എങ്ങിനെ മറക്കും ആ ഗാനം
കോഴിക്കോട് അബ്ദുല്‍ഖാദറിനെ യുഎ ഖാദര്‍ ഓര്‍ക്കുന്നു
1950കളില്‍ മലയാള പിന്നണി ഗാനരംഗത്ത് ചലനങ്ങളുണ്ടാക്കിയ ഗായകനായിരുന്നു കോഴിക്കോട് അബ്ദുല്‍ ഖാദര്‍. ‘നീലക്കുയില്‍ ‘ എന്ന സിനിമയിലെ എങ്ങിനെ നീ മറക്കും കുയിലേ എന്ന ഗാനത്തിലൂടെ അബ്ദുല്‍ ഖാദര്‍ മലയാളികളുടെ മനസില്‍ ഇടം നേടി. നവലോകം, തിരമാല, അച്ഛന്‍ , മാണിക്യകൊട്ടാരം, മിന്നാമിനുങ്ങ്, എന്നീ സിനിമകളിലും ഒട്ടേറെ നാടകങ്ങളിലും മികച്ച ഗാനങ്ങള്‍ പാടി. മാണിക്യ കൊട്ടാരം(1966) എന്ന സിനിമയിലെ പരിതാപമിതേ ഹാ ജീവിതമേ എന്ന ഗാനത്തിലൂടെ അദ്ദേഹത്തിന്റെ സിനിമാ ഗാനങ്ങള്‍ക്ക് തിരശ്ശീല വീണു. ഒട്ടേറെ അനശ്വര ഗാനങ്ങള്‍ മലയാളികള്‍ക്ക് നല്‍കിയ ആ സ്വരമാധുരി 1977 ഫിബ്രവരി 13ന് നിലച്ചു
കോഴിക്കോട് അബ്ദുല്‍ ഖാദറിനെ പ്രശസ്ത എഴുത്തുകാരന്‍ യു എ ഖാദര്‍ ഓര്‍ക്കുന്നു.
വര്‍ഷം 1950 കൊയിലാണ്ടിയില്‍ വെച്ച് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ സമ്മേളനം നടക്കുകയാണ്. ആ യോഗത്തില്‍ കോഴിക്കോട് അബ്ദുല്‍ഖാദര്‍ പാടുന്നു. ബാബുരാജ് ഹാര്‍മോണിയം വായിക്കുന്നു. അന്ന് ഖാദര്‍ക്കയെ കണ്ട ചിത്രം ഇന്നും എന്റെ മുന്നിലുണ്ട്.
അതിനിടെ ഞാന്‍ ഖാദര്‍ക്കയെ പരിചയപ്പെട്ടു. ആ സമയത്ത് എന്റെ സുഹൃത്തിന്റെ കല്യാണത്തിന് ഖാദര്‍ക്കയുടെ പാട്ട് വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ‘നവലോകം’ എന്ന സിനിമയിലെ പാട്ടുകള്‍ പാടി ഖാദര്‍ക്ക പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന കാലം. ഞങ്ങള്‍ കോഴിക്കോട് വന്ന് ഖാദര്‍ക്കയെ കണ്ടു. അദ്ദേഹം തിരക്കിലായിരുന്നു. പിന്നണി ഗായകന്‍ എന്ന നിലയിലും പാര്‍ട്ടി വേദികളിലും സജീവം. അദ്ദേഹം വരാമെന്ന് സമ്മതിച്ചു. അന്ന് അതൊരു വലിയ സംഭവമായിരുന്നു. ഖാദര്‍ക്കയെ പോലുള്ള സിനിമാരംഗത്തുള്ള വലിയൊരു പാട്ടുകാരന്‍ കല്യാണവീട്ടില്‍ പാടാന്‍ വരിക എന്നത് തന്നെ വളരെ വലിയ ഒരു കാര്യമാണ്.
ഞാന്‍ ദേശാഭിമാനിയില്‍ ജോലി ചെയ്യുന്ന കാലം. കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ ഇറങ്ങി ഹെഡ് പോസ്റ്റ് ഓഫീസിന്റെ പിന്നില്‍ ക്യൂരിയാല്‍ ഇടവഴികളിയൂടെ (ഇന്നത്തെ നളന്ദ ഹോട്ടല്‍) ആയിരുന്നു പോയിരുന്നത്. അവിടെയായിരുന്നു ഖാദര്‍ക്കയുടെ വീട്. ഞാന്‍ എല്ലാ ദിവസവും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹം നഗരത്തിലൂടെ നടക്കുന്നത് ഫുള്‍ സ്യൂട്ടിലാണ്. നല്ല ഉയരം. തലയെടുപ്പോടെയുള്ള നടത്തം. അദ്ദേഹത്തെ ഏത് സദസില്‍ നിന്നും എളുപ്പം തിരിച്ചറിയാമായിരുന്നു.
പ്രാരാബ്ദവും സാമ്പത്തിക വിഷമങ്ങളും എപ്പോഴും ഖാദര്‍ക്കയെ പിടികൂടിയിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി യോഗങ്ങളില്‍ പാടിയാല്‍ പ്രതിഫലം ഇല്ല. കോഴിക്കോട്ടെ സംഗീത സദസില്‍ പാടുന്നതിനും ഇന്നത്തെ പോലെ കാശ് കിട്ടില്ല. പിന്നെ സിനിമയില്‍ കിട്ടുന്ന അവസരമാണ്. അത് അപൂര്‍വ്വവുമാണ്. സ്വാഭാവികമായും ദാരിദ്ര്യം ഖാദര്‍ക്കയെ വളരെ പതുക്കെ പിടികൂടാന്‍ തുടങ്ങി. ആരോടും തന്റെ വിഷമങ്ങള്‍ പറയാറില്ലായിരുന്നു. പിന്നെ അദ്ദേഹം പൊതു സദസില്‍ നിന്ന് മാറി നില്‍ക്കാന്‍ തുടങ്ങി. സംഗീത രംഗത്ത് സജീവമായ ഖാദര്‍ക്ക പതുക്കെ പിന്‍വലിയാന്‍ തുടങ്ങി. പിന്നെ കോഴിക്കോട്ടെ സംഗീത ലോകം ഖാദര്‍ക്കയെ മറന്ന് തുടങ്ങി. ഖാദര്‍ക്ക ഏതാണ്ട് ഒറ്റപ്പെട്ട ദ്വീപിലേക്ക് പിന്‍മാറിയത് പോലെ ആയിരുന്നു. ഈ അവസ്ഥയിലും ഞാന്‍ ഖാദര്‍ക്കയെ കണ്ടിട്ടുണ്ട്.
പ്രാവ് വളര്‍ത്തലില്‍ വലിയ കമ്പമായിരുന്നു ഖാദര്‍ക്കക്ക്. ആകാശത്തേക്ക് പറന്നു പോയ പ്രാവുകളെ താല്‍പര്യപൂര്‍വ്വം നോക്കി നില്‍ക്കുന്ന ഖാദര്‍ക്കയുടെ ചിത്രവും എന്റെ മനസിലുണ്ട്. പ്രാവുകളുടെതായ ലോകത്തില്‍ അവയുടെ ചലനവും പ്രതിചലനവും വീക്ഷിച്ച്, അതിന്റെ ഭാഷ മനസിലാക്കി അവയുമായി അദ്ദേഹം സംവേദനവും നടത്താറുണ്ട്. ഖാദര്‍ക്കയെ ഓര്‍ക്കുമ്പോള്‍ ആ പഴയ നല്ല കാലം എപ്പോഴും ഓര്‍മ്മയില്‍ വരും.
തയ്യാറാക്കിയത്: നദീം നൗഷാദ്
Comments
Post a Comment