ശാന്താ ദേവി: നാടകവും ജീവിതവും കലയുടെയും കലാകാരന്‍മാരുടെയും പൂന്തോപ്പായിരുന്നു അന്ന് കോഴിക്കോട്. ആ പൂന്തോപ്പിലെ അവസാനത്തെ പുഷ്പവും കൊഴിഞ്ഞ് തീരുകയാണ്. കോഴിക്കോട്ടെ വലിയ കലാകാരി ശാന്താദേവി അന്തരിച്ചു. ചെറിയ ചാറ്റല്‍ മഴയത്ത് കോഴിക്കോട് മിംസ് ആശുപത്രിയില്‍ നിന്നും അവരുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് നല്ലളത്തെ വീട്ടില്‍ എത്തിയപ്പോള്‍ അവിടെ ഒരു ചെറിയ ആള്‍ക്കൂട്ടം മാത്രം. പിന്നെ നിലമ്പൂര്‍ ആയിശയെത്തി പ്രിയപ്പെട്ട ശാന്തേച്ചിയെ ഏറെ നേരം നോക്കി നിന്നു… മരണത്തിന് മുമ്പ് അവസാനമായി അവര്‍ തന്റെ ജീവിതത്തെക്കുറിച്ച് പറഞ്ഞിരുന്നു… തയ്യാറാക്കിയത് /നദീം നൗഷാദ് കോഴിക്കോട് പൊറ്റമ്മലിലെ തോട്ടത്തില്‍ തറവാട്ടിലായിരുന്നു ഞാന്‍ ജനിച്ചത്. പത്ത് മക്കളില്‍ ഏഴാമത്തെ കുട്ടിയായിരുന്നു. പുതിയറയിലെ സാധാരണ സ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വാര്‍ഷികത്തില്‍ നൃത്തത്തിനും പാട്ടിനുമൊക്കെ പങ്കെടുത്തിരുന്നു. എന്നാല്‍ അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എനിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്നു. അക്കാരണം കൊണ്ട് എട്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആ കാലത്ത് അങ്ങിനെയായിര...