ജൂലായ് 19 കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ തൊണ്ണൂറ്റി അഞ്ചാം ജന്മദിനമാണ്
മലയാളിയടെ ഹൃദയത്തില്‍ മധുരമായ, വേദന നിറഞ്ഞ ഗാനങ്ങള്‍ സമ്മാനിച്ച കോഴിക്കോട് അബ്ദുല്‍ ഖാദറിനെക്കുറിച്ചുള്ള നടന്‍ മാമുക്കോയയുടെ ഓര്‍മ
മാനാഞ്ചിറ മൈതാനിയില്‍ കെ ടി മുഹമ്മദിന്റെ നാടകം 'ചുവന്ന ഘടികാരം' കളിക്കുന്നു. അതിനോടനുബന്ധിച്ച് കോഴിക്കോട് അബ്ദുല്‍ ഖാദര്‍, ബാബുരാജ്, ശാന്താദേവി എന്നിവരുടെ ഗാനമേള ഉണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനമാണ്. അന്ന് ജനങ്ങളെ ആകര്‍ഷിക്കാന്‍ പാര്‍ട്ടി സമ്മേളനത്തിന്റെ കൂടെ നാടകവും ഗാനമേളയുമൊക്കെ ഉണ്ടാവുക പതിവാണ്. അന്നാണ് ഖാദര്‍ക്കയെ ഞാന്‍ ആദ്യമായി കാണുന്നത്. വളരെ ദൂരെ നിന്ന്. വെളുത്ത് മെലിഞ്ഞ് ഒരു സുന്ദരമായ രൂപം. പിന്നെ അടുത്ത് നിന്ന് കണ്ടു. പരിചയപ്പെട്ടു. നല്ല സൗഹൃദമായി.
കോഴിക്കോട്ടെ ഞങ്ങളുടെ പ്രധാന കേന്ദ്രം വാസുപ്രദീപിന്റെ പ്രദീപ് ആര്‍ട്‌സ് ആയിരുന്നു. വര്‍ഷം 1972. എന്റെ കല്യാണം നിശ്ചയിച്ചിട്ടുണ്ട്. കത്ത് അടിക്കാന്‍ കാശില്ല. ഞാന്‍ ആ കാര്യം വാസുവേട്ടനോട് പറഞ്ഞു. അദ്ദേഹം കത്തെഴുതി തന്നു. ആദ്യത്തെ കത്ത് തന്നെ ഖാദര്‍ക്കയ്ക്ക് കൊടുത്തു. ഞാന്‍, വാസുവേട്ടന്‍, കവി മാഷ് എന്നിവര്‍ എല്ലാവരും കൂടിയാണ് അദ്ദേഹത്തെ ക്ഷണിക്കാന്‍ പോയത്. ഞാന്‍ ഖാദര്‍ക്കയോട് പറഞ്ഞു: 'എനിക്ക് വാപ്പ ഇല്ല. ഖാദര്‍ക്ക കല്യാണവീട്ടില്‍ വന്ന് വാപ്പയുടെ സ്ഥാനം അലങ്കരിച്ച് ഇരിക്കണം.' അദ്ദേഹം കല്യാണത്തിന് വന്നു. കല്യാണത്തോടനുബന്ധിച്ച് കുട്ടികളുടെ ഗാനമേള ഉണ്ടായിരുന്നു. ഖാദര്‍ക്ക അവശനായിരുന്നു. നല്ല സുഖമില്ല. ഖാദര്‍ക്ക പാടേണ്ട എന്ന് ഞാന്‍ പറഞ്ഞു. എന്നിട്ടും ആവേശം വന്നപ്പോള്‍ അദ്ദേഹം സ്റ്റേജില്‍ കയറി പാടി. രണ്ടുവരി മാത്രമേ പാടാന്‍ കഴിഞ്ഞുള്ളൂ.
അക്കാലത്ത് കലാകാരന്‍മാരുടെ സ്ഥിതി കഷ്ടമാണ്. ആരും സാമ്പത്തികമായി നല്ല സ്ഥിതിയിലായിരുന്നില്ല. പക്ഷേ, സ്‌നേഹവും സൗഹൃദവും വേണ്ടുവോളം ഉണ്ടായിരുന്നു. വൈകുന്നേരങ്ങളില്‍ പ്രദീപ് ആര്‍ട്‌സ്, സൈതുമുഹമ്മദിന്റെ ലിറിക്‌സ് കോര്‍ണര്‍ (സിനിമാ പാട്ട് പുസ്തക കട) ആഹ്വാന്‍ സെബാസ്റ്റ്യന്റെ മ്യൂസിക്കല്‍ തിയേറ്റേഴ്‌സ്, എ കെ പുതിയങ്ങാടിയുടെ യുണൈറ്റഡ് ഡ്രമാറ്റിക് അക്കാദമി എന്നിവയായിരുന്നു കലാകാരന്‍മാരുടെ പ്രധാന താവളങ്ങള്‍. വൈകുന്നേരം ആകുമ്പോഴേക്കും എല്ലാവരും എത്തും. പിന്നെ ചര്‍ച്ചയാണ്. സംഗീതത്തെപ്പറ്റി, വായിച്ച പുസ്തകങ്ങളെ പറ്റി അങ്ങനെ പലതും. അന്ന് വലുപ്പച്ചെറുപ്പം ഇല്ലായിരുന്നു. എസ് കെ പൊറ്റക്കാടും കെ എ കൊടുങ്ങല്ലൂരും തുടങ്ങി ഞാനും വടേരി ഹസ്സനും വരെ സംഘത്തില്‍ ഉണ്ടാവും. ഞങ്ങളൊന്നും സാഹിത്യകാരന്‍മാരായിരുന്നില്ല.
ഖാദര്‍ക്കയ്ക്ക് സംഗീതഉപകരണങ്ങള്‍ വായിക്കാന്‍ അറിയില്ലായിരുന്നെങ്കിലും സ്റ്റേജില്‍ ഏതെങ്കിലും ഉപകരണത്തില്‍ അപശ്രുതി വന്നാല്‍ അവ കൃത്യമായി മനസ്സിലാവുമായിരുന്നു. ഉദാഹരണമായി അഞ്ച് വയലിന്‍ ഉണ്ടെങ്കില്‍, മൂന്നാമത്തെ ആളാണ് തെറ്റിച്ചതെങ്കില്‍ അയാളെ തന്നെ തുറിച്ചുനോക്കുമായിരുന്നു. അത്രയും സൂക്ഷ്മത ഉണ്ടായിരുന്നു അദ്ദേഹത്തിന്.
മൂന്ന് മതത്തിലും വേരുകളുള്ള ഒരു അപൂര്‍വ മനുഷ്യനായിരുന്നു ഖാദര്‍ക്ക. ലെസ്‌ലി ആന്‍ഡ്രൂസ് മതം മാറിയാണല്ലോ കോഴിക്കോട് അബ്ദുല്‍ ഖാദറായത്. അദ്ദേഹത്തിന്റെ ബന്ധുക്കള്‍ എല്ലാം ക്രിസ്ത്യാനികള്‍ ആയിരുന്നു. മറ്റൊരു ഭാര്യയായ ശാന്താദേവിയും മകന്‍ സത്യജിത്തും ഹിന്ദുവായിരുന്നു. ഖാദര്‍ക്ക മുസ്‌ലിമായിട്ടാണ് മരിച്ചത്. മയ്യത്തു കൊണ്ടു പോവുമ്പോള്‍ ഈ മൂന്ന് സമുദായക്കാരും കൂടെ പോയിരുന്നു. ഞാന്‍ ആലോചിച്ചു. ഇത്രയും മതസൗഹാര്‍ദം പ്രയോഗത്തില്‍കാണിച്ചു തന്ന മനുഷ്യന്‍ ഖാദര്‍ക്കയല്ലാതെ മറ്റാരാണ്?
Comments
Post a Comment