മെഹ്ഫിലുകളുടെ സായാഹ്നങ്ങള്‍
(ഓര്‍മ കുറിപ്പ് )
നജ്മല്‍ ബാബു / അഭിമുഖം
1962ല്‍ ടൗണ്‍ഹാളില്‍ നടന്ന പരിപാടി ഇപ്പോഴും എന്റെ ഓര്‍മയിലുണ്ട്. നിറഞ്ഞ സദസ്സ്. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേള്‍ക്കാന്‍ ആകാംക്ഷയോടെ ഇരിക്കുന്ന സംഗീതപ്രേമികള്‍. 'പാടാനോര്‍ത്തൊരു മധുരിതഗാനം...' ഡാഡ പാടിക്കഴിഞ്ഞപ്പോള്‍ നിലയ്ക്കാത്ത കരഘോഷം. അന്ന് ആ പാട്ട് വളരെ പോപ്പുലറായി. നാല് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും അതിന്റെ ജനപ്രിയതക്ക് കുറവ് വന്നിട്ടില്ല എന്നതിന്റെ തെളിവാണ് എന്നെക്കൊണ്ട് ആ ഗാനം കഴിഞ്ഞവര്‍ഷം പാടിച്ച് ഗുല്‍മോഹര്‍ എന്ന സിനിമയില്‍ ഉള്‍പ്പെടുത്തിയത്.
രവീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ടാഗോറിന്റെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പത്ത് പ്രശസ്ത ഗായകരെക്കൊണ്ട് പാടിക്കാനുള്ള ഒരു പദ്ധതി ആകാശവാണി തയ്യാറാക്കിയിരുന്നു. അതില്‍ ആദ്യത്തേതാണ് 'ഗീതാഞ്ജലി'യെ അവലംബിച്ച് പി ഭാസ്‌കരന്‍ മാഷ് എഴുതി രാഘവന്‍ മാഷ് സംഗീതം നല്കിയ 'പാടാനോര്‍ത്തൊരു മധുരിതഗാനം......' എന്ന ഗാനം. ഡാഡയുടെ ഏറ്റവും പ്രശസ്തമായ റേഡിയോ ഗാനമായിരുന്നു അത്. പാടൂ പുല്ലാങ്കുഴലേ......., പിയൂഷതാരം...... എന്നിങ്ങനെ ഒട്ടേറെ റേഡിയോ ഗാനങ്ങള്‍ ഡാഡ പാടിയിട്ടുണ്ട്.
ആ കാലം, സൗഹൃദങ്ങള്‍
അന്‍പതുകളില്‍ കോഴിക്കോട് മ്യൂസിക് ക്ലബുകള്‍ സജീവമായിരുന്നു. ഉത്തരേന്ത്യയില്‍ നിന്ന് വന്നിട്ടുള്ള ഒരുപാട് ഗായകര്‍ അന്ന് കോഴിക്കോട്ട് ഉണ്ടായിരുന്നു. രാത്രി ക്ലബ്ബുകളില്‍ ഒത്തുകൂടി പുലരുംവരെ അവര്‍ പാടിയിരുന്നു. സംഗീതപ്രേമികളായ പല കച്ചവടക്കാര്‍ക്കും അന്ന് സ്വന്തമായി ക്ലബ്ബുകള്‍ ഉണ്ടായിരുന്നു. അവര്‍ തന്നെയായിരുന്നു അത് നടത്തിയിരുന്നതും, വാടക കൊടുത്തിരുന്നതും. മൂപ്പന്റെ മാളിക, എവറസ്റ്റ് മ്യൂസിക് ക്ലബ്, ബ്രദേഴ്‌സ് മ്യൂസിക് ക്ലബ് എന്നിവ അവയില്‍ ചിലതാണ്. കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദിക്കയും കെ ടി മുഹമ്മദും ചേര്‍ന്ന് 1950ന്റെ തുടക്കത്തിലാണ് ബ്രദേഴ്‌സ് മ്യൂസിക് ക്ലബ് സ്ഥാപിച്ചത്. ബാബുരാജും ഡാഡയും ആ ക്ലബ്ബുകളിലെ നിത്യസന്ദര്‍ശകരായിരുന്നു. അവിടെ പാടിയിരുന്ന ഹിന്ദുസ്ഥാനി ഗായകരില്‍ നിന്നാവും ഡാഡ സംഗീതം പഠിച്ചതെന്ന് തോന്നുന്നു. എന്തും എളുപ്പം പഠിക്കാനുള്ള ഒരു സാമര്‍ഥ്യം അദ്ദേഹത്തിന് ഉണ്ടായിരുന്നു.
ബാബുരാജും ഡാഡയും അടുത്ത സുഹൃത്തുക്കളായിരുന്നു. കോഴിക്കോട്ടെ കലാസ്‌നേഹിയായ കോണ്‍സ്റ്റബിള്‍ കുഞ്ഞഹമ്മദ്ക്കയാണ് ബാബുരാജിനെ തെരുവില്‍വെച്ച് കണ്ടെത്തിയതും വളര്‍ത്തിയതും. തെരുവില്‍ ഹാര്‍മോണിയം വായിച്ച് നടക്കുകയായിരുന്ന ബാബുരാജിനെ വീട്ടില്‍ കൂട്ടിക്കൊണ്ടു വന്ന് താമസിപ്പിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞഹമ്മദ്ക്കയുടെ മൂത്ത സഹോദരി ആച്ചുമ്മയെ എന്റെ ഡാഡയും ഇളയ സഹോദരി നഫീസയെ ബാബുരാജും കല്യാണം കഴിച്ചു. അന്ന് ഡാഡയും ബാബുരാജുമൊക്കെ കുഞ്ഞഹമ്മദ്ക്കയുടെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഇപ്പോഴത്തെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിന്റെ അടുത്തായിരുന്നു ഞങ്ങള്‍ താമസിച്ചിരുന്നത്.
ബാബുരാജും ഡാഡയും ബന്ധുക്കള്‍ എന്നതിലുപരി ഉറ്റ സുഹൃത്തുക്കള്‍ കൂടിയായിരുന്നു. ബാബുരാജിന്റെ ആദ്യസിനിമയായ 'മിന്നാമിനുങ്ങി'ല്‍ 'എന്തിന് കവിളില്‍ ബാഷ്പധാര..., നീയെന്തറിവൂ നീലതാരമേ......, എത്രനാള്‍ എത്രനാള്‍ ഈ വസന്തം... എന്നീ പാട്ടുകള്‍ ഡാഡയായിരുന്നു പാടിയിരുന്നത്. 1962ല്‍ പുറത്തിറങ്ങിയ 'മാണിക്യക്കൊട്ടാര'ത്തിലാണ് അവസാനമായി പാടിയത്.
വാസുപ്രദീപ് ഡാഡയുടെ ഉറ്റ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. വാസുപ്രദീപിന്റെ 'പ്രദീപ് ആര്‍ട്‌സ്' ആയിരുന്നു പ്രധാനപ്പെട്ട താവളം. 'മായരുതേ വനരാധേ...' എന്ന പ്രശസ്തമായ പാട്ട് വാസുപ്രദീപ് ഒരു നാടകത്തിന് വേണ്ടി എഴുതിയതായിരുന്നു. അതിന്റെ ശൈലി സൈഗളിന്റെ ഒരു പാട്ടുമായി സാദൃശ്യമുണ്ട്. ബാബുരാജ്, തിക്കോടിയന്‍ മാഷ്, ഭാസ്‌കരന്‍ മാഷ്, സെയ്തുമുഹമ്മദ് എന്നിവര്‍ ഒത്തു ചേരുമ്പോള്‍ പുതിയ പാട്ടുകള്‍ ഉണ്ടാവും. ഭാസ്‌കരന്‍ മാഷ് എഴുതും ബാബുരാജ് ട്യൂണ്‍ നല്കും ഡാഡ പാടും.
ദേശ് രാഗത്തിലെ പാട്ടുകള്‍
ദേശ് രാഗത്തിലുള്ള പാട്ടുകളായിരുന്നു അദ്ദേഹത്തിന് ഏറ്റവും പ്രിയം. എല്ലാ രാഗത്തിലും പാടുമെങ്കിലും ദേശ് രാഗത്തോട് പ്രത്യേക ഇഷ്ടമായിരുന്നു. അതിന്റെ കാരണം എന്താണെന്ന് ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'സൈഗളിന്റെ പല പാട്ടുകളും ദേശ് രാഗത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്' അവയുടെ മാതൃകയില്‍ പലതും ബാബുരാജ് ചിട്ടപ്പെടുത്തിയിട്ടുണ്ട്. ദേശില്‍ പ്രശസ്തമായ 'ഒരു പുഷ്പം മാത്രം...., ശംഖുപുഷ്പം കണ്ണെഴുതുമ്പോള്‍...., ഇതുമാത്രം ഇതുമാത്രം...., മായരുതേ വനരാധേ...' എന്നീ പാട്ടുകള്‍ ദേശിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. അനുകരിക്കാന്‍ പറ്റാത്തതാണ് ഡാഡയുടെ ആലാപനശൈലി. മുഹമ്മദ് റഫിയെ, യേശുദാസിനെ അങ്ങനെ പല ഗായകരെയും അനുകരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷേ അബ്ദുല്‍ ഖാദറിനെ ആര്‍ക്കും അനുകരിക്കാന്‍ പറ്റിയിട്ടില്ല. ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എനിക്ക് പറ്റിയിട്ടില്ല. എന്റെ അനിയന്‍ ശ്രമിച്ചിട്ടുണ്ട് അവനും പറ്റിയിട്ടില്ല. അതിനു കാരണം അദ്ദേഹത്തിന്റെ ആലാപനശൈലിയും ശബ്ദവുമാണ്. മറ്റാരും ശ്രദ്ധിക്കാത്ത ഒരു കാര്യം അദ്ദേഹം പാടുന്നത് ഒരു മലയാളി പാടുന്നതു പോലെയല്ല. ഒരു ബംഗാളി പാടുന്നത് പോലെയാണ്. ബംഗാളിലെ രബീന്ദ്രസംഗീതത്തിന്റെ ശൈലിയിലാണ്. പാശ്ചാത്യസംഗീതവും പൗരസ്ത്യസംഗീതവും തമ്മിലുള്ള ഒരു കൂടിച്ചേരല്‍ അതില്‍ കാണാന്‍പറ്റും.
മലബാര്‍ സൈഗാള്‍
കെ എല്‍ സൈഗാള്‍, പങ്കജ് മല്ലിക്ക്, സി എച്ച് ആത്മ, തലത്ത് മഹമൂദ് എന്നിവരായിരുന്നു ഡാഡയുടെ പ്രിയപ്പെട്ട ഗായകര്‍. അതില്‍ ഏറ്റവും പ്രിയം സൈഗാളിന്റെ പാട്ടുകളോടായിരുന്നു. എച്ച് എം വിക്ക് വേണ്ടി ചില പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ 1950ല്‍ അദ്ദേഹം മുംബൈക്ക് പോയി. മുംബൈയിലെ ഷണ്‍മുഖാനന്ദഹാളില്‍വെച്ച് സൈഗാളിന്റെ പാട്ടുകള്‍ മനോഹരമായി പാടി അദ്ദേഹം സദസ്സിനെ വശീകരിച്ചു. അന്ന് മുംബൈ ക്രോണിക്കിള്‍ വാരികയുടെ എഡിറ്റര്‍ അബ്ദുല്‍ ഖാദറിനെ 'മലബാര്‍ സൈഗാള്‍' എന്നു വിശേഷിപ്പിച്ചു. ആ സംഭവത്തിന് ശേഷം ചില ഹിന്ദി സിനിമകളില്‍ പാടാനുള്ള ക്ഷണം ഡാഡക്ക് കിട്ടിയിരുന്നു. പക്ഷേ നാട്ടിലെ ഒരു ബന്ധുവിന്റെ മരണംമൂലം മുബൈയില്‍ നിന്ന് പെട്ടെന്ന് തിരിച്ചുവരേണ്ടിവന്നു. അതോടെ ആ അവസരങ്ങള്‍ നഷ്ടമായി.
പങ്കജ് മല്ലിക്കിന്റെ 'നാക്കര്‍ ഇത്തനാ പ്യാര്‍.....' എന്ന പാട്ട് 'കണ്‍മണി ചൊല്ലുക നീ, കണ്ണിണ എന്തേ നനഞ്ഞ്..' എന്ന് മലയാളത്തിലേക്ക് മാറ്റി പാടിയിട്ടുണ്ട്. ഭാസ്‌കരന്‍മാഷാണ് ആ പാട്ട് എഴുതിയത്. തലത്ത് മഹമൂദിന്റെ 'സീനെമെ സുലഗ്‌തെ യേ താര്‍മാന്‍' എന്ന പാട്ട് നവലോകം (1951) എന്ന സിനിമയില്‍ 'പരിതാപമിതേ, ഹാ ജീവിതമേ..' എന്ന് പാടിയിട്ടുണ്ട്.
മുംബൈയില്‍ വെച്ചാണ് അദ്ദേഹം പങ്കജ് മല്ലിക്കിനെ പരിചയപ്പെടുന്നത്. പിന്നീട് അടുത്ത സുഹൃത്തുക്കളായി. പങ്കജ് മല്ലിക്കിനെ കോഴിക്കോട് പരിപാടി നടത്താന്‍ കൊണ്ടുവന്നിരുന്നു. കോറണേഷന്‍ തിയേറ്ററില്‍ വെച്ചായിരുന്നു പരിപാടി.
1957 ലാണ് തലത്ത് മഹമൂദ് ആദ്യമായി കോഴിക്കോട്ട് വരുന്നത്. ഞാന്‍ അന്ന് സ്‌കൂളില്‍ പഠിക്കുകയാണ്. കേള്‍വിക്കാരായി ഒരു വലിയ ആസ്വാദകസമൂഹം തന്നെയുണ്ട്. അതൊരു വലിയ അനുഭവമായിരുന്നു. പാട്ടിന്റെ ഇടവേളയില്‍ ബാബുരാജ് ഹാര്‍മോണിയം വായിച്ചു. തലത്ത് അത് പ്രോത്സാഹിപ്പിച്ചു. അതുകഴിഞ്ഞ് ഏതാണ്ട് ഇരുപത് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാബുരാജ് സംഗീതം നല്കിയ 'ദ്വീപി'ല്‍ തലത്ത് 'കടലേ, നീലക്കടലേ..' എന്ന പാട്ട് പാടുന്നത്.
സിനിമ, ക്രിക്കറ്റ്
എട്ട് വയസ്സുള്ളപ്പോള്‍ മുതല്‍ ഡാഡ എന്നെ സിനിമക്ക് കൊണ്ടുപോവുമായിരുന്നു. ഇംഗ്ലീഷ് സിനിമകളുടെ വലിയൊരു ആരാധകനായിരുന്നു അദ്ദേഹം. ഡേവിഡ് ലീനായിരുന്നു ഇഷ്ട സംവിധായകന്‍. ഡേവിഡ് ലീനിന്റെ 'ദ ബ്രിഡ്ജ് ഓണ്‍ ദ റിവര്‍ ക്വായ്', ഡോ ഷിവാഗോയുടെ 'എ പാസ്സേജ് ടു ഇന്ത്യ', 'ലോറന്‍സ് ഓഫ് അറേബ്യ' എന്നീ സിനിമകളെക്കുറിച്ച് എന്നോട് പറയുമായിരുന്നു. അദ്ദേഹം ഇഷ്ടപ്പെട്ട സിനിമകളെ കുറിച്ച് എനിക്ക് വിവരിച്ചു തരും. കുട്ടിയായ എനിക്ക് പല സിനിമകളും മനസ്സിലായില്ല. ഞാന്‍ അവ പലതവണ കാണുമായിരുന്നു.
ഗുരുദത്തിന്റെ 'പ്യാസ'യെക്കുറിച്ച് പറഞ്ഞത് ഇപ്പോഴും ഓര്‍മയുണ്ട്. ആ കാലത്ത് അങ്ങനെയൊരു പടം ഉണ്ടായിട്ടില്ല. റഫിയുടേയും ഗീതാദത്തിന്റെയും മികച്ച പാട്ടുകള്‍. നല്ല കഥ. ഗീതാദത്തിന്റെ ജാനെ ക്യാ തൂനേ കഹി... എന്ന പാട്ട് ആര്‍ക്കാണ് മറക്കാന്‍ കഴിയുക? ഗുരുദത്തിന്റെ മറ്റൊരു സിനിമയായ 'കാഗസ് കേ ഫൂല്‍' ഡാഡ പത്ത് തവണയെങ്കിലും കണ്ടിരിക്കും. അതില് വക്ത്‌നേ കിയാ ക്യാ ഹസീന്‍ സിക്തം...., ദേഖീ സമാനെ കിയാരി.... എന്നീ പാട്ടുകള്‍ അത്രക്ക് പ്രിയപ്പെട്ടവ ആയിരുന്നു. ശാന്താറാമിന്റെ ജനക് ജനക് പായല്‍ പായല്‍ ഡാഡയും ബാബുക്കയും എല്ലാ ഷോയും കണ്ടിരുന്നു. വസന്ത് ദേശായി ആയിരുന്നു അതിന്റെ സംഗീതം. അതിലെ പാട്ടുകള്‍ കേള്‍ക്കാന്‍ വേണ്ടി മാത്രമായിരുന്നു അത്രയുംതവണ പടം കണ്ടിരുന്നത്. അവസാന നാളുകളില്‍ കണ്ട ആനന്ദ്, അഭിമാന്‍ എന്നീ സിനിമകളെകുറിച്ച് താല്പര്യത്തോടെ സംസാരിച്ചിരുന്നു. അവ മദ്രാസില്‍വെച്ചാണ് കണ്ടത്. 'ആനന്ദി'ല്‍ മുകേഷ് പാടിയ 'കഹിദൂര് ജബ്ദിന്‍....' എന്ന പാട്ട് വലിയ ഇഷ്ടമായിരുന്നു. ആ പാട്ട് എപ്പോഴും എന്നെ പാടി കേള്‍പ്പിക്കാറുണ്ടായിരുന്നു.
പ്രാവിനെ വളര്‍ത്തുന്നതില്‍ വലിയ കമ്പമായിരുന്നു. ചിലപ്പോള്‍ ഒരു ദിവസം മുഴുവന്‍ അതിനായി ചിലവഴിക്കും. പാട്ട് പാടുന്നതിനേക്കാള്‍ കൂടുതല്‍ സമയം അതിന് ചിലവഴിച്ചിട്ടുള്ള ദിവസങ്ങളും ഉണ്ട്. ക്രിക്കറ്റ് കളി യില്‍ വലിയ താല്‍പര്യമായിരുന്നു. എനിക്ക് ചെറുപ്പത്തില്‍ തന്നെ ബാറ്റ് വാങ്ങി തന്നിട്ടുണ്ട്. അന്ന് ഈ കളി അറിയാവുന്നവര്‍ ചുരുക്കമായിരുന്നു. ആ കാലത്ത് കോഴിക്കോട് കോമണ്‍വെല്‍ത്ത് കമ്പനിയില്‍ ജോലിചെയ്തിരുന്ന സായിപ്പുമാര്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ഡാഡ പല ദിവസങ്ങളിലും അത് കാണാന്‍ പോയിരുന്നു. അവര്‍ എണ്ണത്തില്‍ കുറവായിരുന്നതുകൊണ്ട് ഡാഡയേയും കളിക്കാന്‍ വിളിച്ചിരുന്നു. അവരുടെ കൂടെയുള്ള ക്രിക്കറ്റ് കളി അദ്ദേഹത്തിന് വലിയ ആവേശമായിരുന്നു. ഫുട്ബാള്‍, ക്രിക്കറ്റ് എന്നിവ സംഘടിപ്പിക്കുക, നാടകം കളിക്കുക, ക്ലബ് മ്യൂസിക്ക് ക്ലബ് ഉണ്ടാക്കുക എന്നിവയൊക്കെയും ഡാഡയും ബാബൂക്കയും അടക്കമുള്ള സുഹൃത്തുക്കള്‍ താല്പര്യത്തോടെ ചെയ്തിരുന്നു. ഇന്നത്തെ പോലെയല്ല, അന്ന് സാമൂഹ്യ ജീവിതത്തില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായിരുന്നു.
ശോകാര്‍ദ്രം ജീവിതം
വൈകാരികമായ പാട്ടുകളാണ് അദ്ദേഹം പാടിയിരുന്നത്. ശോകഗാനങ്ങളോടായിരുന്നു താല്പര്യം. ഡാഡയുടെ ജീവിതം തന്നെ വിഷാദമായ ഒരു ഗാനം പോലെയായിരുന്നു. ഒരു ക്രിസ്ത്യാനിയായി ജനിച്ച്(ലെസ്‌ലി ആന്‍ഡ്രൂസ് എന്നായിരുന്നു ആദ്യപേര്) അച്ഛനെ ധിക്കരിച്ച് മുസ്‌ലിമായി മതം മാറി. അദ്ദേഹം വളരെ സ്‌നേഹിക്കുന്ന അച്ഛനായിരുന്നു. എങ്കിലും അദ്ദേഹത്തെ ധിക്കരിച്ച് മതം മാറിയതിന്റെ ഒരു കുറ്റബോധം ഡാഡയുടെ മനസ്സില്‍ കുറെ കാലം ഉണ്ടായിരുന്നു. അത് എന്നോടു പറഞ്ഞിട്ടുണ്ട്. അതായിരിക്കും ആ പാട്ടുകളില്‍ ഒരു ശോകച്ചുവ വരാന്‍ കാരണം. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചുപോയതുകൊണ്ട് അച്ഛനായിരുന്നു അദ്ദേഹത്തെ വളര്‍ത്തിയിരുന്നത്.
ഒരിക്കല്‍ ചിറ്റൂര്‍ കോളേജില്‍ ഞങ്ങള്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ പോയി. തിങ്ങി നിറഞ്ഞ സദസ്സായിരുന്നു. അധ്യാപകരും, വിദ്യാര്‍ഥികളും രക്ഷിതാക്കളും എല്ലാവരും ഉണ്ടായിരുന്നു. ആദ്യത്തെ പാട്ടുകള്‍ ഞാന്‍ പാടി. തുടര്‍ന്ന് ഡാഡ പാടിത്തുടങ്ങിയപ്പോള്‍ സദസ്സിന്റെ മുന്‍വശത്ത് ഇരുന്ന രണ്ടുമൂന്ന് സ്ത്രീകള്‍ കരയുന്നത് ഞാന്‍ കണ്ടു. ശോകഗാനങ്ങള്‍ അത്ര തന്മയത്വത്തോടെയായിരുന്നു അദ്ദേഹം പാടിയിരുന്നത്. മറ്റൊരു പാട്ടുകാരന്‍ പാടുമ്പോഴും ആളുകള്‍ കരയുന്നത് ഞാന്‍ കണ്ടിട്ടില്ല. ഡാഡ പാടുമ്പോള്‍ ഞാന്‍ തന്നെ കരഞ്ഞിട്ടുണ്ട്. സ്റ്റേജിന്റെ പിന്നില്‍നിന്ന്, ഓരോന്ന് ഓര്‍ത്തുകൊണ്ട്.
ഒരിക്കല്‍ 'അച്ഛന്‍' എന്ന സിനിമയിലെ പാട്ടുകള്‍ പാടാന്‍ സ്റ്റുഡിയോവില്‍ എത്തിയതായിരുന്നു അദ്ദേഹം. സംഗീതസംവിധായകനായ ബ്രദര്‍ ലക്ഷ്മണിന്റെ കൂടെ സിഗരറ്റ് വലിച്ചുകൊണ്ട് എന്തോ ചര്‍ച്ചയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഡാഡ. അപ്പോള്‍ മെരിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യം കയറിവന്നു. അദ്ദേഹത്തിന് അബ്ദുല്‍ഖാദറിന്റെ ആ ഇരിപ്പും അദ്ദേഹത്തിന്റെ മുന്നില്‍വെച്ച് സിഗരറ്റ് വലിക്കുന്നതും ഇഷ്ടപ്പെട്ടില്ല. സുബ്രഹ്മണ്യം സംഗീതസംവിധായകരെ അടുത്തേക്ക് വിളിച്ചു പറഞ്ഞു: 'ഒരു പാട്ടല്ലേ പാടിയിട്ടുള്ളൂ. അതുമതി. ഇനി പാട്ടൊന്നും പാടിക്കേണ്ട'.
നിണമണിഞ്ഞ കാല്പാടുകള്‍ എന്ന സിനിമയിലെ അനുരാഗനാടകത്തില്‍...... എന്ന പാട്ട് ഡാഡയെക്കൊണ്ട് പാടിക്കാനായിരുന്നു ആദ്യം ബാബുരാജ് തീരുമാനിച്ചിരുന്നത്. അതിനിടെ, അവര്‍ തമ്മില്‍ എന്തോ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായി. അങ്ങനെയാണ് ആ പാട്ട് അദ്ദേഹത്തിന് നഷ്ടമാവുന്നത്. പിന്നീട് ഉദയഭാനുവാണ് അത് പാടിയത്. ഡാഡയുടെ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നായിരുന്നു അത്. ചിലപ്പോള്‍ തന്റെ ജീവിതവുമായി എന്തോ സാമ്യം അദ്ദേഹം ആ പാട്ടില്‍ കണ്ടിട്ടുണ്ടാവും.
അവസാന നാളുകളില്‍ ഡാഡ തികച്ചും അസ്വസ്ഥനായിരുന്നു. ഹൃദയാഘാതം വന്ന് കാലിക്കറ്റ് നഴ്‌സിംഗ് ഹോമില്‍ അഡ്മിറ്റ് ചെയ്തു. അത് 1977 ഫിബ്രവരി 11 വെള്ളിയാഴ്ചയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഫിബ്രവരി 13ന് ആശുപത്രിയില്‍ വെച്ചു തന്നെ മരിക്കുകയും ചെയ്തു.
Comments
Post a Comment