Skip to main content
Image may contain: 1 person, eyeglasses and closeup

മകള്‍ ചിതയിലെരിയുമ്പോള്‍ അരങ്ങില്‍ നാടകം കളിച്ചയാള്‍
Wednesday, 2nd March 2011, 9:46 pm
അഞ്ച് പതിറ്റാണ്ട് കാലം നാടകത്തിന്റെ വിവിധ മേഖലകളില്‍ നിറഞ്ഞുനിന്ന ആഹ്വാന്‍ സെബാസ്റ്റ്യന്റെ പേര് മലബാറിലെ നാടക അരങ്ങുകളില്‍ സുപരിചിതമാണ്. സംവിധായകന്‍, സംഗീതകാരന്‍, നടന്‍, രചയിതാവ് എന്നിങ്ങനെ അദ്ദേഹം കൈവെച്ച മേഖലകള്‍ നിരവധി. നാടകവും ജീവിതവും തീക്ഷ്ണമായ അനുഭവങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാക്കിയ അദ്ദേഹം കോഴിക്കോടിന്റെ നാടക ചരിത്രത്തോടൊപ്പമാണ് നടന്നത്. ആഹ്വാന്‍ സെബാസ്റ്റ്യനുമായി ഡൂള്‍ന്യൂസ് ഫീച്ചര്‍ എഡിറ്റര്‍ നദീം നൗഷാദ് നടത്തിയ സംഭാഷണം ഇവിടെ പുനപ്രസിദ്ധീകരിക്കുന്നു.
നാടകത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകവും അദ്ദേഹത്തിന്റേതായുണ്ട്. “ചക്രവര്‍ത്തി” എന്നു പേരിട്ട ഗ്രന്ഥത്തിലൂടെ നാടകം എല്ലാ കലകളുടെയും ചക്രവര്‍ത്തി പദം അലങ്കരിക്കുന്നു എന്ന് ആഹ്വാന്‍ സെബാസ്റ്റ്യന്‍ പ്രഖ്യാപിക്കുന്നു. പറഞ്ഞാല്‍ തീരാത്തത്ര ഓര്‍മകളുണ്ട് അദ്ദേഹത്തിന്. വെയില്‍ മാഞ്ഞ ഒരു സായാഹ്നത്തില്‍ ആഹ്വാന്‍ സെബാസ്റ്റ്യന്‍ പറഞ്ഞുതുടങ്ങി.
55 വര്‍ഷക്കാലം നാടകത്തിനുവേണ്ടി ജീവിതം ഹോമിച്ച ആളാണ് ഞാന്‍. മുഴുവന്‍ സമയവും നാടകത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. “മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്” എന്ന പേരില്‍ ഒരു നാടകട്രൂപ്പ് നടത്തിയിരുന്നു. അതിലൂടെ ഒട്ടേറെ കലാകാരന്മാരെ രംഗത്തുകൊണ്ടുവരാന്‍ എനിക്ക് കഴിഞ്ഞു. കോഴിക്കോട് ആദ്യമായി പ്രൊഫഷണല്‍ ട്രൂപ്പ് നടത്താനും അഭിനേതാക്കള്‍ക്ക് പ്രതിഫലം കൊടുക്കാനും സാധിച്ചത് ഇന്നും സംതൃപ്തിയോടെ മാത്രമേ ഓര്‍ക്കാനാവൂ. ബാലന്‍ കെ നായര്‍, വാസു പ്രദീപ്, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി, ശാന്താദേവി, വിലാസിനി, സുരാസു, മാമുക്കോയ എന്നിങ്ങനെ കോഴിക്കോട്ടെ എല്ലാ പഴയ കലാകാരന്മാരും എന്റെ ട്രൂപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ്.
എന്‍ എന്‍ കക്കാട്, കാവാലം നാരായണപ്പണിക്കര്‍, വി ടി കുമാരന്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, പൂവച്ചല്‍ ഖാദര്‍ തുടങ്ങി ഒട്ടേറെ പേരുടെ ഗാനങ്ങള്‍ക്ക് ഞാന്‍ സംഗീതം കൊടുത്തിട്ടുണ്ട്. നാടകത്തിലെ സംഗീതത്തിന്റെ മേഖലയില്‍ “ഇഫക്റ്റ് മ്യൂസിക്” ഏറ്റവും ഫലപ്രദമായി അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ സെബാസ്റ്റ്യനെ വെല്ലാന്‍ ആരും ഇല്ല എന്നു സുഹൃത്തുക്കള്‍ പറയുമായിരുന്നു.
വാസുപ്രദീപിന്റെ “ദാഹിക്കുന്ന രാത്രി” എന്ന നാടകം സംഭാഷണമില്ലാതെ ഒന്നര മണിക്കൂര്‍ ഇഫക്ട് മ്യൂസിക്ക് കൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്. അക്കാലത്ത് അത് വലിയൊരു പരീക്ഷണമായിരുന്നു. സുരാസുവിനെയും കോഴിക്കോട് അബ്ദുല്‍ ഖാദറിനെ ഓര്‍ക്കുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. ദിവസങ്ങളോളം പറയാനുണ്ടാകും കഥകള്‍.
സുരാസു എന്ന അഹങ്കാരി
സുരാസു എന്ന കലാകാരനെ വളര്‍ത്തിക്കൊണ്ടുവന്നത് എന്റെ മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് ആണ്. കേന്ദ്രകലാസമിതി അവതരിപ്പിച്ച അഖിലകേരള നാടകോത്സവത്തില്‍ സുരാസുവിന്റെ “വിശ്വരൂപം” മികച്ച കഥ, അഭിനയം തുടങ്ങി, നാല് അവാര്‍ഡുകള്‍ നേടി. ആ നാടകം എന്നെ ആകര്‍ഷിച്ചു. മ്യൂസിക്കല്‍ തിയേറ്റേഴ്‌സ് അത് ഏറ്റെടുത്ത് പ്രൊഫഷണലായി അവതരിപ്പിക്കാന്‍ തീരുമാനിച്ചു.
ഇത് കേട്ടപ്പോള്‍ കുഞ്ഞാണ്ടി എന്നോട് ചോദിച്ചു. “അതെങ്ങനെ അവതരിപ്പിക്കാനാവും, ഓഡിയന്‍സിന്റെ മുഖത്ത് ആഞ്ഞുതുപ്പുന്ന രംഗമുണ്ട് ഇതില്‍.” ഞാന്‍ പറഞ്ഞു “ഞാനത് പ്രൊഫഷണലാക്കാം”. കുഞ്ഞാണ്ടി സംവിധാനം ചെയ്ത് ഞാന്‍ അത് അവതരിപ്പിച്ചു. “വിശ്വരൂപ”ത്തെക്കുറിച്ച് എം ടി, കെ എ കൊടുങ്ങല്ലൂര്‍, എന്‍ പി മുഹമ്മദ്, കാക്കനാടന്‍ എന്നിവര്‍ എഴുതിയതോടെ നാടകം ശ്രദ്ധനേടി.
സുരാസുവിന് പല സ്ഥലത്തുനിന്നും അഭിനന്ദനങ്ങള്‍ വന്നു. അതോടെ അയാളുടെ അഹന്ത വര്‍ധിച്ചു. കള്ളു കുടിച്ച് എല്ലാവരേയും ചീത്ത പറയാന്‍ തുടങ്ങി. അടി കിട്ടാവുന്ന സ്ഥലത്തുനിന്നൊക്കെ ചോദിച്ചുവാങ്ങി. അരാജക ജീവിതംകൊണ്ട് തന്റെ കഴിവുകള്‍ വേണ്ടത്ര പ്രകടിപ്പിക്കാനും അദ്ദേഹത്തിന് കഴിയാതെ പോയി. നാടകത്തിന്റെ എല്ലാവശത്തെ കുറിച്ചും അറിവും ധാരണയും ഉണ്ടായിരുന്നു.
വിശ്വരൂപം ഞാന്‍ ഏറ്റെടുത്ത് റിഹേഴ്‌സല്‍ തുടങ്ങിയപ്പോള്‍ അരൂരില്‍ നിന്ന് ആന്റണി എന്നൊരാള്‍ എന്നെ കാണാന്‍ വന്നു. “വിശ്വരൂപം” അയാള്‍ എഴുതിയതാണെന്ന് പറഞ്ഞു. അത് സുരാസു വായിക്കാന്‍വേണ്ടി വാങ്ങിക്കൊണ്ടു പോയതായിരുന്നത്രെ. ഞാന്‍ ചോദിച്ചു “നിങ്ങള്‍ ഇത്രയും കാലം എവിടെ ആയിരുന്നു. വിശ്വരൂപത്തിന് അവാര്‍ഡ് കിട്ടിയ കാര്യമെല്ലാം പത്രത്തില്‍ വന്നിട്ട് രണ്ട് മാസം കഴിഞ്ഞു. ഞങ്ങള്‍ നാടകം ഏറ്റെടുത്ത് റിഹേഴ്‌സലും തുടങ്ങി. ഒരുപാട് പണച്ചിലവുള്ളതാണ്. ഇനി നിര്‍ത്തിവെക്കാന്‍ പറ്റില്ല.” അയാള്‍ അന്ന് വേദനയോടെയായിരുന്നു പോയത്. അതിനുശേഷം അയാള്‍ പേന എടുത്ത് നാടകമെഴുതിയില്ല എന്ന് സുഹൃത്ത് പറഞ്ഞു.
കോഴിക്കോട് അബ്ദുല്‍ ഖാദര്‍ എന്ന പാട്ടുകാരന്‍
കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പരിചയപ്പെടുന്നതിന്റെ മുമ്പുതന്നെ അദ്ദേഹത്തിന്റെ പാട്ടുകളെല്ലാം എന്നെ ആകര്‍ഷിച്ചിരുന്നു. ഞാന്‍ ഒരു ഹാര്‍മോണിസ്റ്റായി കഴിയുമ്പോള്‍ ഒരിക്കല്‍ ബാബുരാജ് ഇല്ലാത്ത ഒരു ദിവസം എന്നോട് ഹാര്‍മോണിയം വായിച്ച് കൊടുക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഞാന്‍ പലപ്പോഴും അദ്ദേഹത്തിന്റെ കൂടെ ഹാര്‍മോണിസ്റ്റായിട്ട് പോയിട്ടുണ്ട്.
അപ്പോള്‍ അദ്ദേഹം തന്റെ ജീവിതത്തിലെ പല കാര്യങ്ങളും ചര്‍ച്ച ചെയ്യും. അതിനുശേഷമാണ് ഞാന്‍ കല തപസ്യയാക്കിയ കുറെ കലാകാരന്മാരെക്കുറിച്ച് “ഉപാസന” എന്ന നാടകം ചെയ്യുന്നത്. അതില്‍ അദ്ദേഹം കോഴിക്കോട് അബ്ദുല്‍ഖാദര്‍ എന്ന കഥാപാത്രമായിട്ടാണ് അഭിനയിച്ചത്.
“ഉപാസന”യില്‍ ഖാദര്‍ക്ക പാട്ട് പാടുന്ന ഒരു രംഗമുണ്ട്. അതിലെ ഒരു കഥാപാത്രം ഖാദര്‍ക്കയോട് പാട്ടുപാടാന്‍ പറയുമ്പോള്‍ ഖാദര്‍ക്ക പറയുന്നു. “വയ്യ മോളെ, എന്റെ പാട്ട് ഇന്ന് ആരും ഇഷ്ടപ്പെടുന്നില്ല”. “ഇല്ല ഖാദര്‍ക്ക. എനിക്ക് നിങ്ങളുടെ പാട്ട് ഭയങ്കര ജീവനാണ്. എനിക്കു വേണ്ടി പാടൂ.” അപ്പോള്‍ അദ്ദേഹം “എങ്ങിനെ നീ മറക്കും കുയിലേ..” എന്ന പാട്ട് പാടാന്‍ തുടങ്ങി. ഞാനായിരുന്നു ഹാര്‍മോണിയം വായിച്ചിരുന്നത്.
ഞാന്‍ സദസ്സിനെ ശ്രദ്ധിച്ചു. ചില സ്ഥലങ്ങളില്‍ സദസ്സില്‍ നിന്ന് അപസ്വരം ഉയരും. ജനങ്ങള്‍ക്ക് ബോറടിക്കുന്നു എന്ന് തോന്നിത്തുടങ്ങുമ്പോള്‍ ഞാന്‍ കൈകൊണ്ട് കാണിക്കും. അപ്പോള്‍ നാടകത്തിലെ ഒരു കൊമേഡിയന്‍ കയറിവരും. അയാള്‍ പറയും “കുയിലും മയിലുമൊക്കെ… നിങ്ങള്‍ക്ക് വേറെ പണിയില്ലേ ഖാദര്‍ക്ക, ഇപ്പോഴത്തെ ആള്‍ക്കാര്‍ക്ക് ഇഷ്ടം ദം മര് ദം….” എന്ന് പറഞ്ഞുകൊണ്ട് അവന്‍ നീട്ടി പാടും. അപ്പോള്‍ ആളുകള്‍ക്ക് ഭയങ്കര രസമായിരിക്കും.
അതേസമയം തന്നെ പല സ്‌റ്റേജുകളിലും ഈ കൊമേഡിയനോട് വെറുപ്പും തോന്നിയിട്ടുണ്ട്. പാട്ട് നന്നായി ആസ്വദിക്കപ്പെടുന്ന സ്ഥലത്ത് അത് പരിപൂര്‍ണമായി പാടാനുള്ള അവസരം കൊടുത്തിട്ടുണ്ട്.
ഒരിക്കല്‍ കോയമ്പത്തൂരില്‍ വെച്ച് മലയാളി സമാജത്തിനുവേണ്ടി ഇതേ നാടകത്തില്‍ ഖാദര്‍ക്ക പാടി. സദസ്സ് പരിപൂര്‍ണ നിശ്ശബ്ദതയിലായിരുന്നു. പാട്ട് കഴിഞ്ഞപ്പോള്‍ കരഘോഷം ഏറെ നീണ്ടുനിന്നു. അപ്പോള്‍ എനിക്ക് ഒരാശയം തോന്നി. അന്ന് ഖാദര്‍ക്ക സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലാണ്. ഞാന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു. “നാടകത്തിന്റെ ഇടവേളയില്‍ ഖാദര്‍ക്കയുടെ ഒരു ഗാനമേള ഉണ്ടായിരിക്കും. ഈ നാടകത്തിന്റെ സംഘാടകര്‍ നിങ്ങളെ സമീപിക്കും. അപ്പോള്‍ ഖാദര്‍ക്കക്ക് വേണ്ടി നിങ്ങളുടെ നല്ല മനസ്സ് കാണിക്കണം.” നാടകത്തിന്റെ ഇടവേളയില്‍ അദ്ദേഹം കുറച്ച് പാട്ടുകള്‍ പാടി. അന്ന് ഖാദര്‍ക്കക്ക് പിരിഞ്ഞുകിട്ടിയത് എണ്ണായിരം രൂപ. നാടകം ബുക്ക് ചെയ്തതിനേക്കാള്‍ രണ്ടായിരം രൂപ കൂടുതല്‍. അദ്ദേഹത്തിനോട് സദസ്സിനുള്ള സ്‌നേഹവും ആദരവും എത്ര വലുതാണെന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. പണം ഏറ്റുവാങ്ങുമ്പോള്‍ ഖാദര്‍ക്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഇന്ത്യ മുഴുവന്‍ മൂന്ന് തവണ നാടകം അവതരിപ്പിച്ചിട്ടുണ്ട്. എന്റെ ജീവിതം മുഴുവന്‍ നാടകത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചതായിരുന്നു. ഇതിനിടയില്‍ “കലോപാസന” എന്ന സിനിമയും സംവിധാനം ചെയ്തിരുന്നു. രാഘവന്‍ മാഷാണ് അതില്‍ സംഗീതം നല്‍കിയിരുന്നത്. ഹരിഹരന്റെ “ലവ് മേരേജാ”ണ് സംഗീതം ചെയ്ത അടുത്ത ചിത്രം. അതിലെ പാട്ടുകളൊക്കെ അന്ന് ഹിറ്റായിരുന്നു. യേശുദാസ്, എ എം രാജ, വാണിജയറാം എന്നിവര്‍ അതില്‍ പാടിയിട്ടുണ്ട്.
നാടകം എനിക്ക് സന്തോഷവും ദു:ഖവും നല്കിയിട്ടുണ്ട്. എന്റെ കുട്ടി മരിച്ച ദിവസം എനിക്ക് നാടകം അവതരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അന് കല്പറ്റയിലെ ലയണ്‍സ് ക്ലബ്ബിന് വേണ്ടിയായിരുന്നു. “വിശ്വരൂപ”മായിരുന്നു നാടകം. ഞാന്‍ വേണ്ടപ്പെട്ടവരെയൊക്കെ വിവരമറിയിച്ച്, ശവസംസ്‌കാരത്തിനുവേണ്ടിയുള്ള ഏര്‍പ്പാടു ചെയ്തു. സഹായത്തിന് എന്റെ കൂടെ കുഞ്ഞാണ്ടിയും നിലമ്പൂര്‍ ബാലനും ഉണ്ടായിരുന്നു. അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വെസ്റ്റ് ഹില്‍ സെമിത്തേരിയില്‍ അടക്കം ചെയ്ത് എന്റെ ഭാര്യയെ ഒന്നാശ്വസിപ്പിക്കാന്‍പോലും നില്‍ക്കാതെ ഞങ്ങള്‍ കല്‍പറ്റയിലേക്ക് യാത്ര തിരിച്ചു. അന്ന് ഞാന്‍ സ്‌റ്റേജില്‍ കയറിയത് മദ്യപിച്ചിട്ടായിരുന്നു. എന്റെ വിഷമം അത്രത്തോളമായിരുന്നു.

Comments

Popular posts from this blog

മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍ (ഓര്‍മ കുറിപ്പ് ) നജ്മല്‍ ബാബു / അഭിമുഖം 1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷത...
സ്ലംഡോഗ് മില്ല്യെനയറില്‍ നിന്ന് ഇന്ത്യന്‍ സിനിമ പഠിക്കേണ്ട പാഠങ്ങള്‍ സ്ലംഡോഗ് മില്ല്യനയറുടെ ഓസ്‌കാര്‍ വിജയം ഇന്ത്യന്‍ സിനിമക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പുതിയ അവസരങ്ങളും സാധ്യതകളുമാണ് തുറന്നുതരുന്നത്. ഡാനിബോയല്‍ സംവിധാനം ചെയ്ത ഈ സിനിമ ഒരു ഇംഗ്ലീഷ് ചിത്രമാണെങ്കിലും ഇന്ത്യന്‍ നടീനടന്‍മാര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരുടെ പങ്കാളിത്തം ഇന്ത്യന്‍ ഗന്ധമുള്ള സിനിമയാക്കി ഇതിനെ മാറ്റുന്നു. എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിക്കും ഗുല്‍സാറിനും കിട്ടിയ ഓസ്‌കാര്‍ പുരസ്‌കാരങ്ങള്‍ ഇന്ത്യന്‍ സിനിമയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കും ഇന്ത്യന്‍ കലാകാരന്മാരെ ഉപയോഗിച്ച് ഭാവിയില്‍ വരാനിരിക്കുന്ന വിദേശ സിനിമകള്‍ക്കും തുടക്കം കുറിക്കാനുള്ള സാധ്യതകളേറെയാണ്. സ്ലംഡോഗ് മില്ല്യനയര്‍ ഇന്ത്യന്‍ ജീവിതത്തെ ചിത്രീകരിച്ചതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഇന്ത്യന്‍ സിനിമകള്‍ എത്രത്തോളം നമ്മുടെ ജീവിതത്തെ അടയാളപ്പെടുത്തുന്നു എന്ന് പുനര്‍വിചാരം നടത്തേണ്ടതുണ്ട്. 1973ല്‍ പ്രശസ്ത സംവിധായകന്‍ ഋതിക് ഘട്ടക്ക് തന്റെ ഒരു അനുഭവം ഇങ്ങനെ രേഖപ്പെടുത്തുന്നു. “''എന്റെ അവസാനത്തെ ചിത്രമായ 'ജൂക്തി താക്കോ ഔര്...