നാടകവും ജീവിതവും
ശാന്താ ദേവി/ നദീം നൗഷാദ്
കോഴിക്കോട് പൊറ്റമ്മലിലെ തോട്ടത്തില്‍ തറവാട്ടിലായിരുന്നു ഞാന്‍ ജനിച്ചത്. പത്ത് മക്കളില്‍ ഏഴാമത്തെ കുട്ടിയായിരുന്നു. പുതിയറയിലെ സാധാരണ സ്‌കൂളിലായിരുന്നു പഠനം. സ്‌കൂള്‍ വാര്‍ഷികത്തില്‍ നൃത്തത്തിനും പാട്ടിനുമൊക്കെ പങ്കെടുത്തിരുന്നു. എന്നാല്‍ അക്കാലത്ത് നാടകങ്ങളില്‍ അഭിനയിച്ചിരുന്നില്ല. എനിക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയുണ്ടായിരുന്നു. അക്കാരണം കൊണ്ട് എട്ടാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തേണ്ടി വന്നു. ആ കാലത്ത് അങ്ങിനെയായിരുന്നു പെണ്‍കുട്ടികളെ പ്രായമായാല്‍ പഠിക്കാന്‍ പറഞ്ഞയച്ചിരുന്നില്ല.
പതിനെട്ടാം വയസില്‍ എന്റെ കല്യാണം നടന്നു. വലിയ ആഘോഷങ്ങളൊന്നുമില്ലായിരുന്നു. അമ്മയുടെ അമ്മാമന്റെ മകന്‍ ബാലകൃഷ്ണമേനോനായിരുന്നു വരന്‍. നാഗപട്ടണത്ത് റെയില്‍വെ ഗാര്‍ഡായിരുന്നു. വിവാഹത്തിന് ശേഷം ഞങ്ങള്‍ പല സ്ഥലത്തും താമസിച്ചു. മൂത്ത മകന്‍ സുരേഷ്ബാബുവിനെ പ്രസവിച്ച ഏഴ് മാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം എന്നെ എന്റെ വീട്ടില്‍ കൊണ്ടു ചെന്നാക്കി. കാരണം എന്താണെന്ന് അറിയില്ല. എന്റെ ജീവിതം പ്രതിസന്ധിയിലായി. ജ്യേഷ്ഠന്‍മാരുടെ കൂടെ അവര്‍ക്കൊരു ഭാരമായി ജീവിക്കേണ്ടി വന്നു. അച്ഛന്‍ മരിച്ചപ്പോള്‍ തറവാട് സ്വത്തു വിറ്റു. ഭര്‍ത്താവ് ഉപേക്ഷിച്ച് ഒരു കുട്ടിയുമായി വീട്ടില്‍ വന്നു നില്‍ക്കുന്ന ഞാന്‍ ഒരധിക പറ്റായി സഹോദരന്‍മാര്‍ക്ക് അനുഭവപ്പെടുന്നതായി തോന്നി. നാത്തൂന്‍മാരുടെ കറുത്ത മുഖങ്ങള്‍ എന്നെ വേദനിപ്പിച്ചു. ഒരു മകനുള്ളത് കൊണ്ട് ആത്മഹത്യ ചെയ്യാനും തോന്നിയില്ല.
തന്റെ സ്ഥിതി അറിഞ്ഞ് ഒരു ദിവസം കോഴിക്കോട് അബ്ദുല്‍ഖാദര്‍ വന്നു. അദ്ദേഹം മുമ്പ് എന്റെ വീടിനടുത്താണ് താമസിച്ചിരുന്നത്. അന്ന് മുതലുള്ള ബന്ധമാണ്. ഞങ്ങള്‍ ഒരേ വീട് പോലെയായിരുന്നു കഴിഞ്ഞിരുന്നത്. അദ്ദേഹത്തിന് എന്റെ അഴവസ്ഥയില്‍ ദുഖമുണ്ടായിരുന്നു. ആദ്യ വരവ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും വന്നു. വാസുപ്രദീപും നെല്ലിക്കോട് ഭാസ്‌കരന്‍ എന്നിവരുമുണ്ടായിരുന്നു. എന്നെ വാസുപ്രദീപിന്റെ ‘സ്മാരകം’ എന്ന നാടകത്തില്‍ അഭിനയിക്കാന്‍ ക്ഷണിക്കാനായിരുന്നു അവര്‍ വന്നത്. അന്ന് നാടകത്തിന്റെ സജീവ കാലമായിരുന്നു. നാടകം കല മാത്രമായിരുന്നില്ല ഉപജീവനം കൂടിയായിരുന്നു. അന്ന് നാടകത്തില്‍ അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടിയിരുന്നില്ല. അവര്‍ വന്ന കാര്യം പറഞ്ഞു. നാടകത്തില്‍ അഭിനയിക്കാന്‍ ഞാന്‍ പോകണം. ഞാന്‍ ധര്‍മ്മ സങ്കടത്തിലായി. ഞാന്‍ മാറിത്താമസിച്ച സമയമായിരുന്നു അത്. അത് തന്നെ ജ്യേഷ്ഠന്‍മാര്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇനി നാടകത്തില്‍ കൂടി അഭിനയിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ എന്ത് പറയും എന്ന് ഓര്‍ത്ത് എനിക്ക് പേടി വന്നു. ഒടുവില്‍ ഞാന്‍ അഭിനയിക്കാന് തീരുമാനിച്ചു. അത് ജീവിതത്തിലെ ഒരു തുടക്കമായിരുന്നു, എന്റെ കലാജീവിതം തുടങ്ങുന്നത് ഇവിടെ നിന്നാണ്.
അങ്ങിനെ റിഹേഴ്‌സല്‍ തുടങ്ങി. ‘സ്മാരക’ത്തില്‍ ആമിനയെന്നായിരുന്നു എന്റെ കഥാപാത്രത്തിന്റെ പേര്. അത് 1954ല്‍ ആയിരുന്നു അത്. ആദ്യ നാടകത്തിന് 20 രൂപ പ്രതിഫലം കിട്ടി. എന്റെ ജ്യേഷ്ടന്‍മാര്‍ പ്രശ്‌നമൊന്നുമുണ്ടായിക്കിയില്ല. ഒരു പക്ഷെ എനിക്കൊരു വരുമാനം കിട്ടുന്നതില്‍ അവര്‍ സന്തോഷിച്ചിരിക്കാം. ക്രമേണ കൂടുതല്‍ നാടകങ്ങള്‍ കിട്ടിത്തുടങ്ങി. ജീവിത ചിലവുകള്‍ ബുദ്ധിമുട്ടില്ലാതെ നടന്നു. എന്റെ ഭാഗ്യം കൊണ്ട് അഭിനയിക്കുന്ന നാടകങ്ങളൊക്കെ വിജയിച്ചു. വാസുപ്രദീപിന്റെ ‘കടലാസു പൂക്കള്‍’ ‘തൂക്കമൊക്കാത്ത തലമുറകള്‍’ എന്ന നാടകങ്ങളിലും ഞാന്‍ അഭിനയിച്ചു.
കെ ടിയുടെ നാടക സംഘത്തില്‍ ഞാന്‍ ഇന്ത്യയില്‍ ഉടനീളം നാടകം അഭിനയിക്കാന്‍ പോയിട്ടുണ്ട്. ആ സംഘത്തില്‍ ബാബുരാജും കോഴിക്കോട് അബ്ദുല്‍ഖാദറും ഉണ്ടായിരുന്നു. ഞാന്‍ അബ്ദുല്‍ഖാദറിന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്. നാടകമില്ലാത്ത സമയത്ത് അദ്ദേഹം എനിക്ക് സാമ്പത്തിക സഹയം തന്നിരുന്നു. എനിക്ക് അദ്ദേഹത്തില്‍ സത്യജിത്ത് എന്ന മകനുണ്ടായി. അവന്‍ ഗായകനും നടനുമായിരുന്നു. അസുരവിത്ത്, കുട്ട്യേടത്തി, എന്നീ സിനിമകളില്‍ അഭിനയിച്ചു. മൂന്ന് വര്‍ഷം മുമ്പ് അവന്‍ എന്നെ വിട്ട് പോയി. പെരുമ്പാവൂരിലെ ഒരു ലോഡ്ജില്‍ വെച്ചായിരുന്നു അന്ത്യം. ഞാന്‍ അൂബ്ദുല്‍ഖാദറിന്റെ കൂടെ താമസിച്ചിരുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ ഭാര്യക്ക് എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. അവര്‍ നല്ലൊരു സ്ത്രീയായിരുന്നു. നജ്മല്‍ബാബുവിനെ പോലെ അവര്‍ക്ക് സത്യജിത്തിനോടും സ്‌നേഹമായിരുന്നു.
അവസാന നാളുകളില്‍ അദ്ദേഹം തീര്‍ത്തും അവശനായിരുന്നു. കോഴിക്കോട് കാലിക്കറ്റ് നഴ്‌സിംങ് ഹോമില്‍ വെച്ചായിരുന്നു അന്ത്യം. ഹാര്‍ട്ട് അറ്റാക്ക്. എന്നെ നാടകത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ വലിയ മനുഷ്യന്‍ പോയി. ഇനി നാടകത്തിലേക്കില്ലെന്ന് ഞാന്‍ തീരുമാനിച്ച നാളുകളായിരുന്നു അത്. പക്ഷെ മാവൂരിലെ സഖാവ് വിദ്യാധരന്‍ എന്റെ മനസു മാറ്റി. നിങ്ങള്‍ നാടകം ഉപേക്ഷിച്ചാല്‍ നിങ്ങളെ ആ രംഗത്തേക്ക് കൊണ്ടുവന്ന ആളുടെ ആത്മാവ് പൊറുക്കില്ലെന്ന് അയാള്‍ പറഞ്ഞു. അങ്ങനെ അദ്ദേഹം മരിച്ചതിന്റെ അഞ്ചാം ദിവസം എനിക്ക് നാടകത്തിലേക്ക് ഇറങ്ങേണ്ടി വന്നു. കലാരംഗത്തെ വലിയൊരു വേദനയായി ഇന്നും ആ സംഭവം എന്റെ ഓര്‍മ്മയില്‍ നില്‍ക്കുന്നു. ഇങ്ങനെ അനേകം വേദനകളും സന്തോഷങ്ങളുമെല്ലാം ഈ കല എനിക്ക് തന്നു.
ഇപ്പോഴും അഭിനയിക്കുമ്പോള്‍ ഞാന്‍ അബ്ദുല്‍ഖാദറിനെ ഓര്‍ക്കും എന്റെ കലയുടെ ദൈവമാണ് അദ്ദേഹം. ആ ശക്തിയാണ് എന്നെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്.
Comments
Post a Comment