മാധ്യമപ്രവര്‍ത്തനത്തിന്റെ പെണ്ണനുഭവം
ബൈലൈന്‍ / മലീഹ രാഘവയ്യ
സാമൂഹ്യ, വിദ്യാഭ്യാസ പുരോഗതിയുടെ പുറം പൂച്ചില്‍ അഹങ്കരിക്കുന്ന കേരളീയര്‍ അതിനനുസരിച്ച മാന്യത സ്ത്രീകളോടുള്ള പെരുമാറ്റത്തില്‍ പുലര്‍ത്തുന്നുണ്ടോ? പ്രബുദ്ധമെന്ന് തോന്നാവുന്ന മാധ്യമ രംഗത്ത് പോലും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നുവെന്ന് ഏറെക്കാലം ദി ഹിന്ദു പത്രത്തില്‍ റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ച മലീഹ രാഘവയ്യ തുറന്നു പറയുന്നു.
വനിതാ പത്രപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെടുന്നു… അവര്‍ക്ക് രാഷ്ട്രീയ വാര്‍ത്തകള്‍ ചെയ്തു കൂട… ഗൗരവമുള്ള വാര്‍ത്തകള്‍ കയ്യെത്താ ദൂരത്താണ്… എഴുതിയ വാര്‍ത്തകള്‍ വായിച്ച് നോക്കി ചവറ്റു കൊട്ടയിലിടുകയെന്ന മിനിമം നീതി പോലും കാണിക്കാതെ, ഇത്രയൊക്കെ എഴുതിയാല്‍ മതിയെന്ന നിര്‍ദേശം. എഴുത്തു മേശക്കു മുമ്പില്‍ നിഷ്‌ക്രിയമാക്കപ്പെടുന്ന വനിതാ മാധ്യമപ്രവര്‍ത്തനത്തിന്റെ കേരളീയ അനുഭവത്തെക്കുറിച്ച് മലീഹ രാഘവയ്യ കേരളഫഌഷ്‌ന്യൂസിനോട് പറയുന്നു.
കേരളത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന പ്രതിസന്ധികള്‍ ?
സ്ത്രീകള്‍ ചിന്താ ശേഷി കുറഞ്ഞവരാണെന്നാണ് കേരളത്തില്‍ പൊതുവെയുള്ള ധാരണ. മാധ്യമപ്രവര്‍ത്തന മേഖലയിലും ഈ ചിന്ത വ്യാപരിക്കുന്നുണ്ട്. ഗൗരവമുള്ള വാര്‍ത്തകളില്‍ നിന്ന് അവര്‍ മാറ്റി നിര്‍ത്തപ്പെടുന്നു. പൊതുവെ സ്ത്രീകള്‍ക്ക് രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്ന ധാരണയുണ്ട്. നിസ്സാരമായ കുടുംബയോഗങ്ങളും സെമിനാറുകള്‍ക്കും നേര്‍ക്കു മാത്രമേ അവള്‍ നിയോഗിക്കപ്പെടുന്നുള്ളൂ.
പിന്നെ സമയത്തിന്റെ കാര്യം, അത് അവള്‍ അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നമാണ്. വൈകിയുള്ള മാധ്യമപ്രവര്‍ത്തനം അവള്‍ക്ക് ഏറെ ദുഷ്‌കരമാണ്. കേരളത്തില്‍ രാത്രി വൈകി സ്ത്രീ ഡസ്കിലിരിക്കുന്നത് സുരക്ഷാ പ്രശ്‌നമായാണ് പല മാനേജ്‌മെന്റുകളും കാണുന്നത്. അത് കൊണ്ട് തന്നെ റിസ്‌ക് ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവില്ല. പിന്നെ കുടുംബത്തിന്റെ നല്ല പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഈ തൊഴിലെടുക്കാനാവൂ. നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യാനാവാത്തത് അവളെ എപ്പോഴും കുഴക്കാറുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള ചര്‍ച്ചകളിലൊന്നും പങ്കെടുക്കാന്‍ അവള്‍ക്ക് അവസരം ലഭിക്കാറില്ല. പത്രപ്രവര്‍ത്തന മേഖലയിലെ പരസ്പര കൈമാറ്റങ്ങള്‍ അതു മൂലം നടക്കാതെ പോകുന്നു.
രാത്രി ഏഴു മണി കഴിഞ്ഞാല്‍ സ്ത്രീക്ക് സ്വന്തമായി ഓട്ടോ വിളിക്കാന്‍ കഴിയാത്ത സ്ഥലമാണിത്. ഓട്ടോയില്‍ കയറിയാല്‍ സംശയത്തോടെയാണ് ആളുകള്‍ കാണുന്നത്. ഇത് പൊതുവെയുള്ള അവസ്ഥയാണ്. പക്ഷെ കേരളത്തിന് പുറത്തൊന്നും ഇങ്ങനെയല്ല ആളുകള്‍ പെരുമാറുന്നത്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ധൈര്യത്തോടെ ഏത് സമയവും ജോലി ചെയ്യാനാകും. ആളുകള്‍ സംശയത്തോടെ അവളെ നോക്കില്ല. മറ്റ് സംസ്ഥാനങ്ങളില്‍ പൊതു ഇടങ്ങളില്‍ സ്ത്രീകളോട് കാണിക്കുന്ന മാന്യത ശ്രദ്ധിക്കേണ്ടതാണ്. ഒരു സ്ത്രീ ബസ് കയറുകയാണെങ്കില്‍ വളരെ ശ്രദ്ധയോടെ സ്ത്രീ കയറിയെന്ന് ഉറപ്പു വരുത്തിയ ശേഷമേ ബസ് സ്റ്റാര്‍ട്ട് ചെയ്യുകയുള്ളൂ. അവളോട് പ്രത്യേക ശ്രദ്ധ കാണിക്കും. പുരുഷന്‍മാര്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് സ്ത്രീയെ ഇരുത്തുന്ന സ്ഥലങ്ങളുണ്ട്. പക്ഷെ ഇവിടെ സ്ഥിതി നേരെ മറിച്ചാണ്സ്ത്രീ മാധ്യമപ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത് കൊണ്ടുണ്ടാവുന്ന പ്രശ്‌നങ്ങള്‍ ?
നോക്കൂ… സ്ത്രീകള്‍ ഇരയാക്കപ്പെടുന്ന പല വാര്‍ത്തകളും എത്ര നിരുത്തരവാദപരമായാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന് ശ്രദ്ധിച്ചാല്‍ ഇതിന് ഉത്തരം എളുപ്പം പിടികിട്ടും. പ്രത്യേകിച്ചും പെണ്‍വാണിഭങ്ങള്‍ പോലുള്ള വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകളെ പൈങ്കിളിവത്കരിച്ച് പുരുഷ വായനക്കാരെ തൃപ്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇരകള്‍ അനുഭവിക്കുന്ന മാനസിക പീഡനങ്ങളെക്കുറിച്ച് ഒരു വനിതാ മാധ്യമപ്രവര്‍ത്തകക്ക് എളുപ്പം മനസിലാകും. അവളോട് പരുഷന് ചോദിക്കാന്‍ കഴിയാത്ത പലതും ചോദിച്ചറിയാനും അവരുടെ മനസു തുറക്കാനും വനിതാ മാധ്യമപ്രവര്‍ത്തകക്ക് കഴിയും. പക്ഷെ ഇത്തരം സന്ദര്‍ഭങ്ങളില്‍ പോലും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നു. കോഴിക്കോട് റിപ്പോര്‍ട്ടിങ് ഡ്യൂട്ടിയിയിലിരിക്കുമ്പോഴാണ് മെഡിക്കല്‍ കോളജില്‍ പൊള്ളലേറ്റ സത്രീയെ മാനഭംഗപ്പെടുത്തിയെന്ന വാര്‍ത്ത വരുന്നത്. അന്ന് ബ്യൂറോയില്‍ സ്ത്രീ റിപ്പോര്‍ട്ടറായി ഉണ്ടായിരുന്നത് ഞാന്‍ മാത്രമായിരുന്നു. എന്നാല്‍ എന്നെ ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.
പിന്നെ, സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പലതും ഇപ്പോള്‍ പുറത്ത് വരുന്നില്ല. ആകെയുള്ളത് പൈങ്കിളിവത്കരിച്ച പെണ്‍വാണിഭ കഥകളാണ്. അതിനപ്പുറം സ്ത്രീ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.
പത്രപ്രവര്‍ത്തനമെന്നത് മത്സരമാണ്. പലപ്പോഴും സ്ത്രീക്ക് അവളെക്കാള്‍ വളരെ മുകളില്‍ പ്രതിഷ്ടിക്കപ്പെട്ട പുരുഷ പത്രപ്രവര്‍ത്തകനോട് മത്സരിക്കേണ്ടി വരും. സ്ത്രീയെക്കാള്‍ ബൗദ്ധികമായി എത്രയോ ഉയര്‍ന്നവനാണ് താനെന്ന് കരുതുന്ന പുരുഷനൊപ്പം ജോലി ചെയ്യുക അവള്‍ക്ക് പ്രയാസമായിരിക്കും. താന്‍ സുപ്പീരിയറാണെന്ന് ബോധ്യപ്പെടുത്താന്‍ അവന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കും.
കുടുംബത്തിന്റെ നിര്‍ബന്ധവും മറ്റും കാരണം മാധ്യമപ്രവര്‍ത്തക പെട്ടെന്ന് തന്നെ മറ്റ് ജോലികള്‍ തേടി പോകേണ്ടി വരുന്നു. അടുത്തകാലത്തായി കേരളത്തില്‍ കൂടുതലായി കണ്ടുവരുന്ന രീതയാണിത്. കഴിവ് തെളിയിച്ച പല യുവ വനിതാ മാധ്യമപ്രവര്‍ത്തകരും ഇന്ന് രംഗത്ത് നിന്ന് മാറി നില്‍ക്കുകയാണ്. പ്രതിരോധിക്കാനാകെ കീഴടങ്ങുകയായിരുന്നു അവര്‍മാധ്യമപ്രവര്‍ത്തകയെന്ന നിലയില്‍ വേദനിപ്പിച്ച റിപ്പോര്‍ട്ടിംങ് അനുഭവം
കടലുണ്ടി തീവണ്ടി അപകട സമയത്തായിരുന്നു അത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ദൃശ്യങ്ങള്‍ ഭീകരമായിരുന്നു. ഗുരുതരമായി പരിക്കേറ്റ മനുഷ്യരുടെ ദൃശ്യങ്ങള്‍ ഇന്നും ഓര്‍മ്മയെ വേദനിപ്പിക്കുന്നു. പരിക്കേറ്റവരെയുമായി ആംബുലന്‍സ് എത്തിക്കൊണ്ടേയിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും അനുഭവിച്ച വിഭ്രാന്തി. മനുഷ്യ സഹനത്തിന്റെ കാഴ്ചയായിരുന്നു അത്. മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹത്തിന്റെയും. അപകടത്തില്‍പ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാനായി നാട്ടുകാര്‍ നടത്തിയ അതിസാഹസികമായ രക്ഷാപ്രവര്‍ത്തനം. ദുരന്തത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു. മനുഷ്യനന്മയെക്കുറിച്ചുള്ള വലിയൊരു മുഖം തുറക്കപ്പെട്ട സംഭവമായിരുന്നു അത്.
പത്രപ്രവര്‍ത്തന ജീവിതത്തെ തിരിഞ്ഞു നോക്കുമ്പോള്‍ ?
പത്രപ്രവര്‍ത്തന ജോലിയെ ഞാന്‍ സ്‌നേഹിച്ചിരുന്നു. ഞാന്‍ ഉത്സാഹവതിയായാണ് എപ്പോഴും വാര്‍ത്തകളും ഫീച്ചറുകളും തയ്യാറാക്കിയിരുന്നത്. താന്‍ ചെയ്യുന്ന വാര്‍ത്തകളും ഫീച്ചറുകളും ചര്‍ച്ച ചെയ്യപ്പെടുകയും കൂടുതല്‍ ആളുകള്‍ വായിക്കുകയും ചെയ്യുമ്പോള്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ംതൃപ്തിയുണ്ടാവും. അതെനിക്കുമുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫില്‍ കഴിയുന്ന ഭാര്യയുടെ മാനസിക വ്യഥകളെക്കുറിച്ച് ഒരിക്കല്‍ ഞാന്‍ തയ്യാറാക്കിയ സ്റ്റോറിക്ക് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. അതെനിക്ക്് കൂടുതല്‍ സംതൃപ്തി തന്ന അനുഭവമായിരുന്നു. കുട്ടികള്‍ക്കു വേണ്ടി നിരവധി ചെറുകഥകള്‍ ഞാനെഴുതിയിട്ടുണ്ട്. കുട്ടകളുടെയും സ്ത്രീകളുടെയും പ്രശ്‌നങ്ങള്‍ അംഗവൈകല്യം ബാധിച്ചവരുടെ പ്രയാസങ്ങള്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഇവയെല്ലാം എന്നെ എഴുതാന്‍ പ്രചോദിപ്പിച്ചിട്ടുണ്ട്.
ഒരു സെക്യുലര്‍ പത്രത്തില്‍ ജോലി ചെയ്യാന്‍ പറ്റിയതില്‍ ഞാനെന്നും അഭിമാനിക്കുന്നുണ്ട്. ദി ഹിന്ദുവിന്റെ പ്രത്യേകത അത് പുലര്‍ത്തുന്ന തികഞ്ഞ മതേതര സ്വഭാവമാണ്. ബാബറി മസ്ജിദ് പൊളിക്കപ്പെട്ട സമയത്ത് പത്രത്തില്‍ വന്ന മുഖപ്രസംഗം എന്റെ ഓര്‍മ്മയിലുണ്ട്. ഗ്രാമീണ മേഖലകളിലെ റിപ്പോര്‍ട്ടിംഗിന് കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നു.
എനിക്ക് പത്രം നല്ല പിന്തുണ തന്നിരുന്നു. പക്ഷെ കോഴിക്കോട്ടെക്ക് സ്ഥലം മാറ്റം ലഭിച്ച ശേഷം എനിക്ക് മേല്‍ജീവനക്കാരില്‍ നിന്ന് മോശമായ അനുഭവമാണ് ഉണ്ടായത്. പത്രത്തെ അതിന്റെ പേരില്‍ ഒരിക്കലും കുറ്റപ്പെടുത്താന്‍ പറ്റില്ല.
(തയ്യാറാക്കിയത്: നദീം നൗഷാദ്, ഷഹീദ്)
Posted on: നവംബര്‍ 03 2009 11.45 pm IST
Comments
Post a Comment