ഫൈസ് അഹമ്മദ് ഫൈസ് ഓര്‍മ്മയായിട്ട് 25 വര്‍ഷം
കാമുകിയെ കാത്തിരിക്കുന്നത് പോലെ ആനന്ദകരവും പ്രതീക്ഷാ നിര്‍ഭരവുമാണ് വിപ്ലവത്തെ കാത്തിരിക്കുന്നതെന്നാണ് ഫൈസ് അഹമ്മദ് ഫൈസ് പറഞ്ഞത്. വിപ്ലവം വികാരമാവുമ്പോള്‍ പ്രണയം വിപ്ലവത്തോട് ചേരുന്നു. ‘ആപ്രണയത്തെ പറ്റി എന്നോട് ചോദിക്കരുത്’ എന്ന അദ്ദേഹത്തിന്റെ കവിതയില്‍ കാമുകിയോട് തന്റെ പ്രണയത്തെക്കാള്‍ സാമൂഹിക പ്രതിബദ്ധതയെ ആശ്ലേഷിക്കാന്‍ അദ്ദേഹം പറയുന്നുണ്ട്. പക്ഷെ പ്രണയത്തെ തള്ളിപ്പറയാന്‍ അദ്ദേഹം തയ്യാറല്ല.
സ്വന്തം രാജ്യത്ത് പ്രവാസിയായി കഴിയേണ്ടി വന്ന കവികള്‍ അധികമുണ്ടാവില്ല. അവിഭക്ത പഞ്ചാബിലെ സിയാല്‍കോട്ടില്‍ ജനിച്ച് വിഭജനാര്‍ത്ഥം പാകിസ്ഥാനിലേക്ക് കുടിയേറിയ പ്രശസ്ത ഉറുദു കവി ഫൈസ് അഹമ്മദ് ഫൈസ് സ്വന്തം രാജ്യത്ത് എന്നും പ്രവാസിയായിരുന്നു. ഇടതുപക്ഷ ചിന്തകള്‍ക്ക് മേല്‍വിലാമില്ലാത്ത, തീവ്രമതം വേലിക്കെട്ടുകള്‍ തീര്‍ത്ത പാകിസ്ഥാനില്‍ ഫൈസ് വല്ലാതെ ഒറ്റപ്പെട്ടിരുന്നു. സുല്‍ഫിക്കര്‍ അലി ഭൂട്ടോവിനെ സ്ഥാനഭ്രഷ്ടനാക്കിക്കൊണ്ട് സിയാവുള്‍ ഹഖ് ഭരണം പിടിച്ചെടുത്തപ്പോള്‍ ഫൈസ് ബെയ്‌റൂത്തിലേക്ക് പ്രവാസിയായി പോയതും ഇതുകൊണ്ടാണ്.
യുവാവായിരിക്കുമ്പോള്‍ തന്നെ ഫൈസ് കമ്യണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു. ഇംഗ്ലീഷ്,അറബി ഭാഷകളില്‍ മാസ്റ്റര്‍ ബിരുദം നേടിയ അദ്ദേഹം, രണ്ടാം ലോക മഹായുദ്ധ കാലത്ത് ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോടുള്ള അഭിനിവേശവും അച്ചടക്കത്തിന് വഴങ്ങാത്ത സ്വാതന്ത്യബോധവും അദ്ദേഹത്തെക്കൊണ്ട് സൈനിക ജോലി രാജിവെപ്പിച്ചു.
1951ല്‍ ഇടതുപക്ഷ പ്രവര്‍ത്തകരുമായി ചേര്‍ന്ന് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് പാകിസ്ഥാന്‍ സര്‍ക്കാര്‍ ഫൈസിനെ തടവിലാക്കി. ജയില്‍ ദിനങ്ങള്‍ ഫൈസിന്റെ കവിതകളെ സംപുഷ്ടമാക്കി. ‘ദസ്ത- ഇ- സബ’ ‘സ്വിന്‍ദന്‍നാല’ എന്നീ കൃതികള്‍ ഇക്കാലത്ത് എഴുതിയതാണ്. നാലു വര്‍ഷത്തെ തടവ് ജീവിതത്തിന് ശേഷം 1955ല്‍ അദ്ദേഹം മോചിതനായി.
പാകിസ്ഥാനില്‍ സിയാവുള്‍ ഹഖ് ഭരണം പിടിച്ചടക്കിയതിനെ തുടര്‍ന്ന് ബെയ്‌റൂത്തിലെത്തിയ ഫൈസ് 1982ലെ ലബനോന്‍ ഇസ്രായേല്‍ അധിനിവേശ കാലം വരെ ബെയ്‌റൂത്തിലുണ്ടായിരുന്നു. ഇക്കാലത്ത് ആഫ്രോ-ഏഷ്യന്‍ മാഗസിനായ ലോട്ടസിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചു. റഷ്യന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ഫൈസിന്റെ കവിതകള്‍ക്ക് 1962ലെ ലെനിന്‍ പുരസ്‌കാരം ലഭിച്ചു.
രാഷ്ട്രീയവും പ്രണയവും എഴുതിയ കവിയാണ് ഫൈസ്. ഇവരണ്ടിനെയും ഒരു ദ്രുവത്തിലേക്ക് കൊണ്ട് വരാന്‍ അദ്ദേഹം ശ്രമിച്ചു. ഫൈസ് രാഷ്ട്രീയത്തില്‍ നിന്ന് പ്രണയത്തിലേക്ക് വരുമ്പോള്‍ നമ്മള്‍ നെരുദയെ ഓര്‍ക്കും. ഇരു കവികളിലും പ്രണയവും വിപ്ലവവും ഋജുരേഖാ സഞ്ചാരികളായിരുന്നു. പക്ഷെ അതാരും ഏറെ ചര്‍ച്ച ചെയ്തിട്ടുമില്ല. സാധാരണയായി ഉര്‍ദു ഗസലുകള്‍ കാമുകിയെയോ സുഹൃത്തിനെയോ ദൈവത്തെയോ ആണ് അഭിസംബോധന ചെയ്യുക. എന്നാല്‍ ഫൈസ് ഇതില്‍ വിപ്ലവത്തെകൂടി ചേര്‍ത്തു.
പല കാരണങ്ങളാലും ഫൈസിന് തന്റെ രാഷ്ട്രീയ കവിതകളില്‍ പ്രതീകങ്ങളെ ഒളിപ്പിച്ച് വെക്കേണ്ടി വന്നിട്ടുണ്ട്. ദേശത്തിന്റെയും ഭാഷയുടെയും അതിര്‍വരമ്പുകള്‍ ഭേദിച്ച കവിയായിരുന്നു ഫൈസ് എന്ന് അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പരിഭാഷകനും പ്രമുഖ ഇന്ത്യന്‍ - ഇംഗ്ലീഷ് കവിയുമായ ശിവ് കെ കുമാര്‍ എഴുതുന്നു. ഫൈസിന്റെ ആദ്യകാല കവിതകളൊക്കെ പ്രത്യയശാസ്ത്രപരമായ സ്വാധീനത്താല്‍ പിറവിയെടുത്തതാണെന്ന് ശിവ് കെ കുമാര്‍ നിരീക്ഷിക്കുന്നു.
ഭാഷയിലും ശൈലിയിലും മിര്‍സാ ഗാലിബിന്റെ പിന്‍മുറക്കാരനായി ഫൈസ് അഹമ്മദിന്റെ ഗസലുകള്‍ക്ക് ഗാലിബിന്റെ ഗസലുകളുമായി ഏറെ സാമ്യമുണ്ട്. ഗാലിബിനോടുള്ള ആരാധന തന്റെ ആദ്യ കവിതാസമാഹാരത്തിലെ ദിവാന്‍-ഇ-ഗാലിബ് എന്ന കവിതയില്‍ അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. മീര്‍താഖിമീര്‍ , മീര്‍ദര്‍ദ്, മീര്‍സാഗാലിബ് എന്നിവരുടെ പരമ്പരയിലാണ് ഫൈസിന്റെ സ്ഥാനം. 1984ല്‍ ലാഹോറില്‍ വെച്ചായിരുന്നു മരണം.
Comments
Post a Comment