Skip to main content
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന്
ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍














സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്.


സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്‍ ഗപ്പോ'ന്റെ ചിത്രീകരണത്തിനായി എനിക്ക് ഒരു ഗ്രാമത്തില്‍ കുറച്ചു ദിവസം താമസിക്കേണ്ടിവന്നു. എനിക്ക് ഭക്ഷണം തന്നിരുന്നത് ദരിദ്രരായ കര്‍ഷക ദമ്പതികളായിരുന്നു. ഒരു ദിവസം ഞാന്‍ അവരോട് ചോദിച്ചു 'നിങ്ങള്‍ എങ്ങനെയാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്'? അവള്‍ പറഞ്ഞു: അരി, ഗോതമ്പ്, ബജ്‌റ ഇതൊക്കെ ഞങ്ങള്‍ക്കൊരു സ്വപ്നം മാത്രം. ഞങ്ങളുടെ ചെറിയ സ്ഥലത്ത് കൃഷ് ചെയ്ത് കിട്ടുന്നത് മുഴുവന്‍ പത്ത് മൈല്‍ അകലെയുള്ള ചന്തയില്‍ കൊണ്ടുപോയി വിറ്റാല്‍ മാത്രമെ കടുകെണ്ണ വാങ്ങാനുള്ള പണം കിട്ടൂ. ഞങ്ങള്‍ക്ക് മണ്ണണ്ണ വാങ്ങാന്‍ കഴിയില്ല. അതുകൊണ്ട് വീട്ടില്‍ ഒരു വിളക്ക് കത്തിക്കാനുള്ള ആര്‍ഭാടവും ഇല്ല. അധികാരികള്‍ക്ക് രണ്ടു സാധനങ്ങള്‍ ഞങ്ങളില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിഞ്ഞിട്ടില്ല. ദൈവം തന്ന വായുവും സൂര്യനും. പക്ഷെ വൈകാതെ അതും ഉണ്ടാകും.' എന്റെ കണ്ണുകള്‍ നിറഞ്ഞു. എന്റെ ജനതയുടെ അവസ്ഥ ഇതാണ്. എന്നിട്ടു നാം നിര്‍മിക്കുന്ന സിനിമകളോ?'' ഇന്ത്യന്‍ സിനിമയും ഇന്ത്യന്‍ ജീവിതവും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ഋതിക് ഘട്ടക്ക് പറഞ്ഞ കാലത്ത് സിനിമ അത്രയൊന്നും ജീവിതത്തില്‍ നിന്ന് അകന്നു പോയിരുന്നില്ല.


1970കളില്‍ ഇറങ്ങിയ സിനിമകള്‍, പ്രത്യേകിച്ചും അമിതാഭ് ബച്ചന്‍ നായകനായി ബോക്‌സോഫീസില്‍ ചലനങ്ങള്‍ സൃഷ്ടിച്ച കൂലി, സന്‍ജീര്‍, ഷോലെ, ദീവാര്‍, നസീം, ലാവാറിസ് എന്നിവ രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ അഴിമതിയെയും അമിത അധികാര പ്രവണതകളെയും ചെറുക്കുന്ന ഇന്ത്യന്‍ യുവത്വത്തെ അവതരിപ്പിച്ചിരുന്ന സിനിമകളായിരുന്നു. ഏറെ കുറെ ഇന്ത്യന്‍ സമകാലിക അവസ്ഥയെ പ്രതിഫലിപ്പിച്ചിരുന്നു ഈ സിനിമകള്‍.
മൂന്ന് പതിറ്റാണ്ട് 2009ല്‍ എത്തുമ്പോള്‍ നമ്മുടെ രാജ്യത്ത് മൂന്ന് ശതമാനം പോലും വരാത്ത ഉന്നത മധ്യവര്‍ഗ്ഗത്തിന്റെ ആഡംബര ജീവിതത്തിന്റെ കഥകളില്‍ തളച്ചിട്ടിരിക്കുകയാണ് ബോളിവുഡ് സിനിമ ഇപ്പോള്‍.
ഇന്ത്യന്‍ ദാരിദ്ര്യത്തെ വിദേശത്ത് അവതരിപ്പിക്കന്നതിലൂടെ ഇന്ത്യയെ മോശമാക്കി ചിത്രീകരിക്കുകയാണ് 'സ്ലംഡോഗ് മില്യനയര്‍' ചെയ്യുന്നത് എന്നായിരുന്നു ഈ സിനിമയെ കുറിച്ചുള്ള പ്രധാന ആരോപണം. 1955ല്‍ സത്യജിത്ത് റേയുടെ 'പഥേര്‍ പാഞ്ചാലി.' വിദേശമേളകളിലൂടെ ശ്രദ്ധനേടിയപ്പോള്‍ അന്നത്തെ ബോളിവുഡ് നടിയായിരുന്ന നര്‍ഗീസ് ദത്ത് ഉന്നയിച്ചതും ഇതേ ആരോപണമായിരുന്നു. ഒരു കലാരൂപമെന്നതില്‍ ഒരിക്കല്‍ പോലും സിനിമയെ സമീപിക്കാത്ത ബോളിവുഡ് സിനിമക്കാര്‍ കലയും, വാണിജ്യവും ഒന്നിച്ച് കൊണ്ടുപോവുന്ന ഹോളിവുഡ്-യൂറോപ്യന്‍ സിനിമകളില്‍ നിന്ന് ഏറെ പഠിക്കാനുണ്ട്.


ശ്യാം സനഗലിന്റെ അങ്കുര്‍, നിഷാന്ത് മൃണാള്‍ സെന്നിന്റെ കോറസ്, ഇന്റര്‍വ്യൂ, കല്‍ക്കത്ത-71 എന്നീ സിനിമകള്‍ എഴുപതുകളിലെ ഇന്ത്യന്‍ രാഷ്ട്രീയ സാമൂഹിക അവസ്ഥകളെ ശക്തമാക്കി അവതരിപ്പിച്ചവയാണ്.
അടൂര്‍, അരവിന്ദന്‍, ജോണ്‍ എബ്രഹാം, ഗോവിന്ദ് നിഹലാനി, മണികൗര്‍ എന്നിവരുടെ സിനിമകളും സാമൂഹിക അവസ്ഥകളെ അവതരിപ്പിച്ചവയാണ്. മീരാനായരുടെ 'സലാം േബാബെ' മധുര്‍ ഭണ്ഡാകറിന്റെ 'ട്രാഫിക്ക് സിഗ്‌നല്‍', ആനന്ദ് പട് വര്‍ദ്ധന്റെ ഡോക്യുമെന്ററി 'ബോംബെ ഔവര്‍ സിറ്റി' എന്നീ സിനിമകള്‍ മുംബൈയിലെ ചേരികളിലെ ജീവിതം യഥാതഥമായി അവിഷ്‌കരിച്ചവയാണ്. അപ്പോള്‍ ഇതേ ജീവിതം പറയുന്ന 'സ്ലംഡോഗ് മില്യനയറെ'മാത്രം ആക്ഷേപിക്കുന്നത് ശരിയാണോ? ഒരു വിദേശി എടുക്കുന്ന സിനിമ എപ്പോഴും ഇന്ത്യയെ മോശമാക്കാന്‍ വേണ്ടിയായിരിക്കും എന്ന മുന്‍വിധിയാണ് ഈ വിവാദത്തിന് പിന്നില്‍. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഭീരിഭാഗം വരുന്ന ജനങ്ങളുടെ ജീവിതങ്ങള്‍ ചിത്രീകരിക്കാതെ അത് മറച്ചു വെച്ച് ഉന്നത മധ്യവര്‍ഗത്തിന്റെ രാത്രിവിരുന്നുകളും പ്രണയവും ആഡംബര കാറുകളും മാത്രം കാണിക്കുന്ന ബോളിവുഡ് സിനിമകളെ ഇന്ത്യന്‍ സിനിമകള്‍ എന്ന് വിശേഷിപ്പിക്കാന്‍ യോഗ്യതയുണ്ടോ എന്നകാര്യം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. യഥാര്‍ഥ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ഉന്നത മധ്യവര്‍ഗത്തിന്റെ കാപട്യവും ഭയവുമാണ് ഡാനി ബോയലിന്റെ ഈ സിനിമയെ കുറിച്ചുള്ള ആരേപണങ്ങള്‍ക്ക് കാരണം. ശബ്ദം, സംഗീതം, എഡിറ്റിംഗ്, ക്യാമറ എന്നിവയില്‍ അദ്ദേഹം പ്രകടിപ്പിച്ച അര്‍പ്പണബോധവും, സത്യസന്ധതയും ഇന്ത്യന്‍ സിനിമാ സംവിധായകര്‍ക്ക് പാഠമാവണ്ടതുണ്ട്.


റസൂല്‍ പൂക്കൂട്ടിക്കും എ ആര്‍ റഹ്മാനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ശബ്ദപഥത്തേയും പശ്ചാത്തല സംഗീതത്തെയും കുറിച്ചുള്ള ഗൗരവമായ അന്വേഷങ്ങള്‍ക്ക് തുടക്കമിടും. ഓരോസ്ഥലത്തിനും ഓരോ ശബ്ദമുണ്ട്. തെരുവിന്, വീടിന്, ആശുപത്രിക്ക്, ഗ്രാമത്തിന്, നഗരത്തിന് എന്നിവയ്ക്ക് എല്ലാം വ്യത്യസ്തമായ ശബ്ദങ്ങളാണ് ഉള്ളത്. സ്ഥലത്തിനും കാലത്തിനും അനുസരിച്ച് ശബ്ദം ഉപയോഗിക്കാന്‍ സംവിധായകന്‍ അറിഞ്ഞിരിക്കണം. എങ്കില്‍ മാത്രമേ നല്ല ശബ്ദലേഖകനെ ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. തീര്‍ച്ചയായും നല്ല സംവിധായകനാണ് നല്ല ശബ്ദലേഖകനെ സൃഷ്ടിക്കുന്നത്. റസൂല്‍പൂക്കുട്ടിയെ ലോകം അറിഞ്ഞതിനു പിന്നില്‍ സംവിധായകന്‍ ഡാനി ബോയലിന്റെ കഴിവും ഉണ്ട്. സ്റ്റുഡിയോവിലെ ശബ്ദ ലൈബ്രറിയിലെ ശബ്ദങ്ങള്‍ മാത്രംഉപയോഗിക്കുന്ന ശബ്ദ ലേഖകന്‍മാര്‍ക്ക് ഈ മേഖലയില്‍ പുതിയ പരീക്ഷണങ്ങല്‍ നടത്തുന്ന റസൂല്‍ പൂക്കുട്ടിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്.


ഇന്ത്യന്‍ സിനിമാ സംവിധായകര്‍ അധികം ശ്രദ്ധിക്കാത്ത മറ്റൊരു മേഖല പശ്ചാത്തലസംഗീതമാണ്. ഈ രംഗത്ത് എ ആര്‍ റഹ്മാന്റെ കഴിവ് വേണ്ട രീതിയില്‍ ഉപയോഗിക്കാനും അവര്‍ക്ക് കഴിഞ്ഞിട്ടില്ല. പണ്ഡിറ്റ് രവിശങ്കര്‍ പശ്ചാത്തല സംഗീതം നിര്‍വഹിച്ച പാഥേര്‍ പാഞ്ചാലിയാണ് എങ്ങനെ പശ്ചാത്തല സംഗീതം ഫലപ്രദമായി ഉപയോഗിക്കണം എന്ന് ആദ്യമായി കാണിച്ച് തന്നത്. പക്ഷേ അതിനുശേഷം ചില സമാന്തര സിനിമാ സംവിധായകരുടെ സിനിമകള്‍ ഒഴിച്ച് ഈ രംഗത്ത് ഏറെയൊന്നും നമ്മുടെ സിനിമാ രംഗം മുന്നോട്ട് പോയിട്ടില്ല. പാശ്ചാത്യ സിനിമാ സംവിധായകര്‍ ദൃശ്യങ്ങള്‍ക്ക് അനുസരിച്ച് പശ്ചാത്തല സംഗീതം എങ്ങനെ ഉപയോഗിക്കണം എന്ന് ഗവേഷണം നടത്തുമ്പോള്‍, നമ്മുടെ സംവിധായകര്‍ ഒരു ധാരണയും ഇല്ലാതെ സിനിമ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നത് വരെ സംഗീതം ഉപയോഗിക്കണം എന്ന വികലധാരണകളുമായിട്ടാണ് കഴിയുന്നത്.
ഫ്രാന്‍സാ ത്രൂഫോയുടെ 400 ബ്ലോസ്, സെന്‍ട്ടുലുച്ചിയുടെ 'ലിറ്റില്‍ബുദ്ധ' ഹിച്ച് കോക്കിന്റെ 'സൈക്കോ' എന്നിങ്ങനെ സംഗീതം എത്ര ലളിതമായി ഉപയോഗിക്കാമെന്ന് അനേകം വിദേശചിത്രങ്ങള്‍ നമുക്ക് കാണിച്ച തന്നിട്ടുണ്ട്. വാണിജ്യ സിനിമാസംവിധായകരില്‍ ഭൂരിഭാഗം പേരും തങ്ങളുടെ ദൃശ്യങ്ങളെ എങ്ങനെ അമിതമായ പശ്ചാത്തല സംഗീതം നശിപ്പിച്ച് കളയുന്നു എന്ന് മനസ്സിലാക്കാറില്ല.
ലോകത്തിലെ ഏറ്റവും മികച്ച സിനിമയാണ് 'സ്ലംഡോഗ് മില്യനെയര്‍' എന്ന അഭിപ്രായമൊന്നും ആരും പ്രകടിപ്പിക്കുന്നില്ല പക്ഷേ സിനിമ എന്ന മാധ്യമത്തോടും, കൈകാര്യ ചെയ്ത വിഷയത്തോടും ഡാനിബോയല്‍ കാണിച്ച സത്യസന്ധതയും ആത്മാര്‍ഥതയും അംഗീകരിച്ചേ മതിയാവൂ.

Comments

Popular posts from this blog

മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍ Wednesday, 2nd March 2011, 9:46 pm അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്.  ആഹ്വാന്‍ സെബാസ്റ്റ്യനുമായി  ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍  നദീം നൗഷാദ്  നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു. നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി. 55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവ...