തിരക്കഥ പരിഭാഷ/ നദീം നൗഷാദ്
അകിര കുറൊസാവ ലോകപ്രശസ്തനായ ജാപ്പനീസ് ചലച്ചിത്ര സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. 1943 മുതല്‍ 1993 വരെയുള്ള അന്‍പതു നീണ്ടവര്‍ഷങ്ങളില്‍ ലോകശ്രദ്ധയാകര്‍ഷിക്കുന്ന സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ലോക സിനിമയിലെ ഹോമര്‍ എന്ന പേരിലും കുറൊസോവ അറിയപ്പെടുന്നു. ലോകമഹായുദ്ധാനന്തരം ഇറങ്ങിയ കുറൊസാവ ചിത്രങ്ങള്‍ പഴയ ജപ്പാന്‍ ഭരണകൂടത്തെ വിമര്‍ശിക്കുന്നതായിരുന്നു. അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രമായ ഡ്രീംസിന്റെ മലയാളം തിരക്കഥയുടെ ഭാഗങ്ങള്‍
ഒരിക്കല്‍ ഞാനൊരു സ്വപ്‌നം കണ്ടു
സീന്‍ ഒന്ന്
പകല്‍
വീടിന്റെ മുന്‍വശം
പരമ്പരാഗത ജപ്പാനീസ് മാതൃകയിലുള്ള ഓട് മേഞ്ഞ ഒരു വീട്. വീടിന്റെ പടിപ്പുരയോട് ചേര്‍ന്ന് ഇരുഭാഗത്തും മതിലുകള്‍. മുറ്റത്ത് മൂന്ന് പായക്കൊട്ടയില്‍ എന്തോ ഉണക്കാനിട്ടിരിക്കുന്നത് കാണാം.
ഏതാണ്ട് ഏഴ് വയസ് പ്രായം തോന്നിക്കുന്ന ഒരാണ്‍കുട്ടി വീടിന്റെ ഗ്രില്‍സ് തുറന്ന് പുറത്ത് വരുന്നു. ഒരു വെള്ള ജപ്പാനീസ് കുര്‍ത്തയാണ് അവന്‍ ധരിച്ചിരിക്കുന്നത്. അവന്‍ മുറ്റത്തേക്ക് ഓടി വന്ന് പടിപ്പുര ഭാഗത്ത് നില്‍ക്കുന്നു. അപ്പോള്‍ ചെറുതായി മഴ പെയ്യാന്‍ തുടങ്ങുന്നു. നല്ല വെയിലുമുണ്ട്. അവന്റെ അമ്മ ഒരു തലകുടയും പിടിച്ച് വീടിന്റെ ഇടത് ഭാഗത്ത് നിന്ന് ഓടി വരുന്നു. മുറ്റത്ത് ഉണക്കാനിട്ട് രണ്ട് പായകുട്ടയും എടുത്ത് അവര്‍ അകത്തേക്ക് ഓടുന്നു. കുട്ടി ഇപ്പോള്‍ മഴ നനയാതെ മേല്‍ക്കൂരയുള്ള പടിപ്പുര ഭാഗത്താണ്. അമ്മ വീണ്ടും തലകുടയുമായി വീടിന്റെ അകത്തു നിന്നും ഓടി വരുന്നു.
അമ്മ(കുട്ടിയോട്): വീടിനകത്തേക്ക് പോയ്‌ക്കോ
(അമ്മ ആകാശത്തേക്ക് നോക്കുന്നു. മഴ പെയ്യുന്നുണ്ടെങ്കിലും സൂര്യന്‍ പ്രകാശിക്കുന്നുണ്ട്. ഈ കാലാവസ്ഥയിലാണ് കുറുക്കന്റെ കല്യാണം നടക്കുക. അപ്പോള്‍ ആരും കാണുന്നത് അവര്‍ക്കിഷ്ടമില്ല. ആരെങ്കിലും കണ്ടാല്‍ അവര്‍ക്ക് ദേശ്യം വരും.
അമ്മ ബാക്കി കുട്ടയും കൂടെയെടുത്ത് കുടയും പിടിച്ച് അകത്തേക്ക് ഓടുന്നു. മഴയുടെ ശക്തി കൂടി വരുന്നുണ്ട്. കുട്ടി അമ്മ പോയ ഭാഗത്തേക്ക് നോക്കി നില്‍ക്കുന്നു. വീണ്ടും മുന്നോട്ട് തിരിഞ്ഞ് എന്തോ ആലോചിച്ച് നില്‍ക്കുന്നു.
സീന്‍ രണ്ട്
പകല്‍
കാടിന്റെ ദൃശ്യം
നേര്‍ത്ത മഞ്ഞ് മൂടിയ കാടിന്റെ മനോഹരമായ ദൃശ്യം ഇടവിട്ട് വളര്‍ന്ന വലിയ മരങ്ങള്‍ക്കിടയില്‍ ഇടതൂര്‍ന്ന പച്ചപ്പുല്ലുകള്‍. മരങ്ങള്‍ക്കിടയിലൂടെ സൂര്യപ്രകാശം ചരിഞ്ഞ് പതിക്കുന്നത് കാണാം. മഞ്ഞ് മൂടിയ അന്തരീക്ഷവും നേര്‍ത്ത മഞ്ഞിലൂടെ സൂര്യപ്രകാശം വീഴുന്ന കാഴ്ചയും ഈ കാടിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു.
കുട്ടി കാട്ടിലൂടെ നടക്കുന്നു. അവന്‍ എല്ലാ ഭാഗത്തേക്കും നോക്കുന്നുണ്ട്. മഞ്ഞ് മൂടപ്പെട്ട ഒരു ഭാഗത്ത് നിന്ന് പുക ഉയരുന്നത് അവന്‍ കാണുന്നു. അതിനടുത്തേക്ക് നടക്കുന്നു. ഒരു മരത്തിന്റെ പിന്നില്‍ നിന്ന് പുകമഞ്ഞ് വരുന്ന ഭാഗത്തേക്ക് അവന്‍ നോക്കുന്നു. മഞ്ഞില്‍ നിന്ന് ചില രൂപങ്ങള്‍ തെളിഞ്ഞ് വരുന്നു. ഒരു ചെറിയ വാദ്യത്തിന്റെ ശബ്ദം കേള്‍ക്കുന്നു. അത് ഒരു കുറുക്കന്റെ വിവാഹ ഘോഷയാത്രയായിരുന്നു. താളത്തോടെ മെല്ലെ അടിവെച്ച ഘോഷയാത്ര നീങ്ങുന്നത് അവന്‍ കാണുന്നു. ഏറ്റവും മുന്നില്‍ നീലക്കോട്ടിട്ട രണ്ട് പേര്‍. അവരുടെ കയ്യില്‍ തെറിയ ചെണ്ട പോലുള്ള വാദ്യോപകരണമുണ്ട്. എല്ലാവരും വെളുത്ത മുഖംമൂടിയും താടിയും തൊപ്പിയും ധരിച്ചിരിക്കുന്നു. അവര്‍ താളത്തിനൊത്ത് ഇരിക്കുകയും നില്‍ക്കുകയും മുട്ട് കുത്തുകയും ചെയ്യുന്നു. വധു വെള്ള ഉടുപ്പും ശിരോവസ്ത്രവും വരന്‍ കറുത്ത കോട്ടും ചുവപ്പ് ശിരോവസ്ത്രവും ധരിച്ചിട്ടുണ്ട്. ചെറിയ മഴ പെയ്യുന്നുണ്ട്. നല്ല വെയിലുമുണ്ട്. കുട്ടി ഇതെല്ലാം ചെറിയ മരത്തിന് പിന്നില്‍ ഒളിഞ്ഞിരുന്ന് കാണുന്നുണ്ട്. ഘോഷയാത്രയിലെ കുറുക്കന്‍മാരുടെ സമീപ ദൃശ്യം. തന്നെ അവര്‍ കണ്ടെന്നു കരുതി കുട്ടി ഓടി മറയുന്നു.
സീന്‍ മൂന്ന്
കുട്ടിയുടെ വീടിന്റെ മുന്‍വശത്തെ പാതോരം.
കുട്ടി വീടിന്റെ മുന്നിലേക്ക് ഓടി വരുന്നു. പടിപ്പുര വാതിലിന് മുന്നില്‍ അവന്റെ അമ്മ നില്‍ക്കുന്നു.
അമ്മ(ഗൗരവത്തില്‍ ): അപ്പോള്‍ നീ അത് പോയി കണ്ടു, കാണാന്‍ പാടില്ലാത്തത്. അതുകൊണ്ട് എനിക്ക് നിന്നെ വീട്ടിനുള്ളില്‍ കയറ്റാന്‍ കഴിയില്ല, രോഷാകുലനായ ഒരു കുറുക്കന്‍ നിന്നെ അന്വേഷിച്ച് ഇവിടെ വന്നിരുന്നു. അവന്‍ ഇത് നിന്റെ കയ്യില്‍ തരാന്‍ പറഞ്ഞു(അമ്മ തന്റെ കയ്യിലുള്ള മുളവടി അവന് നേരെ നീട്ടുന്നു. അഴന്‍ അത് വാങ്ങി തുറന്ന് നോക്കുന്നു. അത് ചെറിയൊരു വാളായിരുന്നു)
അമ്മ: (നിശ്ച ദാര്‍ഢ്യത്തോടെ)- നീഇത് കൊണ്ട് സ്വയം മരിക്കണം. ഉടനെ പോയി അവരോട് മാപ്പ് ചോദിക്ക്. വാള്‍ തിരികെ കൊടുക്ക്.
(അമ്മ വീടിനകത്തേക്ക് തിരികെ പോയി വാതില്‍ അടക്കുന്നു).
സാധാരണയായി അവര്‍ ആര്‍ക്കും മാപ്പ് കൊടുക്കാറില്ല. നീ മരിക്കാന്‍ തയ്യാറായിക്കൊള്ളുക. പൊയ്‌ക്കോ… അവര്‍ നിനക്ക് മാപ്പ് തരാതെ നിന്നെ അകത്ത് കയറ്റാന്‍ കഴിയില്ല.
കുട്ടി: അവര്‍ എവിടെയാണ് താമസിക്കുന്നതെന്ന് എനിക്കറിയില്ല.
അമ്മ: അത് നീ തന്നെ കണ്ട് പിടിക്കണം. ഈ ദിവസങ്ങളില്‍ മഴവില്ലുകള്‍ ധാരാളമുണ്ടാകും. കുറുക്കന്‍മാര്‍ അതിന് താഴെയാണ് കഴിയുന്നത്.
അമ്മ വാതില്‍ അടക്കുന്നു. കുട്ടി കയ്യില്ഡ പിടിച്ച മുളവടിയുമായി വാതിലിന് നേരെ നടക്കുന്നു. വാതില്‍ തുറക്കാന്‍ ശ്രമിക്കുന്നു. പിന്നെ മുന്നോട്ട് നടക്കുന്നു.
സീന്‍ നാല്
പ്രഭാതം-പൂന്തോട്ടം
കുട്ടി ഇപ്പോള്‍ മനോരഹരമായ ഒരു പൂന്തോട്ടത്തിലാണ്. മഞ്ഞയും വെള്ളയും ചുവപ്പും പൂക്കള്‍ക്കിടയിലൂടെ അവന്‍ മെല്ലെ നടക്കുന്നു. കൈയ്യില്‍ അമ്മ കൊടുത്ത മുളവടിയുണ്ട്. പൂന്തോട്ടത്തില്‍ നിന്ന് അവന്‍ വിദൂരമായ മഞ്ഞ് മലകള്‍ കാണുന്നു. അവയില്‍ സൂര്യപ്രകാശം വീഴുന്നത് മഴവില്ലായി കാണുന്നു. അവന്‍ മഴവില്ലിലേക്ക് നടക്കുന്നു
ഫെയ്ഡ് ഔട്ട്…
Comments
Post a Comment