Skip to main content

ന്‍റെ കലയുടെ തമ്പുരാന്‍

കോഴിക്കോട് അബ്ദുല്‍ ഖാദര്‍നെ സഹയാത്രികയായ ശാന്താദേവിര്‍കുന്നു

ഞങ്ങളുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന
ആന്‍ഡ്രൂസിന്റെ മകനായിരുന്നു ലെസ്‌ലി ആന്‍ഡ്രൂസ് എന്ന കോഴിക്കോട് അബ്ദുല്‍ ഖാദര്‍. ചെറുപ്പം മുതലേ ഞങ്ങള്‍ ഒരു മുറ്റത്ത് കളിച്ച് വളര്‍ന്നവരാണ്. അന്ന് മുതലുള്ള ബന്ധമാണ്. ഒരേവീട് പോലെയാണ് അന്ന് ഞങ്ങള്‍ ജീവിച്ചത്. എന്റെ അമ്മയെ 'അമ്മച്ചി' എന്നാണ് അബ്ദുല്‍ ഖാദര്‍ വിളിച്ചിരുന്നത്.


വര്‍ഷങ്ങള്‍ കഴിഞ്ഞാണ് പിന്നീട് ഞാന്‍ അദ്ദേഹത്തെ കാണുന്നത്. അപ്പോഴേക്കും അദ്ദേഹം കല്യാണം കഴിഞ്ഞ്, സിങ്കപ്പൂരില്‍ പോയി മടങ്ങി വന്നിരുന്നു. ഞങ്ങളുടെ തറവാട് ഓഹരി ഭാഗം കഴിഞ്ഞ് അവിടെ നിന്ന് താമസം മാറ്റിയിരുന്നു. ഒരു ദിവസം അദ്ദേഹം ഞങ്ങളുടെ തോട്ടത്തില്‍ തറവാട്ടില്‍ കയറിവന്നു. അപ്പോഴേക്കും ബര്‍മ്മയില്‍ നിന്ന് മതപരിവര്‍ത്തനം ചെയ്ത് ലെസ്‌ലി ആന്‍ഡ്രൂസ് കോഴിക്കോട് അബ്ദുല്‍ ഖാദറായി മാറികഴിഞ്ഞിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ അമ്മ കരഞ്ഞു. ''മോനേ, നീ ഇത്രകാലവും എവിടെയായിരുന്നു.'' അമ്മയുടെ കണ്ണ് നിറഞ്ഞ രംഗമൊക്കെ ഇപ്പോഴും എനിക്ക് ഓര്‍മയുണ്ട്. അമ്മയ്ക്ക് ഒരു മകനെപ്പോലെയായിരുന്നു അദ്ദേഹം.


പതിനെട്ടാമത്തെ വയസ്സില്‍ തന്നെ എന്റെ വിവാഹം കഴിഞ്ഞു. വലിയ ആഘോഷങ്ങള്‍ ഒന്നുമില്ലായിരുന്നു. അമ്മയുടെ അമ്മാവന്റെ മകന്‍ ബാലകൃഷ്ണമേനോനായിരുന്നു വരന്‍. അദ്ദേഹം നാഗപട്ടണത്ത് റെയില്‍വെ ഗാര്‍ഡായിരുന്നു. ഞാന്‍ ഉണ്യേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്. വിവാഹത്തിനുശേഷം ഞങ്ങള്‍ പല സ്ഥലത്തും താമസിച്ചു. മൂത്തമകന്‍ സുരേഷ് ബാബുവിനെ പ്രസവിച്ച് ഏഴുമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടാക്കി. കാരണം എന്താണെന്ന് അറിയില്ല. എന്റെ ജീവിതം പ്രതിസന്ധിയിലായി. ജ്യേഷ്ഠന്‍മാരുടെ കൂടെ അവര്‍ക്കൊരു ഭാരമായി ജീവിക്കേണ്ടി വന്നു. അവര്‍ വിവാഹിതരായി. അച്ഛന്‍ മരിച്ചപ്പോള്‍ തറവാട് വിറ്റു. സ്വത്ത് ഇല്ലാതെയായി. ഭര്‍ത്താവ് ഉപേക്ഷിച്ച് ഒരു കുട്ടിയുമായി വീട്ടില്‍ വന്ന് നില്‍ക്കുന്ന ഞാന്‍ അധികപ്പറ്റായി തോന്നി. ഒന്നിനും സ്വാതന്ത്ര്യമില്ലാതെ ആയി. ഒരു മകനുള്ളതുകൊണ്ട് ആത്മഹത്യ ചെയ്യാനും തോന്നിയില്ല.



എന്റെ സ്ഥിതി അറിഞ്ഞ് അബ്ദുള്‍ഖാദറിന് ദുഃഖമുണ്ടായി. 'നീ കഷ്ടപ്പെടുമ്പോള്‍ എന്നെ അറിയിക്കണം' എന്നു പറഞ്ഞ് അദ്ദേഹം പോയി. പിന്നെ ഒരു ദിവസം വന്ന് എന്നെ വിളിച്ചു. വാസുപ്രദീപിന്റെ സ്മാരകം എന്ന നാടകത്തില്‍ അഭിനയിക്കാന്‍. അന്ന് നാടകത്തിന്റെ കാലമായിരുന്നു. നാടകം കല മാത്രമായിരുന്നില്ല, ഉപജീവനമാര്‍ഗം കൂടിയായിരുന്നു. ഒരു ദിവസം അബ്ദുല്‍ ഖാദര്‍, നെല്ലിക്കോട് ഭാസ്‌കരന്‍, വാസുപ്രദീപ് എന്നിവരെല്ലാം എന്റെ വീട്ടില്‍ വന്നു. നെല്ലിക്കോട് ഭാസ്‌കരനും ഞാനും ബന്ധുക്കളാണ്. വാസുപ്രദീപും ഞാനും സഭ സ്‌കൂളില്‍ ഒരുമിച്ച് പഠിച്ചതാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം അന്നാണ് തമ്മില്‍ കാണുന്നത്. അവര്‍ വന്നകാര്യം പറഞ്ഞു. നാടകത്തില്‍ അഭിനയിക്കാന്‍ ഒരു നടിയെ വേണം. ഞാന്‍ പോവണം. ഞാന്‍ ധര്‍മസങ്കടത്തിലായി. അബ്ദുല്‍ ഖാദര്‍ എനിക്കൊരു വാടകവീട് എടുത്തു തന്ന് ഞങ്ങള്‍ ആ വീട്ടില്‍ ഒരുമിച്ച് മാറിത്താമസിച്ച കാലമായിരുന്നു അത്. അതുതന്നെ എന്റെ ജ്യേഷ്ഠന്‍മാര്‍ക്ക് ഇഷ്ടപ്പെട്ടിട്ടില്ല. ഇനി നാടകത്തില്‍ അഭിനയിക്കുന്നു എന്നുകൂടി കേട്ടാല്‍ അവര്‍ക്ക് എന്നോട് വിരോധമാവും. അവസാനം ഞാന്‍ നാടകത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചു. അത് ജീവിതത്തിലെ ഒരു തുടക്കമായിരുന്നു. എന്റെ കലാജീവിതം തുടങ്ങുന്നത് അവിടെ നിന്നാണ്.


റിഹേഴ്‌സല്‍ തുടങ്ങി. ചില ദിവസങ്ങളില്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍വെച്ചും റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. സ്മാരകം എന്ന നാടകത്തില്‍ 'ആമിന' എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. 1954-ല്‍ ആയിരുന്നു. ഒട്ടേറെ വേദികളില്‍ ഈ നാടകം കളിച്ചിട്ടുണ്ട്. അങ്ങനെയാണ് ദമയന്തി എന്ന ഞാന്‍ കോഴിക്കോട് ശാന്താദേവി എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്.

ആദ്യ നാടകത്തില്‍ ഇരുപതുരൂപ പ്രതിഫലം കിട്ടി. എന്റെ ജ്യേഷ്ഠന്‍മാര്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കിയില്ല. ഒരുപക്ഷേ, എനിക്ക് ഒരു വരുമാനം കിട്ടിയതില്‍ അവര്‍ സന്തോഷിച്ചുകാണും. ക്രമേണ കൂടുതല്‍ നാടകങ്ങള്‍ കിട്ടിത്തുടങ്ങി. നാടകത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുമ്പോള്‍ രാമുകാര്യാട്ടിന്റെ 'മിന്നാമിനുങ്ങ്' (1957) എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. പിന്നീട് സിനിമകളില്‍ അഭിനയിക്കാന്‍ മദ്രാസില്‍ പോവുമ്പോഴൊക്കെ എന്റെ കൂടെ വന്നിരുന്നതും എനിക്ക് സംരക്ഷണം തന്നിരുന്നതും അബ്ദുല്‍ ഖാദറായിരുന്നു. അന്ന് ഒരു സ്ത്രീക്ക് ഒറ്റക്ക് താമസിക്കാന്‍ പ്രയാസമായിരുന്നു. എനിക്ക് അദ്ദേഹത്തില്‍ ഒരു മകന്‍ ജനിച്ചു. സത്യജിത്ത്. അവന്‍ ഗായകനും നടനുമായിരുന്നു. കുട്ട്യേടത്തി, അസുരവിത്ത് എന്നീ സിനിമകളില്‍ അഭിനയിച്ചു. രണ്ട് വര്‍ഷം മുമ്പ് അവന്‍ പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ വെച്ച് മരിച്ചു.
കെ ടി മുഹമ്മദിന്റെ നാടകസംഘത്തില്‍ ഞാന്‍ ഓള്‍ ഇന്ത്യാ ടൂറിന് പോയിട്ടുണ്ട്. അതില്‍ ബാബുരാജും അബ്ദുല്‍ ഖാദറുമൊക്കെ ഉണ്ടായിരുന്നു. നാടകം ഇല്ലാത്ത കാലത്തും അദ്ദേഹം എനിക്ക് സാമ്പത്തിക സഹായങ്ങള്‍ ചെയ്തു തന്നിട്ടുണ്ട്.


ഞാന്‍ അബ്ദുല്‍ ഖാദറിന്റെ കൂടെ താമസിച്ചിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ആച്ചുമ്മക്ക് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല. അവര്‍ നല്ലൊരു സ്ത്രീയായിരുന്നു. ഇതൊരു കഥയാണെന്നും അത് അങ്ങനെ സംഭവിച്ചുപോയതാണെന്നും അദ്ദേഹം അവരെ പറഞ്ഞുമനസ്സിലാക്കിയിരുന്നു. അവര്‍ക്ക് എന്റെ മകന്‍ സത്യജിത്തിനോടും സ്‌നേഹമായിരുന്നു.

ഒരു തരത്തിലും ജീവിതത്തില്‍ അത്യാര്‍ത്തി കാണിക്കാത്ത മനുഷ്യനായിരുന്നു അദ്ദേഹം. പ്രശസ്തിയുടെ പിന്നാലെ ഓടാന്‍ വൈമുഖ്യമായിരുന്നു. വന്നുവിളിച്ചാല്‍ മാത്രമേ പാടാന്‍ പോയിരുന്നുള്ളൂ. ഒന്നും വെട്ടിപ്പിടിക്കുന്ന സ്വഭാവമില്ലായിരുന്നു. ''അതൊക്കെ, മതിയെടോ... അങ്ങനെയൊക്കെ ജീവിച്ച് പോയാല്‍ മതി'' എന്ന് എന്നോടു പറയുമായിരുന്നു. ജീവിതത്തിലെ ഓരോ ദുഃഖങ്ങളെകുറിച്ചും പറഞ്ഞിരുന്നു. ഈ കലാകാരന്മാരുടെ ജീവിതമെല്ലാം ഒരുപാട് സങ്കടങ്ങള്‍ തന്നെയാണ്. ബാബുരാജും ഖാദര്‍ക്കയും ഉള്‍പ്പെടുന്ന കോഴിക്കോട്ടെ കലാകാരന്‍മാരുടെ ജീവിതമെല്ലാം അക്കാലത്ത് അങ്ങനെയായിരുന്നു.


കോഴിക്കോട്ടെ കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതമായിരുന്നു. ഞാന്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചെങ്കിലും സംസാരിക്കാന്‍ സാധിച്ചില്ല. അവിടെനിന്ന് രണ്ടാമത്തെ ദിവസം അദ്ദേഹം മരിച്ചു. എന്നെ നാടകത്തിലേക്ക് കൈ പിടിച്ച് കയറ്റിയ ആ മഹാമനുഷ്യന്‍ പോയി. ഇനി നാടകത്തിലേക്ക് ഇല്ല എന്നു ഞാന്‍ തീരുമാനിച്ചു. പക്ഷേ, മാവൂരിലെ സഖാവ് വിദ്യാധരന്‍ എന്റെ മനസ്സുമാറ്റി. നിങ്ങള്‍ നാടകം ഉപേക്ഷിച്ചാല്‍ നിങ്ങളെ ആ രംഗത്തേക്ക് കൊണ്ടുവന്ന ആളുടെ ആത്മാവ് പൊറുക്കില്ല എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ചതിന്റെ അഞ്ചാം ദിവസം എനിക്ക് നാടകത്തിലേക്ക് ഇറങ്ങേണ്ടി വന്നു. കലാരംഗത്തെ ഒരു വലിയ വേദനയായി ഇന്നും ആ സംഭവം എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഇങ്ങനെ അനേകം വേദനകളും സന്തോഷവുമെല്ലാം ഈ കല എനിക്ക് നല്‍കിയിട്ടുണ്ട്.
ഇപ്പോഴും ഞാന്‍ അഭിനയിക്കാന്‍ തുടങ്ങുമ്പോള്‍ അബ്ദുല്‍ ഖാദറിനെ ഓര്‍ക്കും. എന്റെ കലയുടെ ദൈവമാണ് അദ്ദേഹം. ആ ശക്തിയാണ് ഇപ്പോഴും എന്നെ മുന്നോട്ട് നയിക്കുന്നത്. എന്നിലെ കലാകാരിയെ കണ്ടെത്തി എനിക്ക് ജീവിതം നല്‍കിയ അദ്ദേഹത്തിന്റെ സഹായമില്ലായിരുന്നെങ്കില്‍ ഞാന്‍ ഈ രംഗത്ത് എത്തുമായിരുന്നില്ല.

Comments

Popular posts from this blog

മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത
Rewinding to ‘Kerala Saigal’ Staff Reporter Documentary captures the life of Kozhikode Abdul Khader KOZHIKODE: A documentary on singer Kozhikode Abdul Khader, also known as Kerala Saigal, will be screened in early November. The 30-minute work, which unfolds through reminiscences of close associates, will bring out the singer’s persona as well as his musical prowess. Nadim Naushad, director of the documentary, says this is the first documentary on Abdul Khader, whose masterpiece is ‘Engane Nee Marakkum Kuyile’ from ‘Neela Kuyil.’ Along with M.S. Baburaj, Abdul Khader had brought much joy to music lovers in Kozhikode. “I continue to be fascinated by the singer,” says Naushad, a teacher at the Kolathur Government Higher Secondary School. He had earlier directed a documentary on writer P. Valsala. Old visuals of Kozhikode city and charcoal sketches will be intersperse with the reminiscences, to provide a total picture. ‘Thangakinakkal Hridaye Veeshum’ the song in ‘Navalokam,’ for which Dak
സുബൈദ : ആദ്യ ശബ്ദ ചിത്രത്തിലെ നായിക ബോളിവുഡിനു സമ്പന്നമായ ഒരു ഭൂതകാലം ഉണ്ട്. ദാദ സാഹബ് ഫാല്‍കെയില്‍ നിന്ന് തുടങ്ങി ഒട്ടേറെതാരങ്ങളിലൂടെയും സംവിധയകരിലൂടെയുംവളര്‍ന്ന്ഏഴ് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ ബോളിവുഡിനെ രൂപപെടുത്തിയ ആ ഭൂതകാലം ഇപ്പോള്‍ ആരും ഓര്‍ക്കാറില്ല. ഒരുകാലത്ത് നക്ഷത്ര ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയും പിന്നീടു വിസ്മൃതിയില്‍ ആവുകയും ചെയ്ത വരെ കുറിച്ചുള്ള ഒരു പരമ്പരയാണിത് 1913 ല്‍ ദാദ സാഹബ് ഫാല്‍ക്കെ ‘രാജാ ഹരിശ്ച്ചന്ത്ര’എന്ന തന്റെ ആദ്യചിത്രമെടുക്കുമ്പോള്‍ ഒരുപക്ഷെ ചിന്തിച്ചിരിക്കില്ല സിനിമ ഇത്ര വേഗത്തില്‍ മാറിപ്പോവുമെന്ന്. ആദ്യ സിനിമ പുറത്തുവന്നു പതിനേഴു വര്‍ഷങ്ങള്‍ക്ക് ശേഷം നിശബ്ദ സിനിമകള്‍ ശബ്ദ സിനിമയ്ക്കു വഴിമാറിയപ്പോള്‍ പ്രേഷകന്റെ സ്വപ്നങ്ങള്‍ക്ക് പുതിയ നിറവും ഭാവവും കൈവന്നു. ആദ്യത്തെ ശബ്ദ ചിത്രമായ ആലം ആറ (1930 ) വന്‍ വിജയമായി. പാട്ടും നൃത്തവും സിനിമയുടെ അവിഭാജ്യ ഘടകമായത്  അന്ന് മുതലാണ് അര്‍ദെ ശര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആറ എല്ലാം കൊണ്ടും വത്യസ്ഥമായ ഒരു ചിത്രമായിരുന്നു. ബോംബയില്‍ നിറഞ്ഞ സദസ്സില്‍ ഓടിയ ചിത്രം. പ്രേഷകനെ ആകര്‍ഷിച്ച കഥ എന്നതായിരുന്നു അതിന