ചാര്‍ലി ചാപ്ലിന്‍ : ചിരിയും ചിന്തയും
അയഞ്ഞ പാന്റസ് ഇറുകിയ കോട്ട്, വലിയ ഷൂസ്, ചെറിയ മീശ, കയ്യില്‍ മുളവടി, ചാര്‍ലി ചാപ്ലിനെപ്പറ്റി പറയുമ്പോള്‍ ഈ രൂപമാണ് നമ്മുടെ മനസിലേക്ക് വരിക. 20ാം നൂറ്റാണ്ടിലെ ഏറ്റവും ജനകീയ ചലച്ചിത്രകാരനെന്ന് അറിയപ്പെടുന്ന ചാപ്ലിന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് 32 വര്‍ഷം തികയുന്നു. 1977 ഡിസംബര്‍ 25 ക്രിസ്മസ് ദിനത്തില്‍ 88ാമത്തെ വയസില്‍ സ്വിറ്റസര്‍ലണ്ടിലെ വിവീയില്‍ വെച്ച് ചാപ്ലിന്‍ ലോകത്തോട് യാത്ര പറഞ്ഞു. സിനിമാ ലോകത്തെ ഒരു കാലഘട്ടത്തിന്റെ അന്ത്യമായിരുന്നു അത്.
ചാര്‍ലി ചാപ്ലിന് സിനിമ രാഷ്ട്രീയ പോരാട്ടത്തിന്റെ മാധ്യമമായിരുന്നു. ചാപ്ലിന്റെ കോമാളിത്തരങ്ങള്‍ കണ്ട് നാം ചിരിച്ചപ്പോള്‍ നാമറിയാതെ അത് നമ്മിലേക്ക് കൈമാറിയത് ശക്തമായ രാഷ്ട്രീയ ബോധമായിരുന്നു. മുതലാളിത്വത്തിനും ഫാസിസത്തിനുമെതിരെയായിരുന്നു അത്. വിട പറഞ്ഞ് 32 വര്‍ഷം കഴിഞ്ഞിട്ടും ലോക സിനിമയില്‍ ചാപ്ലിന് പിന്തുടര്‍ച്ചക്കാരെത്തിയില്ല.
1889ല്‍ ഏപ്രില്‍ 16ന് ലണ്ടനിലെ ഒരു ദരിദ്ര കുടുംബത്തിലാണ് ചാള്‍സ് സ്‌പെന്‍സര്‍ ചാപ്ലിന്‍ എന്ന ചാര്‍ലി ചാപ്ലിന്‍ ജനിക്കുന്നത്. അച്ഛനും അമ്മയും നാടകക്കരായിരുന്നു. അച്ഛന്‍ മദ്യപാനിയായിരുന്നു. അമ്മക്ക് നാടകത്തില്‍ അഭിനയിച്ച് കിട്ടുന്ന ചെറിയ തുക കൊണ്ട് കുടുംബം ജീവിച്ചു. എന്നും പട്ടിണിയായിരുന്നു ആ കുടുംബത്തിന്. ദാരിദ്ര്യം തന്റെ പന്ത്രണ്ടാമത്തെ വയസില്‍ ചാപ്ലിനെയും നാടക രംഗത്തെത്തിച്ചു. ചാപ്ലിന്റെ ബാല്യം അനാഥ ശാലകളിലും തെരുവുകളിലുമായിരുന്നു. വിനോദ കേന്ദ്രങ്ങളില്‍ കോമാളി വേഷം ചെയ്ത് അവന്‍ കുടുംബത്തെ നോക്കി.
ഇതിനിടെ 1910ല്‍ നാടകത്തിലഭിനയിക്കാന്‍ അമേരിക്കയിലേക്ക് പോകാന്‍ ചാപ്ലിന് അവസരമുണ്ടായി. 1912ല്‍ കാര്‍നോട്രൂപ്പിന്റെ രണ്ടാം അമേരിക്കന്‍ പര്യടനത്തില്‍ വെച്ച് ചാപ്ലിന് സിനിമയിലേക്ക് ക്ഷണം ലഭിച്ചു. 1913ല്‍ അങ്ങിനെ ചാപ്ലിന്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചു. മേക്കിങ് എ ലിവിങ് ആയിരുന്നു ആ സിനിമ. രണ്ടാമത്തെ സിനിമ ദി ട്രാംപിലാണ് ചാപ്ലിന്‍ തന്റെ വിഖ്യാതമായ കോമാളി വേഷം ധരിക്കുന്നത്. പിന്നീടും ചില സിനിമകള്‍ വന്നു. ഇവയില്‍ മിക്കതും ചാപ്ലിന്‍ തന്നെയായിരുന്നു സംവിധാനം ചെയ്തത്. 1921ല്‍ ദി കിഡ് എന്ന ചിത്രത്തോടെ ചാപ്ലിന്റെ സിനിമാ ജീവിതത്തിന് വഴിതിരിവുണ്ടായി. ആ വര്‍ഷം റിലീസ് ചെയ്ത ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ ദി കിഡിനായിരുന്നു. അതോടെ ചാപ്ലിന്‍ സിനിമകള്‍ ലോക തലത്തില്‍ അറിയപ്പെടാന്‍ തുടങ്ങി.
മുതലാളിത്വത്തിന്റെ മനുഷ്യത്വ വിരുദ്ധതയെ വിമര്‍ശിച്ചുകൊണ്ട് 1936ല്‍ പുറത്ത് വന്ന മോഡേണ്‍ ടൈംസ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു ഫാക്ടറി തൊഴിലാളിയായാണ് ഇതില്‍ ചാപ്ലിന്‍ വേഷമിടുന്നത്. ഫാക്ടറി ജീവനക്കാര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നത് സമയ നഷ്ടമുണ്ടാക്കുന്നുവെന്ന് കമ്പനി മുതലാളി ചിന്തിക്കുന്നു. സമയ നഷ്ടം കുറക്കാന്‍ ഓട്ടോമാറ്റിക് ഫീഡിംങ് മെഷീന്‍ സ്ഥാപിക്കുന്നു. യന്ത്രം ഓരോരുത്തരുടെയും വായില്‍ ഭക്ഷണം കോരിയിട്ട് കൊടുക്കുന്നു. ചാപ്ലിന്‍ എന്ന തൊഴിലാളിയും യന്ത്രവും തമ്മിലുള്ള തമാശ നിറഞ്ഞ രംഗങ്ങളാണ് സിനിമയിലുള്ളത്. മുതലാളിത്വത്തിന്റെ അമിതമായ ലാഭമോഹത്തെ വിമര്‍ശിക്കുന്ന സിനിമ അമേരിക്കന്‍ മുതലാളിത്വ വ്യവസ്ഥയെ വിഭ്രാന്തരാക്കി.
ചാപ്ലിന്റെ ആദ്യ ശബ്ദ ചിത്രം ഏകാധിപതികളായ ഹിറ്റ്‌ലറെയും മുസ്സോളിനിയെയും പരിഹസിക്കുന്നതായിരുന്നു. ‘ദി ഗ്രേറ്റ് ഡിക്‌റ്റേറ്റര്‍’. അമിത ദേശീയതയുടെ അപകടങ്ങളായിരുന്നു ചിത്രം പറഞ്ഞത്. അക്കാലത്ത് ഹിറ്റ്‌ലറും മുസോളിനിയും അത്രയൊന്നും അപകടമാവുമെന്ന് ആളുകള്‍ കരുതിയിരുന്നില്ല. ചാപ്ലിന്റെ ദീര്‍ഘവീക്ഷണത്തിനുള്ള ഉദാഹരണം കൂടിയായി സിനിമ. ചാപ്ലിന്‍ സിനിമകള്‍ക്കെതിരെ മുതലാളിത്തവും ഫാസിസവും രംഗത്തു വരാന്‍ തുടങ്ങി.
ചാപ്ലിന്റെ രാഷ്ട്രീയം ഉടലെടുത്തത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് തന്നെയായിരുന്നു. തെരുവില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നും അദ്ദേഹം ശരിയായ രാഷ്ട്രീയം ഉള്‍ക്കൊണ്ടു. തന്റെ കലയിലൂടെ സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചു. ചിരിപ്പിച്ച് കൊണ്ട് ജനതയുടെ മനസുകളില്‍ രാഷ്ട്രീയം രൂപപ്പെടുത്തുന്ന സിനിമകളായിരുന്നു ചാപ്ലിന്റെത്. അടിസ്ഥാന ജനവിഭാഗങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതായിരുന്നു ചാപ്ലിന്‍ സിനിമകള്‍. അദ്ദേഹം ഒരു കമ്യൂണിസ്റ്റ് അനുഭാവി കൂടിയായിരുന്നു. അമേരിക്കയില്‍ നിന്ന് തനിക്കേല്‍ക്കേണ്ടി വന്ന അുഭവങ്ങളെ എ കിങ് ഇന്‍ ന്യൂയോര്‍ക്ക് എന്ന സിനിമയിലൂടെ ചാപ്ലിന്‍ വിശദീകരിച്ചു. അമേരിക്കന്‍ ഭരണകൂടചാപ്ലിനോട് വെറുപ്പോടെയാണ് പെരുമാറിയത്. 1953ല്‍ വേള്‍ഡ് പ്രീമിയറില്‍ പങ്കെടുക്കാന്‍ ലണ്ടനിലേക്ക് പോയ ചാപ്ലിന് തിരിച്ച് അമേരിക്കയിലേക്ക് വരാന്‍ ഭരണകൂടം അനുമതി നിഷേധിച്ചു. ശിഷ്ട കാലം മുഴുവന്‍ സ്വിറ്റ്‌സര്‍ലണ്ടിലാണ് അദ്ദേഹം കഴിഞ്ഞത്. മഹാനായ ചലച്ചിത്രകാരന്റെ ശേഷിച്ച ജീവതം കലാകാരന്റെ അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള മുതലാളിത്വ ലോകത്തിന്റെയും അമേരിക്കയുടെയും സമീപനത്തെക്കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്തി.
ചാപ്ലിന്‍ സിനിമകള്‍- 1914: മേക്കിംഗ് എ ലിവിംഗ്, 1916: ദ് ഫ്‌ലോര്‍ വാക്കര്‍, 1916: ദ് ഫയര്‍മാന്‍, 1916: ദ് വാഗബോണ്ട്, 1916: വണ്‍ എ.എം, 1916: ദ് കൌണ്ട്, 1916: ദ് പാണ്‍ഷോപ്പ്, 1916: ബിഹൈന്റ് ദ് സ്‌ക്രീന്‍, 1916: ദ് റിങ്ക്, 1917: ഈസി സ്റ്റ്ട്രീറ്റ്, 1917: ദ് ക്യൂര്‍, 1917: ദ് ഇമിഗ്രന്റ്, 1917: ദ് അഡ്വെഞ്ചുറര്‍, 1918: എ ഡോഗ്‌സ് ലൈഫ്, 1918: ദ് ബാണ്ട്, 1918: ഷോള്‍ഡര്‍ ആര്‍മ്‌സ്, 1919: സണ്ണിസൈഡ്, 1919: എ ഡേയ്‌സ് പ്ലെഷര്‍, 1921: ദ് കിഡ്, 1921: ദ് ഐഡില്‍ ക്ലാസ്, 1922: പേയ് ഡേ, 1923: ദ് പില്‍ഗ്രിം, 1925: ദ് ഗോള്‍ഡ് റഷ്, 1928: ദ് സര്‍ക്കസ്, 1931: സിറ്റി ലൈറ്റ്‌സ്, 1936: മോഡേണ്‍ റ്റൈംസ്, 1940: ദ് ഗ്രേറ്റ് ഡിക്ടേറ്റര്‍, 1947: മോണ്‍സ്യൂര്‍ വെര്‍ഡോ, 1952: ലൈംലൈറ്റ്, 1957: എ കിങ്ങ് ഇന്‍ ന്യൂയോര്‍ക്ക്
Comments
Post a Comment