കോര്‍യഖാറിലെ പ്രേതം
ആര്‍ വി സ്മിത്ത്
വിവര്‍ത്തനം: നദീം നൗഷാദ്
ചളിനിറഞ്ഞ, വിജനമായ ആ വഴിയില്‍
കുറുക്കന്റെ ഓരിയിടല്‍ അല്ലാതെ മറ്റൊരു ശബ്ദവും
കേള്‍ക്കുന്നുണ്ടായിരുന്നില്ല. നക്ഷത്രങ്ങള്‍ നിശ്ശബ്ദ കാവല്‍ക്കാരെപ്പോലെ
ആകാശത്തിന്റെ വാതിലിനു മുമ്പില്‍ നില്‍ക്കുന്നു. താഴെ മഞ്ഞ് നിറഞ്ഞ രാത്രി
എല്ലാറ്റിനേയും മൂടിയിരിക്കുന്നു. ഈ സമയത്ത് ആഗ്രയില്‍നിന്ന് കുറച്ച്
മൈലുകള്‍ മാത്രം അകലെയുള്ള കോര്‍യഖാറിലൂടെ ഞാന്‍ നടക്കാന്‍ തുടങ്ങി.
തനിച്ചാണെന്ന ബോധം എന്നെ ഭയപ്പെടുത്തി. എന്റെ സൈക്കിളിന്റെ ടയറില്‍ തുള
വീണിരുന്നു. ഗ്രാമത്തില്‍ നിന്ന് ആരുടെയെങ്കിലും സഹായം ചോദിക്കാമെന്ന്
വെച്ചാല്‍ അത് അപകടം ക്ഷണിച്ച് വരുത്തുകയായിരിക്കും. അവിടം കൊള്ളക്കാരുടെ
പിടിയിലായിരുന്നു. അതുകൊണ്ട് ഞാന്‍ എന്റെ ചെവിക്ക് ചുറ്റും മഫ്‌ളര്‍
മുറുക്കി, കൈയിലെ തോക്ക് മുറുകെ പിടിച്ച്, ധൈര്യം സംഭരിച്ച് മുന്നോട്ട്
നടന്നു.
കുറച്ചുദൂരം പിന്നിട്ടപ്പോള്‍ എന്റെ
കാലില്‍, എന്തോ പകുതി ഭക്ഷിച്ച നിലയില്‍ ഒരു കുട്ടിയുടെ മൃതശരീരം തടഞ്ഞു.
അത് കുറഞ്ഞ ആഴത്തില്‍ മാത്രമായിരിക്കാം കുഴിച്ചു മൂടിയിരുന്നത്. അവിടെ
കുട്ടികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നില്ല. അതുകൊണ്ട് ശവശരീരം
കുറുക്കന്മാര്‍ മാന്തി പുറത്തിട്ടതായിരിക്കാം. ഞാന്‍ കൂടുതല്‍ ശ്രദ്ധയോടെ
നടന്നു. വീണ്ടും ഒരു തലയോട്ടിയില്‍ കാല്‍തട്ടി വീഴാന്‍ ഒരുങ്ങി. അത്
നിലാവെളിച്ചത്തില്‍ എന്നെ തുറിച്ചുനോക്കി. തലയോട്ടിയുടെ ആ ഒഴിഞ്ഞ തുളകളില്‍
ഒരിക്കല്‍ ഗ്രാമീണ സുന്ദരിയായിരുന്ന ഒരു യുവതിയുടെ ചിരിക്കുന്ന
കണ്ണുകളായിരിക്കാം. ഈ ലോകത്തിന്റെ വഴികള്‍ വിചിത്രമാണ്. ആ ചിന്ത എന്നെ
അടിമുടി വിറപ്പിച്ചു.
ആ ശ്മശാനത്തില്‍ ഇരുഭാഗത്തും ഭയാനകമായ
കാഴ്ചകള്‍ എന്നെ കാത്തിരുന്നു. നാല്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വസൂരി
ബാധിച്ച് മരിച്ച ഗ്രാമീണരുടെ ശവശരീരങ്ങള്‍ അവിടെയായിരുന്നു
സംസ്‌കരിച്ചിരുന്നത്. ഈയിടെയാണ് ആ സ്ഥലം വീണ്ടും ഉപയോഗിക്കാന്‍
തുടങ്ങിയതെന്ന് ഞാന്‍ മനസ്സിലാക്കി.
ഞാന്‍ വീണ്ടും നടക്കാന്‍ തുടങ്ങി. രാത്രി
കൂടുതല്‍ ഭയാനകമായി തോന്നി. നടന്നുനടന്ന് എന്റെ കാലുകള്‍ ക്ഷീണിച്ചു. എന്റെ
ഹൃദയമിടിപ്പ് ഒരു ഘടികാരം പോലെ നീങ്ങാന്‍ തുടങ്ങി. ഞാന്‍ എന്റെ സൈക്കിളിനെ
തൊട്ടടുത്തുള്ള ഒരു മരത്തിന്റെ സമീപത്തേക്ക് തള്ളിനീക്കി അതില്‍ ഇരുന്നു.
ഞാന്‍ ഒരു നായയെപ്പോലെ ക്ഷീണിച്ചിരുന്നു. പേടിയും വിശപ്പും എന്നെ പിടികൂടി
എത്രയും വേഗം വീട്ടിലെത്തി അമ്മ ഉണ്ടാക്കിയ അത്താഴം കഴിക്കാനും ഉറങ്ങാനും
ഞാന്‍ ആഗ്രഹിച്ചു.
'അമ്മ എന്നെ കാണാതെ വിഷമിക്കുന്നുണ്ടാവും, പാവം!' ഞാന്‍ ചിന്തിച്ചു.
കാട്ടില്‍ ഇത് എന്റെ ആദ്യത്തെ രാത്രിയായിരുന്നു.
ഞാന്‍ വാട്ടര്‍ബോട്ടിലില്‍നിന്ന് കുറച്ച്
വെള്ളം എടുത്ത് കുടിച്ചു. കീശയില്‍ അവശേഷിക്കുന്ന ബിസ്‌കറ്റ് ആര്‍ത്തിയോടെ
എടുത്ത് തിന്നു. ക്രമേണ എന്റെ മനസ്സ് ശാന്തമായി. ശ്വാസം
പൂര്‍വസ്ഥിതിയിലായി. സൈക്കിള്‍ കാരിയറില്‍നിന്ന് കരിമ്പടം എടുത്ത്, തോക്ക്
എന്റെ തലക്കടിയില്‍വെച്ച് തറയില്‍ ഞാന്‍ ഉറങ്ങാന്‍ കിടന്നു. ഉടന്‍ തന്നെ
എന്തോ ഓര്‍ത്തുകൊണ്ട് എഴുന്നേറ്റു. വൈകീട്ട് വെടിവെച്ച കാട്ടുപന്നിയുടെ
ശവശരീരം സൈക്കിളിന്റെ പിന്നില്‍ തൂക്കിയിട്ടിരുന്നു. അത് അവിടെ തന്നെ
വെച്ചാല്‍ കുറുക്കന്മാര്‍ തിന്നും. അതുകൊണ്ട് ഞാന്‍ അതെടുത്ത് മരത്തിന്റെ
മുകളില്‍ തൂക്കിയിട്ടു. വീണ്ടും ഉറങ്ങാന്‍ കിടന്നു.
എന്തോ ശബ്ദംകേട്ട് ഞാന്‍
എഴുന്നേല്‍ക്കുമ്പോള്‍ പാതിരയായിക്കാണും. ആരോ എന്റെ തലയുടെ അടിഭാഗത്ത്
നിന്നും തോക്ക് പിടിച്ചു വലിക്കുന്നുണ്ടായിരുന്നു. സ്വപ്നം കാണുകയാണെന്നാണ്
ആദ്യം ഞാന്‍ കരുതിയത്. പിന്നീട് കൊള്ളക്കാര്‍ ആരെങ്കിലും ആയിരിക്കുമെന്ന്
വിചാരിച്ചു. ഞാന്‍ ഉറക്കച്ചടവോടെ എഴുന്നേറ്റു. ഒരു കൈകൊണ്ട് തോക്ക്
എടുക്കാന്‍ ശ്രമിച്ചു. പക്ഷേ അവിടെ കണ്ട കാഴ്ച എന്നെ ഭയപ്പെടുത്തി.
നിലാവിന്റെ അരണ്ട വെളിച്ചത്തില്‍ പകുതി പന്നിയും പകുതി മനുഷ്യനുമായുള്ള ആ
ഭീകരരൂപം എന്നെ നോക്കി പല്ലിളിച്ചു. എന്റെ ശരീരത്തിന്റെ ഓരോ ഭാഗത്തും
വിയര്‍പ്പ് പൊടിയാന്‍ തുടങ്ങി. എന്റെ കാലുകള്‍ വിറച്ചു. ഒരു വിചിത്രമായ
മരവിപ്പ് എന്നിലേക്ക് പടര്‍ന്ന് കയറാന്‍ തുടങ്ങി. അതിന്റെ ചിരി
ഭയാനകമായിരുന്നു. അതിന്റെ മൂക്ക് പോലുള്ള ഭാഗത്തുനിന്നും പുറത്തുവന്ന
നീലജ്വാല എന്റെ ശരീരം പൊള്ളിച്ചു. ഞാന്‍ കണ്ണുകള്‍ അടച്ചു. ആ ഭീകരരൂപം ഒരു
ദുസ്വപ്നം പോലെ അപ്രത്യക്ഷമാവുമെന്ന് ഞാന്‍ ചിന്തിച്ചു. പക്ഷേ നേരേ മറിച്ച്
അത് കൂടുതല്‍ കരുത്താര്‍ജിക്കുകയായിരുന്നു. ആ നീലവെളിച്ചം കൂടുതല്‍
തീക്ഷ്ണമായിക്കൊണ്ടിരുന്നു. ആ വെളിച്ചത്തില്‍ കഴുത്തില്‍നിന്ന് വേര്‍പെട്ട
നിലയിലുള്ള അതിന്റെ ഹൃദയവും കരളും ഞാന്‍ ശ്രദ്ധിച്ചു. അതേസമയം വലിയ
ചോരത്തുള്ളികള്‍ മണല്‍ ഘടികാരത്തിലെ മണല്‍പോലെ തുരുതുരാ വീഴാന്‍ തുടങ്ങി.
ഞാന്‍ മുന്നോട്ടു പോകാന്‍ ഒരു ശ്രമം
നടത്തി. പക്ഷേ ആ രൂപം എന്റെ തോക്കില്‍ പിടിമുറുക്കിയിരുന്നു. ഞാന്‍ തോക്ക്
എനിക്ക് കഴിയുന്നത്ര വിധത്തില്‍ ശക്തിയായി വലിക്കാന്‍ തുടങ്ങി. എന്നാല്‍
അത് എന്റെ പിടിയില്‍നിന്ന് വേര്‍പെട്ട് പോവുന്നതുപോലെ തോന്നി. തോക്ക് എന്റെ
ബന്ധുവിന്റേതാണ് എന്ന സത്യം എന്നെ ഉണര്‍ത്തി. ആര്‍മി ഓഫീസറായ അവന്‍
കുടുംബവുമൊത്ത് കുറച്ച് ദിവസം നാട്ടില്‍ ചിലവഴിക്കാന്‍ വന്നതായിരുന്നു. ആ
ബോധം എനിക്ക് പുതിയ ശക്തി തന്നു. ഞാന്‍ തോക്കില്‍ എന്റെ ശക്തി മുഴുവന്‍
എടുത്ത് വലിക്കാന്‍ തുടങ്ങി. അവസാനത്തെ കച്ചിത്തുരുമ്പില്‍ പിടിവിടാതെ
നില്‍ക്കുന്ന ഒരാളെപ്പോലെ. ആ തോക്ക് നഷ്ടപ്പെട്ടാല്‍ എന്റെ ബന്ധുവിന്റെ
ജോലിയും നഷ്ടപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. കൂടാതെ എന്റെ കയ്യിലുള്ള
തോക്കിനെ ആശ്രയിച്ചാണ് എന്റെ ജീവിതവും നിലനില്‍ക്കുന്നതെന്ന ബോധവും
എനിക്കുണ്ടായി. അതുകൊണ്ട് ഞാന്‍ കഠിനമായി പോരാടി. പക്ഷേ അതെല്ലാം
നിഷ്ഫലമായിരുന്നു. തോക്ക് എന്റെ കയ്യില്‍നിന്ന് വഴുതുമെന്ന് തോന്നിച്ചു.
നിരാശയോടെ ഞാന്‍ എന്റെ വലതുകൈ കൊണ്ട് തോക്ക് മുറുകെ പിടിച്ച്,
ഇടത്‌കൈകൊണ്ട് ആ രൂപത്തെ പ്രഹരിക്കാന്‍ തുടങ്ങി. അതിനെ ഓരോ തവണ
അടിക്കുമ്പോഴും വേദനകൊണ്ട് എന്റെ കൈകള്‍ പിന്‍വലിക്കേണ്ടി വന്നു.
അവസാനം തോക്ക് എന്റെ കയ്യില്‍നിന്ന്
വിട്ടുപോവുമെന്ന നില വന്നു. എന്റെ ജീവിതം അപകടത്തിലാവുമെന്ന് തോന്നി. ആ
ഭീകരജീവി തോക്ക് ശക്തിയായി വലിച്ച് എന്നെ കുറെദൂരം കൊണ്ടുപോയി. എന്റെ രണ്ട്
വിരലുകള്‍ അപ്പോഴും തോക്കിന്‍മേല്‍ തന്നെ ഉണ്ടായിരുന്നു. എന്റെ
കൈയില്‍നിന്ന് തോക്ക് വഴുതിപ്പോകുമെന്നായപ്പോള്‍ ഞാന്‍ കിതച്ചുകൊണ്ട് 'ഓ
ദൈവമേ' എന്ന് പറഞ്ഞു. അത്ഭുതം തന്നെ. ആ നിമിഷം പ്രേതം അപ്രത്യക്ഷമായി.
തോക്ക് എന്റെ കയ്യില്‍ തന്നെ തിരിച്ചെത്തി. അതിന്റെ സ്പര്‍ശം കൊണ്ട് തോക്ക്
നരകതീ പോലെ ചൂടുപിടിച്ചിരുന്നു.
അത്ഭുതത്തോടെ ഞാന്‍ ഇരുന്നു. ആ നീല
ചെകുത്താന്റെ പിടിയില്‍നിന്നും മോചനം ലഭിച്ചതില്‍ ഞാന്‍ നിശബ്ദമായി
പ്രാര്‍ഥിച്ചു. ഞാന്‍ എന്റെ കൈ തലമുടിയിലും തോക്കിലും പലതവണ ഓടിച്ചു. ഇത്
സത്യമാണ് എന്ന് ബോധ്യപ്പെടാന്‍ വേണ്ടി. ഞാന്‍ താഴെ കിടന്നിരുന്ന തറ
ശ്രദ്ധിച്ചു. അതൊരു ശവക്കുഴിയായിരുന്നു. ഒരുപക്ഷേ ഞാന്‍ അതിന്റെ
താമസസ്ഥലത്ത് പന്നിയുടെ ശവശരീരം തൂക്കിയിട്ട് അശുദ്ധമാക്കിയിട്ടാവാം
അതില്‍നിന്ന് ചെകുത്താന്‍ വന്നത്. എനിക്ക് ഉറപ്പാണ്. ആ ചിന്ത എനിക്ക് ബലം
തന്നു. ഞാന്‍ തിരിഞ്ഞു നോക്കാതെ ഓടി. ഈ സംഭവം വളരെ മുമ്പ് നടന്നതായിരുന്നു.
ഞാന്‍ ഇപ്പോഴും കോര്‍യഖാറിലേക്ക് പോവാന്‍ ഒരുക്കമാണ്. അത് വീണ്ടും
വന്നേക്കാം. ആരറിയുന്നു!
Comments
Post a Comment