ദു മതത്തിലേക്ക് മാറുകയും ചെയ്തു.1988 സുബൈദ ഈ ലോകത്തുനിന്ന് യാത്രയായി.
ദീര്‍ഘകാലം വിസ്മൃിതിയിലായ സുബൈദ എന്ന നടിയെ സമീപ കാലത്ത് വീണ്ടും ഓര്‍മയിലേക്ക് കൊണ്ടുവന്നത് പ്രശസ്ത സംവിധായകനായ ശ്യാം ബെനെഗല്‍ ആണ്. അദ്ദേഹം സംവിധാനം ചെയ്ത സുബൈദ (1995 ) എന്ന സിനിമ അവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ത്തി. സ്വതന്ത്രമായ മൂന്നു സ്ത്രീകള്‍ ജീവിതത്തെ ധീരമായി നേരിടുന്നതിനെ കുറിച്ചുള്ള മൂന്നു സിനിമകള്‍ ബെനെഗല്‍ സംവിധാനം ചെയ്തിരുന്നു. അതില്‍ അവസാനതേതാണ് സുബൈദ. മാമ്മോ, സര്‍ദാരി ബീഗം എന്നിവയായിരുന്നു മറ്റു രണ്ടു ചിത്രങ്ങള്‍. സുബൈദയുടെ മകനും പ്രശസ്ത സംവിധായകനുമായ ഖാലിദ് മെഹമൂദ് ആണ് സിനിമയുടെ തിരക്കഥയെഴുതിയത്.
മുത്തശിയുടെ കൂടെ താമസിക്കുന്ന റിയാസ് (രജിത് കപൂര്‍ ) എന്ന കുട്ടി തന്റെ അമ്മയായ പ്രശസ്ത നടി സുബൈദയെ (കരിഷ്മ കപൂര്‍ ) അന്നേഷിച്ചു പോകുന്നതാണ് സിനിമയുടെ പ്രമേയം. സുബൈദയുടെ പിതാവ് സുലൈമാന്‍ സേത്(അമ്രിഷ് പുരി ) ഒരു അറിയപെടുന്ന സംവിധായകനായിരുന്നു. അദ്ദേഹം അറിയാതെ സുബൈദ ചില സിനിമകളില്‍ അഭിനയിച്ചു. പിതാവ് അത് കണ്ടു പിടിക്കുകയും അഭിനയിക്കുന്നത് വിലക്കുകയും മെഹബൂബ് ആലം എന്ന ആളുമായി കല്യാണം ഉറപ്പിക്കുകയും ചെയ്തു.
വിവാഹത്തിന്നു ശേഷം ഒരു കുഞ്ഞു പിറന്നപ്പോള്‍ മെഹബൂബ് സുബൈദയെ ഉപേഷിച്ചു. ഭാര്യയെ കുറിച്ചുണ്ടായ ചില സംശയങ്ങളാണ് ഇതിനു കാരണമായി പറഞ്ഞത്.
ഇതിനു ശേഷം സുബൈദ ഫതഹ്പൂരിലെ വിജയേന്ദ്ര സിംഗ് മഹാരാജാവുമായി അടുത്തു. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ അദ്ദേഹം സുബൈദയെ വിവാഹം കഴിച്ചു. സുബൈദ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തു .
ശ്യാം ബെനഗല്‍ സുബൈദയുടെ കഥ അതെ പോലെ പകര്‍ത്തി വെക്കുകയല്ല ചെയ്തത്. ചില കൂട്ടിച്ചര്‍ക്കലുകളും ചില ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട് .ഒരു നടി ജീവിതത്തെ എങ്ങനെ നെരിട്ടു എന്ന് പറയുക മാത്രമാണ് ബെനെഗല്‍ ചെയ്തത്. ഒരു ചരിത്ര കാരനേകാള്‍ ഒരു നോവലിസ്റ്റിന്റെ ഭാവനയാണ് അദ്ദേഹം കൂടുതല്‍ ഈ ചിത്രത്തില്‍ ഉപയോഗപെടുത്തിയത് 

Wednesday, September 16, 2015

ശാന്താ ദേവി: നാടകവും ജീവിതവും

കലയുടെയും കലാകാരന്‍മാരുടെയും പൂന്തോപ്പായിരുന്നു അന്ന് കോഴിക്കോട്. ആ പൂന്തോപ്പിലെ അവസാനത്തെ പുഷ്പവും കൊഴിഞ്ഞ് തീരുകയാണ്. കോഴിക്കോട്ടെ വലിയ കലാകാരി ശാന്താദേവി അന്തരിച്ചു. ചെറിയ ചാറ്റല്‍ മഴയത്ത് കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും അവരുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് നല്ലളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രം. പിന്നെ നിലമ്പൂര്‍ ആയിശയെത്തി പ്രിയപ്പെട്ട ശാന്തേച്ചിയെ ഏറെ നേരം നോക്കി നിന്നു…
മരണത്തിന് മുമ്പ് അവസാനമായി അവര്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരുന്നു…
തയ്യാറാക്കിയത് /നദീം നൗഷാദ്
കോഴിക്കോട് പൊറ്റമ്മലിലെ തോട്ടത്തില്‍ തറവാട്ടിലായിരുന്നു ഞാന്‍ ജനിച്ചത്. പത്ത് മക്കളില്‍ ഏഴാമത്തെ കുട്ടിയായിരുന്നു. പുതിയറയിലെ സാധാരണ സ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വാര്‍ഷികത്തില്‍ നൃത്തത്തിനും പാട്ടിനുമൊക്കെ പങ്കെടുത്തിരുന്നു. എന്നാല്‍ അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എനിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്നു. അക്കാരണം കൊണ്ട് എട്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആ കാലത്ത് അങ്ങിനെയായിരുന്നു പെണ്‍കുട്ടികളെ പ്രായമായാല്‍ പഠിക്കാന്‍ പറഞ്ഞയച്ചിരുന്നില്ല.
പതിനെട്ടാം വയസില്‍ എന്റെ കല്യാണം നടന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അമ്മയുടെ അമ്മാമന്റെ മകന്‍ ബാലകൃഷ്ണമേനോനായിരുന്നു വരന്‍ . നാഗപട്ടണത്ത് റെയില്‍വെ ഗാര്‍ഡായിരുന്നു. വിവാഹത്തിന് ശേഷം ഞങ്ങള്‍ പല സ്ഥലത്തും താമസിച്ചു. മൂത്ത മകന്‍ സുരേഷ്ബാബുവിനെ പ്രസവിച്ച ഏഴ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. കാരണം എന്താണെന്ന് അറിയില്ല. എന്റെ ജീവിതം പ്രതിസന്ധിയിലായി. ജ്യേഷ്ഠന്‍മാരുടെ കൂടെ അവര്‍ക്കൊരു ഭാരമായി ജീവിക്കേണ്ടി വന്നു. അച്ഛന്‍ മരിച്ചപ്പോള്‍ തറവാട് സ്വത്തു വിറ്റു. ഭര്‍ത്താവ് ഉപേക്ഷിച്ച് ഒരു കുട്ടിയുമായി വീട്ടില്‍ വന്നു നില്‍ക്കുന്ന ഞാന്‍ ഒരധിക പറ്റായി സഹോദരന്‍മാര്‍ക്ക് അനുഭവപ്പെടുന്നതായി തോന്നി. നാത്തൂന്‍മാരുടെ കറുത്ത മുഖങ്ങള്‍ എന്നെ വേദനിപ്പിച്ചു. ഒരു മകനുള്ളത് കൊണ്ട് ആത്മഹത്യ ചെയ്യാനും തോന്നിയില്ല.

എന്റെ സ്ഥിതി അറിഞ്ഞ് ഒരു ദിവസം കോഴിക്കോട് അബ്ദുല്‍ഖാദര്‍ വന്നു. അദ്ദേഹം മുമ്പ് എന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്. അന്ന് മുതലുള്ള ബന്ധമാണ്. ഞങ്ങള്‍ ഒരേ വീട് പോലെയായിരുന്നു കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്റെ അവസ്ഥയില്‍ ദുഖമുണ്ടായിരുന്നു. ആദ്യ വരവ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വന്നു. വാസുപ്രദീപും നെല്ലിക്കോട് ഭാസ്‌കരന്‍ എന്നിവരുമുണ്ടായിരുന്നു. എന്നെ വാസുപ്രദീപിന്റെ ‘സ്മാരകം’ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കാനായിരുന്നു അവര്‍ വന്നത്. അന്ന് നാടകത്തിന്റെ സജീവ കാലമായിരുന്നു. നാടകം കല മാത്രമായിരുന്നില്ല ഉപജീവനം കൂടിയായിരുന്നു. അന്ന് നാടകത്തില്‍ അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ല. അവര്‍ വന്ന കാര്യം പറഞ്ഞു. നാടകത്തില്‍ അഭിനയിക്കാന്‍ ഞാന്‍ പോകണം. ഞാന്‍ ധര്‍മ്മ സങ്കടത്തിലായി. ഞാന്‍ മാറിത്താമസിച്ച സമയമായിരുന്നു അത്. അത് തന്നെ ജ്യേഷ്ഠന്‍മാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇനി നാടകത്തില്‍ കൂടി അഭിനയിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ എന്ത് പറയും എന്ന് ഓര്‍ത്ത് എനിക്ക് പേടി വന്നു. ഒടുവില്‍ ഞാന്‍ അഭിനയിക്കാന് തീരുമാനിച്ചു. അത് ജീവിതത്തിലെ ഒരു തുടക്കമായിരുന്നു, എന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടെ നിന്നാണ്.
അങ്ങിനെ റിഹേഴ്‌സല്‍ തുടങ്ങി. ‘സ്മാരക’ത്തില്‍ ആമിനയെന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അത് 1954ല്‍ ആയിരുന്നു അത്. ആദ്യ നാടകത്തിന് 20 രൂപ പ്രതിഫലം കിട്ടി. എന്റെ ജ്യേഷ്ടന്‍മാര്‍ പ്രശ്‌നമൊന്നുമുണ്ടായിക്കിയില്ല. ഒരു പക്ഷെ എനിക്കൊരു വരുമാനം കിട്ടുന്നതില്‍ അവര്‍ സന്തോഷിച്ചിരിക്കാം. ക്രമേണ കൂടുതല്‍ നാടകങ്ങള്‍ കിട്ടിത്തുടങ്ങി. ജീവിത ചിലവുകള്‍ ബുദ്ധിമുട്ടില്ലാതെ നടന്നു. എന്റെ ഭാഗ്യം കൊണ്ട് അഭിനയിക്കുന്ന നാടകങ്ങളൊക്കെ വിജയിച്ചു. വാസുപ്രദീപിന്റെ ‘കടലാസു പൂക്കള്‍ , തൂക്കമൊക്കാത്ത തലമുറകള്‍ ‘ എന്ന നാടകങ്ങളിലും ഞാന്‍ അഭിനയിച്ചു.
കെ ടിയുടെ നാടക സംഘത്തില്‍ ഞാന്‍ ഇന്ത്യയില്‍ ഉടനീളം നാടകം അഭിനയിക്കാന്‍ പോയിട്ടുണ്ട്. ആ സംഘത്തില്‍ ബാബുരാജും കോഴിക്കോട് അബ്ദുല്‍ഖാദറും ഉണ്ടായിരുന്നു. ഞാന്‍ അബ്ദുല്‍ഖാദറിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. നാടകമില്ലാത്ത സമയത്ത് അദ്ദേഹം എനിക്ക് സാമ്പത്തിക സഹായം തന്നിരുന്നു. എനിക്ക് അദ്ദേഹത്തില്‍ സത്യജിത്ത് എന്ന മകനുണ്ടായി. അവന്‍ ഗായകനും നടനുമായിരുന്നു. അസുരവിത്ത്, കുട്ട്യേടത്തി, എന്നീ സിനിമകളില്‍ അഭിനയിച്ചു. മൂന്ന് വര്‍ഷം മുമ്പ് അവന്‍ എന്നെ വിട്ട് പോയി. പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ വെച്ചായിരുന്നു അന്ത്യം. ഞാന്‍ അബ്ദുള്‍ അബ്ദുള്‍ഖാദറിന്റെ കൂടെ താമസിച്ചിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അവര്‍ നല്ലൊരു സ്ത്രീയായിരുന്നു. നജ്മല്‍ബാബുവിനെ പോലെ അവര്‍ക്ക് സത്യജിത്തിനോടും സ്‌നേഹമായിരുന്നു.
അവസാന നാളുകളില്‍ അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. കോഴിക്കോട് കാലിക്കറ്റ് നഴ്‌സിംങ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഹാര്‍ട്ട് അറ്റാക്ക്. എന്നെ നാടകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ വലിയ മനുഷ്യന്‍ പോയി. ഇനി നാടകത്തിലേക്കില്ലെന്ന് ഞാന്‍ തീരുമാനിച്ച നാളുകളായിരുന്നു അത്. പക്ഷെ മാവൂരിലെ സഖാവ് വിദ്യാധരന്‍ എന്റെ മനസു മാറ്റി. നിങ്ങള്‍ നാടകം ഉപേക്ഷിച്ചാല്‍ നിങ്ങളെ ആ രംഗത്തേക്ക് കൊണ്ടുവന്ന ആളുടെ ആത്മാവ് പൊറുക്കില്ലെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ചതിന്റെ അഞ്ചാം ദിവസം എനിക്ക് നാടകത്തിലേക്ക് ഇറങ്ങേണ്ടി വന്നു. കലാരംഗത്തെ വലിയൊരു വേദനയായി ഇന്നും ആ സംഭവം എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഇങ്ങനെ അനേകം വേദനകളും സന്തോഷങ്ങളുമെല്ലാം ഈ കല എനിക്ക് തന്നു.
ഇപ്പോഴും അഭിനയിക്കുമ്പോള്‍ ഞാന്‍ അബ്ദുല്‍ഖാദറിനെ ഓര്‍ക്കും എന്റെ കലയുടെ ദൈവമാണ് അദ്ദേഹം. ആ ശക്തിയാണ് എന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.
 0 
  0  0  0  

Sunday, November 17, 2013

ഹൈക്കുകള്‍


ഒറ്റപ്പെട്ട  നാട്ടിടവഴി
കൂട്ട്  കരിയിലകളും
നിഴലുകളും 


പുഴയെ നോക്കിയിരിക്കുമ്പോള്‍
എന്നെ വന്ന് മൂടുന്ന കാറ്റ് .
ഇരുട്ടിന്റെ മന്ദ സഞ്ചാരം

നിഴല്‍ വീണ വഴികളില്‍
ചോണനുറുബുകള്‍
കൊഴിയുന്ന മഞ്ഞ ഇലകളില്‍
അവസാന ചുംബനം നടത്തുന്ന സൂര്യന്‍

Friday, August 03, 2012


കോര്‍യഖാറിലെ പ്രേതം
ആര്‍ വി സ്മിത്ത്
വിവര്‍ത്തനം: നദീം നൗഷാദ്
ചളിനിറഞ്ഞ, വിജനമായ ആ വഴിയില്‍ കുറുക്കന്റെ ഓരിയിടല്‍ അല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നില്ല. നക്ഷത്രങ്ങള്‍ നിശ്ശബ്ദ കാവല്‍ക്കാരെപ്പോലെ ആകാശത്തിന്റെ വാതിലിനു മുമ്പില്‍ നില്‍ക്കുന്നു. താഴെ മഞ്ഞ് നിറഞ്ഞ രാത്രി എല്ലാറ്റിനേയും മൂടിയിരിക്കുന്നു. ഈ സമയത്ത് ആഗ്രയില്‍നിന്ന് കുറച്ച് മൈലുകള്‍ മാത്രം അകലെയുള്ള കോര്‍യഖാറിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി. തനിച്ചാണെന്ന ബോധം എന്നെ ഭയപ്പെടുത്തി. എന്റെ സൈക്കിളിന്റെ ടയറില്‍ തുള വീണിരുന്നു. ഗ്രാമത്തില്‍ നിന്ന് ആരുടെയെങ്കിലും സഹായം ചോദിക്കാമെന്ന് വെച്ചാല്‍ അത് അപകടം ക്ഷണിച്ച് വരുത്തുകയായിരിക്കും. അവിടം കൊള്ളക്കാരുടെ പിടിയിലായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ചെവിക്ക് ചുറ്റും മഫ്‌ളര്‍ മുറുക്കി, കൈയിലെ തോക്ക് മുറുകെ പിടിച്ച്, ധൈര്യം സംഭരിച്ച് മുന്നോട്ട് നടന്നു.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ എന്റെ കാലില്‍, എന്തോ പകുതി ഭക്ഷിച്ച നിലയില്‍ ഒരു കുട്ടിയുടെ മൃതശരീരം തടഞ്ഞു. അത് കുറഞ്ഞ ആഴത്തില്‍ മാത്രമായിരിക്കാം കുഴിച്ചു മൂടിയിരുന്നത്. അവിടെ കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നില്ല. അതുകൊണ്ട് ശവശരീരം കുറുക്കന്മാര്‍ മാന്തി പുറത്തിട്ടതായിരിക്കാം. ഞാന്‍ കൂടുതല്‍ ശ്രദ്ധയോടെ നടന്നു. വീണ്ടും ഒരു തലയോട്ടിയില്‍ കാല്‍തട്ടി വീഴാന്‍ ഒരുങ്ങി. അത് നിലാവെളിച്ചത്തില്‍ എന്നെ തുറിച്ചുനോക്കി. തലയോട്ടിയുടെ ആ ഒഴിഞ്ഞ തുളകളില്‍ ഒരിക്കല്‍ ഗ്രാമീണ സുന്ദരിയായിരുന്ന ഒരു യുവതിയുടെ ചിരിക്കുന്ന കണ്ണുകളായിരിക്കാം. ഈ ലോകത്തിന്റെ വഴികള്‍ വിചിത്രമാണ്. ആ ചിന്ത എന്നെ അടിമുടി വിറപ്പിച്ചു.
ആ ശ്മശാനത്തില്‍ ഇരുഭാഗത്തും ഭയാനകമായ കാഴ്ചകള്‍ എന്നെ കാത്തിരുന്നു. നാല്‍പത്  വര്‍ഷങ്ങള്‍ക്ക് മുമ്പ് വസൂരി ബാധിച്ച് മരിച്ച ഗ്രാമീണരുടെ ശവശരീരങ്ങള്‍ അവിടെയായിരുന്നു സംസ്‌കരിച്ചിരുന്നത്. ഈയിടെയാണ് ആ സ്ഥലം വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് ഞാന്‍ മനസ്സിലാക്കി.
ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങി. രാത്രി കൂടുതല്‍ ഭയാനകമായി തോന്നി. നടന്നുനടന്ന് എന്റെ കാലുകള്‍ ക്ഷീണിച്ചു. എന്റെ ഹൃദയമിടിപ്പ് ഒരു ഘടികാരം പോലെ നീങ്ങാന്‍ തുടങ്ങി. ഞാന്‍ എന്റെ സൈക്കിളിനെ തൊട്ടടുത്തുള്ള ഒരു മരത്തിന്റെ സമീപത്തേക്ക് തള്ളിനീക്കി അതില്‍ ഇരുന്നു. ഞാന്‍ ഒരു നായയെപ്പോലെ ക്ഷീണിച്ചിരുന്നു. പേടിയും വിശപ്പും എന്നെ പിടികൂടി എത്രയും വേഗം വീട്ടിലെത്തി അമ്മ ഉണ്ടാക്കിയ അത്താഴം കഴിക്കാനും ഉറങ്ങാനും ഞാന്‍ ആഗ്രഹിച്ചു. 
'അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും, പാവം!' ഞാന്‍ ചിന്തിച്ചു.
കാട്ടില്‍ ഇത് എന്റെ ആദ്യത്തെ രാത്രിയായിരുന്നു.
ഞാന്‍ വാട്ടര്‍ബോട്ടിലില്‍നിന്ന് കുറച്ച് വെള്ളം എടുത്ത് കുടിച്ചു. കീശയില്‍ അവശേഷിക്കുന്ന ബിസ്‌കറ്റ് ആര്‍ത്തിയോടെ എടുത്ത് തിന്നു. ക്രമേണ എന്റെ മനസ്സ് ശാന്തമായി. ശ്വാസം പൂര്‍വസ്ഥിതിയിലായി. സൈക്കിള്‍ കാരിയറില്‍നിന്ന് കരിമ്പടം എടുത്ത്, തോക്ക് എന്റെ തലക്കടിയില്‍വെച്ച് തറയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉടന്‍ തന്നെ എന്തോ ഓര്‍ത്തുകൊണ്ട് എഴുന്നേറ്റു. വൈകീട്ട് വെടിവെച്ച കാട്ടുപന്നിയുടെ ശവശരീരം സൈക്കിളിന്റെ പിന്നില്‍ തൂക്കിയിട്ടിരുന്നു. അത് അവിടെ തന്നെ വെച്ചാല്‍ കുറുക്കന്മാര്‍ തിന്നും. അതുകൊണ്ട് ഞാന്‍ അതെടുത്ത് മരത്തിന്റെ മുകളില്‍ തൂക്കിയിട്ടു. വീണ്ടും ഉറങ്ങാന്‍ കിടന്നു.
എന്തോ ശബ്ദംകേട്ട് ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ പാതിരയായിക്കാണും. ആരോ എന്റെ തലയുടെ അടിഭാഗത്ത് നിന്നും തോക്ക് പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. സ്വപ്നം കാണുകയാണെന്നാണ് ആദ്യം ഞാന്‍ കരുതിയത്. പിന്നീട് കൊള്ളക്കാര്‍ ആരെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചു. ഞാന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു. ഒരു കൈകൊണ്ട് തോക്ക് എടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി. നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ പകുതി പന്നിയും പകുതി മനുഷ്യനുമായുള്ള ആ ഭീകരരൂപം എന്നെ നോക്കി പല്ലിളിച്ചു. എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തും വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി. എന്റെ കാലുകള്‍ വിറച്ചു. ഒരു വിചിത്രമായ മരവിപ്പ് എന്നിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങി. അതിന്റെ ചിരി ഭയാനകമായിരുന്നു. അതിന്റെ മൂക്ക് പോലുള്ള ഭാഗത്തുനിന്നും പുറത്തുവന്ന നീലജ്വാല എന്റെ ശരീരം പൊള്ളിച്ചു. ഞാന്‍ കണ്ണുകള്‍ അടച്ചു. ആ ഭീകരരൂപം ഒരു ദുസ്വപ്നം പോലെ അപ്രത്യക്ഷമാവുമെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ നേരേ മറിച്ച് അത് കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. ആ നീലവെളിച്ചം കൂടുതല്‍ തീക്ഷ്ണമായിക്കൊണ്ടിരുന്നു. ആ വെളിച്ചത്തില്‍ കഴുത്തില്‍നിന്ന് വേര്‍പെട്ട നിലയിലുള്ള അതിന്റെ ഹൃദയവും കരളും ഞാന്‍ ശ്രദ്ധിച്ചു. അതേസമയം വലിയ ചോരത്തുള്ളികള്‍ മണല്‍ ഘടികാരത്തിലെ മണല്‍പോലെ തുരുതുരാ വീഴാന്‍ തുടങ്ങി. 
ഞാന്‍ മുന്നോട്ടു പോകാന്‍ ഒരു ശ്രമം നടത്തി. പക്ഷേ ആ രൂപം എന്റെ തോക്കില്‍ പിടിമുറുക്കിയിരുന്നു. ഞാന്‍ തോക്ക് എനിക്ക് കഴിയുന്നത്ര വിധത്തില്‍ ശക്തിയായി വലിക്കാന്‍ തുടങ്ങി. എന്നാല്‍ അത് എന്റെ പിടിയില്‍നിന്ന് വേര്‍പെട്ട് പോവുന്നതുപോലെ തോന്നി. തോക്ക് എന്റെ ബന്ധുവിന്റേതാണ് എന്ന സത്യം എന്നെ ഉണര്‍ത്തി. ആര്‍മി ഓഫീസറായ അവന്‍ കുടുംബവുമൊത്ത് കുറച്ച് ദിവസം നാട്ടില്‍ ചിലവഴിക്കാന്‍ വന്നതായിരുന്നു. ആ ബോധം എനിക്ക് പുതിയ ശക്തി തന്നു. ഞാന്‍ തോക്കില്‍ എന്റെ ശക്തി മുഴുവന്‍ എടുത്ത് വലിക്കാന്‍ തുടങ്ങി. അവസാനത്തെ കച്ചിത്തുരുമ്പില്‍ പിടിവിടാതെ നില്‍ക്കുന്ന ഒരാളെപ്പോലെ. ആ തോക്ക് നഷ്ടപ്പെട്ടാല്‍ എന്റെ ബന്ധുവിന്റെ ജോലിയും നഷ്ടപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. കൂടാതെ എന്റെ കയ്യിലുള്ള തോക്കിനെ ആശ്രയിച്ചാണ് എന്റെ ജീവിതവും നിലനില്‍ക്കുന്നതെന്ന ബോധവും എനിക്കുണ്ടായി. അതുകൊണ്ട് ഞാന്‍ കഠിനമായി പോരാടി. പക്ഷേ അതെല്ലാം നിഷ്ഫലമായിരുന്നു. തോക്ക് എന്റെ കയ്യില്‍നിന്ന് വഴുതുമെന്ന് തോന്നിച്ചു. നിരാശയോടെ ഞാന്‍ എന്റെ വലതുകൈ കൊണ്ട് തോക്ക് മുറുകെ പിടിച്ച്, ഇടത്‌കൈകൊണ്ട് ആ രൂപത്തെ പ്രഹരിക്കാന്‍ തുടങ്ങി. അതിനെ ഓരോ തവണ അടിക്കുമ്പോഴും വേദനകൊണ്ട് എന്റെ കൈകള്‍ പിന്‍വലിക്കേണ്ടി വന്നു. 
അവസാനം തോക്ക് എന്റെ കയ്യില്‍നിന്ന് വിട്ടുപോവുമെന്ന നില വന്നു. എന്റെ ജീവിതം അപകടത്തിലാവുമെന്ന് തോന്നി. ആ ഭീകരജീവി തോക്ക് ശക്തിയായി വലിച്ച് എന്നെ കുറെദൂരം കൊണ്ടുപോയി. എന്റെ രണ്ട് വിരലുകള്‍ അപ്പോഴും തോക്കിന്‍മേല്‍ തന്നെ ഉണ്ടായിരുന്നു. എന്റെ കൈയില്‍നിന്ന് തോക്ക്  വഴുതിപ്പോകുമെന്നായപ്പോള്‍ ഞാന്‍ കിതച്ചുകൊണ്ട് 'ഓ ദൈവമേ' എന്ന് പറഞ്ഞു. അത്ഭുതം തന്നെ. ആ നിമിഷം പ്രേതം അപ്രത്യക്ഷമായി. തോക്ക് എന്റെ കയ്യില്‍ തന്നെ തിരിച്ചെത്തി. അതിന്റെ സ്പര്‍ശം കൊണ്ട് തോക്ക് നരകതീ പോലെ ചൂടുപിടിച്ചിരുന്നു.
അത്ഭുതത്തോടെ ഞാന്‍ ഇരുന്നു. ആ നീല ചെകുത്താന്റെ പിടിയില്‍നിന്നും മോചനം ലഭിച്ചതില്‍ ഞാന്‍ നിശബ്ദമായി പ്രാര്‍ഥിച്ചു. ഞാന്‍ എന്റെ കൈ തലമുടിയിലും തോക്കിലും പലതവണ ഓടിച്ചു. ഇത് സത്യമാണ് എന്ന് ബോധ്യപ്പെടാന്‍ വേണ്ടി. ഞാന്‍ താഴെ കിടന്നിരുന്ന തറ ശ്രദ്ധിച്ചു. അതൊരു ശവക്കുഴിയായിരുന്നു. ഒരുപക്ഷേ ഞാന്‍ അതിന്റെ താമസസ്ഥലത്ത് പന്നിയുടെ ശവശരീരം തൂക്കിയിട്ട് അശുദ്ധമാക്കിയിട്ടാവാം അതില്‍നിന്ന് ചെകുത്താന്‍ വന്നത്. എനിക്ക് ഉറപ്പാണ്. ആ ചിന്ത എനിക്ക് ബലം തന്നു. ഞാന്‍ തിരിഞ്ഞു നോക്കാതെ ഓടി. ഈ സംഭവം വളരെ മുമ്പ് നടന്നതായിരുന്നു. ഞാന്‍ ഇപ്പോഴും കോര്‍യഖാറിലേക്ക് പോവാന്‍ ഒരുക്കമാണ്. അത് വീണ്ടും വന്നേക്കാം. ആരറിയുന്നു!
 

Sunday, October 02, 2011

ബോംബെ ടാകീസ് - 2

മീനാകുമാരി ; സിനിമയിലെ ദുഃഖ പുത്രി ;
ജീവിതത്തിലും


പക്കീസ
എന്ന സിനിമ കണ്ടവരാരും അതിലെ ശാഹിബ്ജാന്‍
എന്നാ കഥാപാത്രത്തെ മറക്കാനിടയി
ല്ല. ബോളിവുഡ് ലെ ആദ്യത്തെ
ദുരന്ത നായിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീന കുമാരിയായിരുന്നു അത്.പക്കീസ മീന കുമാരിയുടെ അവസാന ചിത്രമായിരുന്നു .സിനിമ റിലീസ്
ചെയ്തു കുറച്ചു ദിവസങ്ങള്‍ക്കു ശേ
ഷം മീന വെള്ളിതിരയോടു യാത്ര
പറഞ്ഞിരുന്നു .പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത വിഷാദ ചിരിയുമായി

യൌവനത്തില്‍ ജീവിതത്തോട് വിടപറയുന്ന രണ്ടാമത്തെ നടിയായിരുന്നു

മീന കുമാരി .മധുബാലയായിരുന്നു ആദ്യ നടി.

1932 ആഗസ്റ്റ്‌ 1 നു മുംബൈയില്‍ ജനിച്ച മുഹജബീന്‍ ബാനോ വാണ് പിന്നീടു
മീന കുമാരി എന്നാ പേരില്‍ അറിയപെട്ടത്‌ .പിതാവ് അലി ബക്ഷ് ഹാര്‍മോണിയം
വായിക്കുകയും സംഗീതം പഠിപ്പിക്കുകയും ചെയ്തിരുന്നു. സ്റ്റേജ് നടിയും
നര്‍ത്തകിയും ആയിരുന്ന അമ്മ പ്രഭാവതി ദേവി അലി ബാക്ഷിന്റെ രണ്ടാം
ഭാര്യയായിരുന്നു .വിവാഹത്തിന് ശേഷം അവര്‍ ഇഖ്‌ബാല്‍ ബീഗം എന്നാ
പേര് സീകരിച്ചു .കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അലി ബക്ഷ്
ആറാം വയസ്സില്‍
തന്നെ കുട്ടിയായ മുഹജബീനെ നിര്‍ബന്ധിച്ചു സിനിമകളില്‍ അഭിനയിപ്പിക്കുകയായിരുന്നു.അവള്‍ കരയുകയും പ്രതിഷേധിക്കുകയും
ചെയ്തിരുന്നു .ബേബി മീന എന്ന പേരില്‍ ബാല നടി യായിട്ടായിരുന്നു
സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

1952 ല്‍ പുറത്തുവന്ന വിജയ്ഭ്ട് സംവിധാനം ചെയ്ത ബൈജു ബാവരയാണ്
മീന കുമാരിയുടെ ജീവിതത്തില്‍
വഴിത്തിരിവായത്‌ .നൌഷാദിന്റെ സംഗീതവും
റഫിയുടെ ഗാനങ്ങളും ബൈജു ബാവരയെ വലിയൊരു ചരിത്ര വിജയമാകി മാറ്റി
'.ഓ ദുനിയാ കെ രഖവാലെ' പോലുള്ള ഗാനങ്ങള്‍ മുഹമ്മദ്‌ റഫിയെ പിന്നണി
ഗാന രംഗത്ത് സ്ഥിര പ്രതിഷ്ട്ട നേടി കൊടുത്തു. ബൈജു ബാവരുടെ വിജയം

മീന കുമാരിയെ സൂപ
ര്‍ താര പദവി യില്ലെക്കുയര്‍ത്തി. ബോളിവുഡില്‍
ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിയായി അവര്‍ മാറി.

പരിണീത
(1953 ) ദായിര (1953 ) ഏക്‌ കി രാസ്ത (1956 )ശ്രദ്ധ (1957 ) എന്നീ
സിനിമയിലെ റോളുകള്‍ ഒരു ദുഃഖ നായികയുടെ പരിവേഷം അവര്‍ക്ക് സമ്മാനിച്ചു
.
ഗുരു ദത്തിന്റെ സാഹിബ് ബിബി ഓര്‍ ഗുലാം ലെ അഭിനയം മീനകുമാരിക്ക്
ഏറെ പ്രശംസ നേടികൊടുത്തു .സാഹിബ്‌ ബിബി ഒരു സംഗീത ചിത്രമായിരുന്നു .നജവോ സയ്യാന്‍ ചു കെ ബയ്യാന്‍, കോയി ദൂര്‍ സെ ആവാസ് ദേ,സാകിയ ആജ് മുജെ നീന്ത് നഹി ആയേഗി, മേരീ ബാത് രഹീ മേരീ മന്‍ മേം
എന്നീ പാട്ടുകള്‍ എക്കാലത്തും സംഗീത പ്രേമികളുടെ മനസ്സില്‍ ഉണ്ടാവും.
.
ചിത്രത്തിലെ അഭിനയത്തിന് മീനയ്ക്ക് ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചു
പ്രശസ്ത സംവിധായകന്‍ കമല്‍ അമ്രോഹിയുമായുള്ള പ്രണയ ബന്ധം മീന
കുമാരിയുടെ
ജീവിതത്തില്‍ വലിയൊരു വഴിത്തിരുവായി. .
മീന അദ്ധേഹത്തിന്റെ രണ്ടാം
ഭാര്യയായി .കമല്‍ അമ്രോഹിക്ക്
അവളെക്കാള്‍ 15 വയസ്സ് കൂടുതലുണ്ടായിരുന്നു .
.കമലിന്റെ പക്കീസ എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി. .മീന കുമാരിയായിരുന്നു

നായിക .ഇത്നിടെ മീനയും കമല്‍ അമ്രോഹിയും തമ്മിലുള്ള ബന്ധം വഷളായി .

അത് 1964 ല്‍ വിവാഹ മോചനത്തില്‍
കലാശിച്ചു .അവര്‍ മദ്യത്തിനു അടിമയായി .
കരള്‍ രോഗം ബാധിച്ചു ലണ്ടനിലും സിസ്സ്വര്‍ലാണ്ടിലും
ചികിത്സക്ക് കൊണ്ടുപോയി .ഇതിനിടെ പകീസയുടെ ഷൂട്ടിംഗ് മുടങ്ങി പോയിരുന്നു
.കമലിന്റെയും
മീനയുടെയും വിവാഹ മോചനം സിനിമയെ പാതിവഴിയില്‍ നിലച്ചു.
പിന്നീടു സുനില്‍ ദത്തും
നര്‍ഗിസും പക്കീസ പൂര്‍ത്തിയാക്കാന്‍ മീനയെ നിര്‍ബന്ധിച്ചു .
അവരുടെ നിര്‍ബന്ധം മൂലം സിനിമ
പൂര്‍ത്തിയാക്കാന്‍ മീന കുമാരി തയ്യാറായി .
അപ്പോഴേക്കും അവര്‍ പൂര്‍ണമായും രോഗ
ബാധിതയായി

കഴിഞ്ഞിരുന്നു . സിനിമ തുടങ്ങിയപ്പോള്‍ അവര്‍ കിടക്കുന്ന രംഗവും മറ്റു മാണ്‌

ചിത്രീകരിച്ചത് .നൃത്ത രംഗങ്ങളില്‍ പദ്മ ഖന്ന യെ ഡ്യൂപായി ഉപയോഗിച്ചു.
1958 ല്‍ തുടങ്ങിയ പക്കീസ പതിനാല്
വര്ഷം കഴിഞ്ഞ് 1972 ലാണ് പുറത്തു വന്നത് .
അപ്പോഴേക്കും ലിവര്‍ സിറോസിസ് ബാധിച്ചു
മീന ഈ ലോകം വിട്ടു പോയിരുന്നു .
തനിക്കു തീരെ താല്പര്യ മില്ലാതെ അഭിനയിച്ച പക്കീസയുടെ
പേരിലാണ് പ്രേഷകര്‍
ഇന്നും മീന കുമാരിയെ ഓര്‍ക്കുന്നത് എന്നതാണ് ഏറെ വിചിത്രം.
അവസാന
കാലത്ത് മീന തികച്ചും എകയായിരുന്നു .കമല്‍ അമ്രോഹിയുമായുള്ള
ബന്ധം
തകര്‍ന്നതിന് ശേഷം ഗുല്‍സാര്‍ മായും ധര്‍മെന്ദ്രയുമായും
അടുപ്പമുണ്ടായിരുന്നു .പക്ഷെ
താന്‍ വിശ്യസിച്ചവര്‍ എല്ലാം ഉപേഷിച്ച് എന്ന്
തോന്നിയപ്പോള്‍ അവര്‍
ദുഃഖം മറികടക്കാന്‍ മദ്യപാനതിലേക്ക് തിരിഞ്ഞു .
ഈ സമയത്ത് തന്നെ ഇടയ്ക്കു നിന്ന്
പോയ കവിത രചന പുനരാരംഭിച്ചു
മീനയുടെ ഗസലുകള്‍ അവരുടെ മരണ ശേഷം
ഗുല്‍സാര്‍ പ്രസിദ്ധി കരിച്ചു