Skip to main content
രാഷ്ട്രീയത്തിലെ വേനല്‍
സിനിമയിലെ മഴ


പുസ്തക നിരൂപണം

ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്/ ലെനിന്‍ രാജേന്ദ്രന്‍/ തയ്യാറാക്കിയത്: കെ പി ജയകുമാര്‍
വില: 95 രൂപ പേജ്: 180/ ഡി സി ബുക്‌സ്, കോട്ടയം

എഴുപതുകളില്‍ കേരള രാഷ്ട്രീയം തിളച്ചു മറിഞ്ഞപ്പോള്‍ അത് സിനിമയിലും ചലനങ്ങള്‍ ഉണ്ടാക്കി. സിനിമയെക്കുറിച്ച് ഗൗരവമായി ചിന്തിച്ച കുറേ ചെറുപ്പക്കാര്‍ സമാന്തര സിനിമകളിലൂടെ സമകാലിക രാഷ്ട്രീയത്തെ അടയാളപ്പെടുത്തി. ഈ കാലത്തെയും തന്റെ രാഷ്ട്രീയ ജീവിതത്തെയും ഓര്‍മിക്കുകയാണ് ചലച്ചിത്രസംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' എന്ന പുസ്തകത്തിലൂടെ. കെ പി ജയകുമാറാണ് തയ്യാറാക്കിയിരിക്കുന്നത്. ഒരു സിനിമാസംവിധായകന്റെ ഓര്‍മക്കുറിപ്പുകള്‍ സിനിമയെപ്പറ്റി മാത്രമായിരിക്കും എന്ന വായനക്കാരന്റെ മുന്‍വിധികളെ തകിടം മറിക്കുന്നുണ്ട് ഈ പുസ്തകം.


ലെനിന്‍ രാജേന്ദ്രന്റെ വചനം, സ്വാതിതിരുനാള്‍, കുലം, മഴ എന്നീ സിനിമകളില്‍ മഴയുടെ തീവ്രസാന്നിധ്യമുണ്ട്. 'ആ ചുവന്ന കാലത്തിന്റെ ഓര്‍മയ്ക്ക്' ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മഴയോടുള്ള പ്രണയം വിവരിച്ചുകൊണ്ടാണ്. 'എന്റെ സിനിമകള്‍ അന്തര്‍മുഖത്വത്തിന്റെയും വൈകാരികതയുടെയും സ്പര്‍ശം അനുഭവിക്കുന്നത് മഴയിലൂടെയാണ്. ഇതില്‍ ഒരുപക്ഷേ കുട്ടിക്കാലത്തിന്റെ അനുഭവങ്ങള്‍ കൂടി കലര്‍ന്നിട്ടുണ്ടാവാം.' ലെനിന്റെ കുട്ടിക്കാലത്തെ സിനിമാകാഴ്ചകള്‍ തുടങ്ങുന്നത് തിരുവനന്തപുരം നഗരത്തിലെ തിയേറ്ററുകളില്‍ അച്ഛന്റെയും അമ്മയുടെയും കൂടെ സിനിമകണ്ടാണ്. കടലമ്മ, ഭാര്യ, കണ്ടംബെച്ച കോട്ട്, നായരു പിടിച്ച പുലിവാല് എന്നിങ്ങനെ അന്നുകണ്ടവയെല്ലാം അദ്ദേഹത്തിന്റെ മനസ്സിലേക്ക് സിനിമയോടുള്ള പ്രണയം കോരിയിട്ടു.


രാഷ്ട്രീയത്തില്‍ വിജയിച്ചവരെ മാത്രമേ പലപ്പോഴും നാം കാണാറുള്ളൂ. എന്നാല്‍ പരാജയപ്പെട്ടു പോയ ഒരുപാട് പേരുണ്ട്. സജീവമായി പ്രവര്‍ത്തിച്ച് പെട്ടെന്ന് നിശ്ശബ്ദരായവര്‍, രാഷ്ട്രീയക്കളികള്‍ അറിയാതെ പിന്നിലായിപ്പോയവര്‍, ഭാഗ്യം തുണയ്ക്കാത്തവര്‍. ഇവരുടെ കഥ കൂടിയാണ് ലെനിന്‍ രാജേന്ദ്രന്റെ ഓര്‍മക്കുറിപ്പിലെ ഒരു പ്രധാന ഭാഗം. എഴുപതുകളിലെ തിരുവനന്തപുരത്തെ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാണ് ഈ പുസ്തകം. അന്ന് തിരുവനന്തപുരത്തെ രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന കമ്യൂണിസ്റ്റ് നേതാക്കളായ കരമന സോമന്‍, ചാക്കു ശിവദാസന്‍, പാല്‍ക്കുളങ്ങര ശശി എന്നിവരെ ഭാവിയിലെ നേതാക്കളായി ലെനിന്‍ കണ്ടിരുന്നു.
'കോര്‍പ്പറേഷന്‍ ഭരണാധികാരികളായി തിരഞ്ഞെടുക്കപ്പെട്ടതോടെ അധികാരം നല്കിയ ചെറിയ ചെറിയ സുഖങ്ങളില്‍ അവര്‍ സ്വയം നിഷേധിക്കുകയായിരുന്നു.' മികച്ച പ്രസംഗകനായ കരമന സോമന്‍ കോര്‍പ്പറേഷന്‍ കൗണ്‍സലറും മേയറുമൊക്കെയായി പെട്ടെന്ന് വളര്‍ന്നു. കോര്‍പ്പറേഷന്‍ കൗണ്‍സലര്‍ എന്ന രീതിയിലുള്ള അധികാരം ആഡംബരജീവിതത്തിലേക്കും മദ്യപാനത്തിലേക്കും സോമനെ എത്തിച്ചു. ചെറുപ്പത്തില്‍തന്നെ അമിത മദ്യപാനം മൂലം കരള്‍ രോഗം ബാധിച്ച് അദ്ദേഹം മരിച്ചു. 'ആഡംബരജീവിതം ആഘോഷിക്കാനുള്ള ഭ്രമത്തെ മറികടക്കാനാവാതെ പോയ ഒരു കമ്യൂണിസ്റ്റ് തലമുറയുടെ ദുരന്തം ഞാന്‍ നേരിട്ട് കണ്ടതാണ്. അതില്‍ ഒരാളായിരുന്നു സോമനും.'


1970ലെ ട്രാന്‍സ്‌പോര്‍ട്ട് സമരം ലെനിന്‍ രാജേന്ദ്രന്റെ വിദ്യാര്‍ഥി ജീവിതകാലത്തെ ഏറ്റവും പ്രധാന സമരങ്ങളില്‍ ഒന്നായിരുന്നു. ഇമ്പിച്ചിബാവ മന്ത്രിയായിരുന്നപ്പോള്‍ ജോലിയില്‍ പ്രവേശിപ്പിച്ച ജീവനക്കാരെ അച്യുതമേനോന്‍ സര്‍ക്കാര്‍ പിരിച്ചുവിട്ടു. സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താന്‍ അന്നത്തെ ആഭ്യന്തരമന്ത്രി കരുണാകരന്‍ തീരുമാനിച്ചു. അന്ന് ട്രാന്‍സ്‌പോര്‍ട്ട് സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളായ ഭുവനചന്ദ്രനും അഷറഫും പൊലീസുകാരുടെ നിഷ്ഠുരമായ മര്‍ദ്ദനത്തിന് ഇരയായി. ആശുപത്രിയും ചികിത്സയുമായി അവരുടെ പഠനം മുടങ്ങിപ്പോയി. വര്‍ഷങ്ങള്‍ക്കുശേഷം ഭുവനചന്ദ്രന്‍ പുത്തരിക്കണ്ടം മൈതാനത്ത് പാര്‍ട്ടി പൊതുയോഗസ്ഥലത്ത് ചുക്കുകാപ്പി വില്‍ക്കുന്നത് ലെനിന്‍ രാജേന്ദ്രന്‍ കണ്ടു. അവന്‍ പറഞ്ഞു: 'എന്റെ ജീവിതം ഇങ്ങനെയൊക്കെ ആയി...'
അഷ്‌റഫിന്റെ സ്ഥിതിയായിരുന്നു ഏറ്റവും ദയനീയം. അവന്റെ മനസ്സിന്റെ താളം തെറ്റിയിരുന്നു. മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച് താടിയും മുടിയും വളര്‍ത്തി കടകളുടെ ആളൊഴിഞ്ഞ വരാന്തയില്‍ അവന്‍ ഇരിക്കുന്നത് കണ്ടു. അതുവഴി പോവുന്നവരോട് പണത്തിന് യാചിക്കും. 'വളരെ ചെറുപ്പത്തിലേ രാഷ്ട്രീയ പാതയിലെ ചതിക്കുഴികളില്‍ വീണ് സ്വയം തകര്‍ന്നുപോയവര്‍ എത്രയോ ഉണ്ടാവും. പലരും ഒന്നും ആകുന്നില്ല എന്നതാവും സത്യം.

Comments

Popular posts from this blog

മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
D K Pattammal:   A musician who broke many social taboos                                                                       Nadeem    Noushad                                                                       D K Pattammal centenary confers me an opportunity to revisit the har...